ശ്രീകുമാറിനെ അതില്‍ കണ്ട് ഞെട്ടി പോയി; ഇങ്ങനൊരു വേഷമായിരിക്കുമെന്ന് കരുതിയില്ലെന്ന് ഭാര്യ സ്‌നേഹ
മറിമായം എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. മണ്ഡോധരി എന്ന കഥാപാത്രത്തിലൂടെ സ്‌നേഹയും ലേലിതനായി ശ്രീകുമാറും തകര്‍ത്തഭിനയിച്ചിരുന്നു. ഈ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ ഇപ്പോള്‍ ജീവതത്തില്‍ ഒരുമിച്ചാണ്.
ലൊക്കേഷനില്‍ നിന്നുള്ള പരിചയത്തിന് പിന്നാലെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തുകയായിരുന്നു. അതേ സമയം ഇരുവരും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വിശേഷം. ഗര്‍ഭിണിയായതിന് പിന്നാലെ ഈ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ ഒരുമിച്ച് എത്തിയിരുന്നു.

ചില അസ്വസ്ഥതകള്‍ വന്ന് ആശുപത്രിയില്‍ പോയതിന് ശേഷമാണ് താന്‍ ഗര്‍ഭിണിയായെന്ന് അറിഞ്ഞതെന്നാണ് സ്‌നേഹ പറയുന്നത്. ഇതിന് പിന്നാലെ ഗര്‍ഭകാല വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ ഇരുവരും ചേര്‍ന്ന് പങ്കുവെച്ചു. ഇപ്പോള്‍ വീണ്ടും സില്ലി മോങ്ക് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സിനിമാ, സീരിയല്‍, കുടുംബ വിശേഷങ്ങളൊക്കെ പങ്കുവെക്കുകയാണ് താരദമ്പതിമാര്‍.
'മറിമായത്തിന്റെ സെറ്റില്‍ അധികമാരോടും സംസാരിക്കാത്ത ആളായിരുന്നു ശ്രീകുമാറെന്നാണ് സ്‌നേഹ പറയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ചിരി ഹിറ്റായി. ഇത് സിനിമയിലേക്കുള്ള അവസരം നേടി കൊടുക്കുകയും ചെയ്തു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലെ വില്ലന്‍ വേഷത്തിലെത്തിയാണ് ശ്രീകുമാര്‍ ഞെട്ടിച്ചത്. സത്യത്തില്‍ സിനിമയില്‍ അഭിനയിച്ചെന്ന് പറഞ്ഞാലും ഇങ്ങനൊരു വേഷമാണെന്ന് കരുതിയില്ലെന്നാണ്', സ്‌നേഹ അഭിപ്രായപ്പെട്ടത്.
മറിമായം സെറ്റില്‍ നിന്നും എല്ലാവരും കൂടി പോയാണ് സിനിമ കണ്ടത്. ഇയാള്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് കിടിലനൊരു വില്ലന്റെ എന്‍ട്രി. സത്യത്തില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ച് തനിക്കും വലിയ ധാരണ ഇല്ലായിരുന്നുവെന്നാണ് ശ്രീകുമാറും പറഞ്ഞത്.

ഇതിനിടെ വീട്ടിലെ പെറ്റ് ഡോഗിന്റെ സ്‌നേഹത്തെ കുറിച്ചും താരങ്ങള്‍ പറഞ്ഞിരുന്നു. 'ഓസ്‌കാര്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷം ക്ഷമ പഠിച്ചെന്നാണ് സ്‌നേഹ പറയുന്നത്. കാരണം എന്ത് പറഞ്ഞാലും അവന് മനസിലാവില്ല. ഞാന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളായിരുന്നു. അതുകൊണ്ട് കാര്യമില്ലെന്ന് പിന്നീട് മനസിലായി. മാത്രമല്ല ശ്രീയുമായിട്ടുള്ള വഴക്ക് കൂടുന്നത് കുറഞ്ഞത് ഓസ്‌കാര്‍ വന്നതിന് ശേഷമാണെന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു. ആളെ വെറുതേ തല്ലുന്നത് പോലെ കാണിച്ചാല്‍ മതി. അപ്പോഴെക്കും പ്രശ്‌നമുണ്ടാക്കി വരുമെന്ന്', സ്‌നേഹ പറയുന്നു.
മറിമായത്തിലെ മണ്ഡോധരി ഗര്‍ഭിണിയായി അഭിനയിച്ചിരുന്നു. ആ സമയത്തും താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നതായിട്ടാണ് സ്‌നേഹ പറയുന്നത്. ഒന്‍പത് മാസം ഗര്‍ഭിണിയായിട്ടാണ് അതില്‍ അഭിനയിക്കുന്നത്. ആ ഫോട്ടോ പുറത്ത് വന്നതോടെ നിറവയറില്‍ മണ്ഡോധരി, എന്നൊക്കെ പറഞ്ഞ് കുറേ വാര്‍ത്തകള്‍ വന്നു. തംപ്‌നെയില്‍ ആണിത്. ബാക്കി വാര്‍ത്തയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമാണെന്നൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അതൊന്നും ആരും വായിക്കില്ലല്ലോ. പിന്നെ അവരെയും പറഞ്ഞിട്ട് കാര്യമില്ല.

ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയാണെന്ന് പറഞ്ഞതോടെ വീണ്ടും ഗര്‍ഭിണിയായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. ആ സമയത്ത് കണ്‍ഗ്രാജുലേഷന്‍സ് അയച്ച് ചമ്മിപ്പോയവര്‍ നിരവധിയുണ്ട്. ഫേസ്ബുക്ക് നിറയെ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള മെസേജുകളാണ് വന്നിരുന്നതെന്ന് സ്‌നേഹ പറയുന്നു.
തന്റെ ചിരി കണ്‍ട്രോള്‍ ചെയ്യണമെന്ന് പലരും പറയാറുണ്ട്. പക്ഷേ അങ്ങനെ ചെയ്താല്‍ അത് അഭിനയമായി പോകും. കാരണം ഇത്ര ഉറക്കെ ചിരിക്കുന്നതാണ് ഞാന്‍. എന്റെ സ്വഭാവം അങ്ങനെ മാറ്റിയാല്‍ ഞാന്‍ ഞാനല്ലാതെ ആവില്ലേ എന്നാണ് സ്‌നേഹ ചോദിക്കുന്നത്. സത്യത്തില്‍ ഇവളുടെ വീട്ടില്‍ എല്ലാവരും രഹസ്യം പറയുന്നത് പോലും നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ പാകത്തിനാണെന്നാണ് ശ്രീകുമാര്‍ ഇതില്‍ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications