ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം?, നിങ്ങളുടെ വീട്ടിൽ വന്ന് ചിലവിന് ചോദിച്ചില്ലല്ലോ; നടി മായ വിശ്വനാഥ്
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. അടുത്തിടെയാണ് തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ മായ ആരംഭിച്ചത്. ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ താൻ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ച് മായ മനസ് തുറന്നു. താൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ചില ഓൺലൈൻ മീഡിയകൾ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്ന് മായ പറയുന്നു.
മാത്രമല്ല ഇതിന്റെ പേരിൽ വളരെ മോശം കമന്റുകളാണ് തനിക്ക് എതിരെ വരുന്നതെന്നും മായ പറയുന്നു. കല്യാണം കഴിച്ചിട്ട് എന്ത് കിട്ടാൻ?. കല്യാണം കഴിച്ചിട്ട് എന്തെങ്കിലും കിട്ടുമായിരുന്നുവെങ്കിൽ ഞാൻ ആയിരം കല്യാണം കഴിക്കാം എന്ന സ്റ്റേറ്റ്മെന്റ് തന്റെ ഫോട്ടോ ഉപയോഗിച്ച് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിച്ചുവെന്നാണ് മായയുടെ ആരോപണം.

ഇനിയും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമത്തിന്റെ വഴിക്ക് നീങ്ങി ശക്തമായ നടപടി സ്വീകരിക്കാനും മായ തീരുമാനിച്ചിട്ടുണ്ട്. മായയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ കൊടുത്തിട്ടില്ലാത്ത സ്റ്റേറ്റ്മെന്റുകൾ എന്റെ പേരിൽ പ്രചരിക്കുന്നു. അവയൊന്നും ഞാൻ പറഞ്ഞതല്ല. ഒരു ഓൺലൈൻ മീഡിയയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഞാൻ വാണിങ് കൊടുത്തിരുന്നു. അത് അവർ പക്ഷെ അനുസരിച്ചില്ല.
ഞാൻ പറയാത്ത കാര്യങ്ങൾ കൂടി ചേർത്താണ് പലതും പുറത്ത് വിടുന്നത്. ഇതുവരെ ഞാൻ പോട്ടെയെന്ന് വെച്ചു. ഇനി ഞാൻ നിയമപരമായി നീങ്ങും. വദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ?. അതോ വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകവും ബോധവും നശിച്ച് പോയതാണോ?. എല്ലായിടത്തും ചിരിച്ചുകൊണ്ടാണ് പരമാവധി നിൽക്കാറുള്ളത്.
കമന്റ്സിടുന്നവരോട് എനിക്ക് പറയാനുള്ളത്... എല്ലാം അറിഞ്ഞശേഷം മാത്രം കമന്റിടുക. പിന്നെ ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം?. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രശ്നമില്ല. പിന്നെ ആർക്കാണ് കുഴപ്പം?. ചെറുപ്പം മുതൽ സ്വയം അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത്. ആരുടെ മുന്നിലും ഞാൻ കൈ നീട്ടിയിട്ടില്ല. നടിയായതുകൊണ്ട് എന്തും പറയാമെന്നാണോ?.
വിവാഹത്തെ കുറിച്ച് ഞാൻ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന കാര്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ സുഹൃത്തുക്കളാണ് എനിക്ക് അയച്ച് തന്നത്. അവർക്ക് കമന്റ്സ് കണ്ടിട്ട് വിഷമം തോന്നിയിട്ട് എന്നോട് പറഞ്ഞു. ഞാൻ വിവാഹം കഴിക്കാത്തതുകൊണ്ട് കമന്റ്സിടുന്നവരുടെ വീട്ടിൽ വന്ന് ചിലവിന് ചോദിച്ചില്ലല്ലോ?. അതോ നിങ്ങളുടെ വീട്ടിലെ ആണുങ്ങളെ പിടിക്കാൻ വന്നോ?. ഇല്ലല്ലോ... അതുകൊണ്ട് എന്റെ പ്രൈവസിയിൽ വന്ന് ആരും കളിക്കേണ്ട.

ക്ഷമിക്കുന്നതിന് പരിധിയുണ്ട്. അടുത്തിടെയാണ് ഞാൻ ഫേസ്ബുക്ക് തുടങ്ങിയത്. അതിന് മുമ്പ് എന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ആരൊക്കയോ ഫേസ്ബുക്കിൽ ഉണ്ടാക്കിയിരുന്നു. അത് പിന്നീട് ഞാൻ അറിഞ്ഞു. അതുപോലെ സോഷ്യൽമീഡിയയിൽ ഞാൻ എന്ത് കണ്ടന്റ് ഇട്ടാലും അത് എന്റെ ഇഷ്ടമാണ്. അതുപോലെ എന്റെ ശബ്ദത്തിൽ പലരും സംസാരിച്ചതായും ഞാൻ അറിഞ്ഞു.
എന്റെ സെൽഫ് റെസ്പെക്ട് ഞാൻ ആരുടേയും മുന്നിൽ പണയം വെച്ചിട്ടില്ല. അതുകൊണ്ട് ഞാൻ സൈബർ സെല്ലിൽ പരാതിപ്പെടും മുമ്പ് എന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതാണ് അത് തുടങ്ങിയവർക്ക് നല്ലത് എന്നും മായ താക്കീത് നൽകി പറഞ്ഞു. അടുത്തിടെ മുതലാണ് മായ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്.
സമൂഹമാധ്യമങ്ങളിൽ സജീവമായാലുള്ള പ്രശ്നങ്ങൾ ഓർത്ത് തന്നെയാണ് ഇത്രയും കാലം താൻ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതെന്നും മായ പറയുന്നു. സമൂഹമാധ്യമങ്ങളുടെ വരവോടെ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന ഒരു വിഭാഗം സ്ത്രീകളാണ്.


Click it and Unblock the Notifications











