എസ്തര്‍, ശ്രിന്ദ നടിമാരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു; ഇത് വിഷമമുണ്ടാക്കുന്നതാണെന്ന് സ്‌നേഹ ശ്രീകുമാർ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. നിരവധി പരമ്പരകളിലും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും ഭാഗമായി സ്‌നേഹഹ എത്താറുണ്ട്. അത്തരത്തില്‍ കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൗഡ് സ്പീക്കര്‍ എന്ന പരിപാടി അവതരിപ്പിക്കുന്നതും നടി സ്‌നേഹയാണ്. ഒപ്പം നടി രശ്മിയും ഉണ്ട്. ഇരുവരും സിനിമാലോകത്ത് നടക്കുന്ന വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്.
എന്നാല്‍ മുന്‍പ് നടിമാരായ ശ്രിന്ദയെയും എസ്തര്‍ അനിലിനെ കുറിച്ചും പരിപാടിയില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാപകമായിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇതുമായിബന്ധപ്പെട്ട് സ്‌നേഹക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നു. വിഷയത്തില്‍ പ്രതികരിച്ച് ശ്രിന്ദയും എസ്തറും വന്നതോട് കൂടി വീണ്ടും ചര്‍ച്ചയായി. നടിമാരുടെ പ്രതികരണം വന്നതിന് പിന്നാലെ വിശദീകരണം നല്‍കി കൊണ്ട് നടി സ്‌നേഹ ശ്രീകുമാറും എത്തിയിരിക്കുകയാണ്. സ്‌നേഹ പങ്കിട്ട പോസ്റ്റ് കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധേയമാവുകയാണ്.

''സ്‌നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ് സ്പീക്കര്‍ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപത്രങ്ങള്‍ പറയുന്നത്.
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.
എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനുറ്റിന് സമയമെടുത്തു. ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്. പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും. പ്രോഗ്രാം താരങ്ങളുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ മുഴുവനായി അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ ആസ്വദിക്കാറുമുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ടെന്നും സ്‌നേഹ ശ്രീകുമാര്‍ പറയുന്നു.

അതേ സമയം നടി ശ്രിന്ദയുടെ കുറിപ്പ് നേരത്തെ വൈറലായിരുന്നു. ''ഇത് 2021 ല്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും (ഏതാണ്ട്) ടോക്‌സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്. സത്യത്തില്‍ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്‍പര്യമില്ല (കാരണം ഇത് അര്‍ഹിക്കുന്നില്ലെന്നത് തന്നെ). പക്ഷെ ഞാനിത് ഇന്ന് എഴുതുന്നത് ഇത് എന്നേക്കാള്‍ വളരെ വലുതാണെന്ന് മനസിലാക്കുന്നത് കൊണ്ടാണ്. ഇതുപോലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയും വളരാന്‍ പാടില്ല.
Recommended Video
കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ ചാനലില്‍ കൊടുക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കണ്ടന്റുകളെ കുറിച്ച് കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കുമ്പോള്‍. ഇതുപോലെയുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതല്ലേ. എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈല്‍ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം അതിക്രമിച്ചിരിക്കുകയാണ്. ആണ്‍കുട്ടികളേ പെണ്‍കുട്ടികളേ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക, നിങ്ങളെ എക്‌സ്പ്രസ് ചെയ്യുക, ഇവിടെയിതാ ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ പഠിക്കുകയാണ്, എന്റെ പ്രിയപ്പെട്ട കലയുടെ, ഫാഷനിലൂടേയും സിനിമയിലൂടേയും എന്നെ എക്‌സ്പ്രസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കു വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. അതുകൊണ്ട്. ഫോട്ടോഷൂട്ടുകള്‍ നിര്‍ത്താന്‍ പോകുന്നില്ല. ഒരു റാണിയെന്ന നിലയില്‍ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവര്‍ക്കും ഇന്നത്തേക്ക് നന്ദി. എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ ശ്രിന്ദ പറഞ്ഞത്.


Click it and Unblock the Notifications