വിവാഹത്തിന് മുന്‍പെ ഡിവോഴ്‌സ് ആയി എന്ന് പറഞ്ഞത് വേദനിപ്പിച്ചു! തുറന്നുപറഞ്ഞ് മീര അനില്‍
എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരാ അനില്‍. വേറിട്ട അവതരണ ശൈലിയുമായി മുന്നേറിയ മീരയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. കോമഡി സ്റ്റാര്‍സ് ആയിരം എപ്പിസോഡുകള്‍ പിന്നിട്ടതിന് പിന്നാലെയാണ് മീരയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മീരാ അനിലിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് മീരയ്ക്കും വിഷ്ണുവിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും മീര മുന്‍പ് അറിയിച്ചിരുന്നു. ഈ വര്‍ഷമാദ്യം ആയിരുന്നു മീരയുടെയും വിഷ്ണുവിന്റെ വിവാഹ നിശ്ചയം നടന്നത്.

നിശ്ചയത്തിന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിന് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ചാളുകള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. താലികെട്ടുംമുന്‍പ് കരഞ്ഞുപോയതിന്റെ കാരണം അഭിമുഖത്തില്‍ മീര തുറന്നുപറഞ്ഞു.
Recommended Video

രണ്ടാണ് കാരണം. ഒന്ന് എറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചുതുടങ്ങുന്നതിന്റെ സന്തോഷം, മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിന്റെ വിഷമം. ഞാന്‍ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുളള ആളുമാണ് ഞാന്‍. വിവാഹത്തിന്‌റെ അന്ന് അച്ഛനും ഭയങ്കര കരച്ചിലായിരുന്നു. നിശ്ചയത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുത്തപ്പോള്‍ കല്യാണത്തിന് അമ്പത് പേരാണ് പങ്കെടുത്തതെന്നും മീര പറയുന്നു.

എനിക്ക് വേണ്ടി എറ്റവും കൂടുതല്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന അമ്പത് പേരും ആ വിവാഹ നാളില്‍ ഒപ്പമുണ്ടായതില്‍ സന്തോഷം. അതിന് ഒരു മനോഹാരിതയുണ്ടായിരുന്നു, മീര പറയുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വന്ന ഡിവോഴ്‌സ് വാര്‍ത്തകളെക്കുറിച്ചും മീര അനില്‍ തുറന്നുപറഞ്ഞു. നിശ്ചയം നടന്നിട്ട് ആറുമാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു.

ഞാന്‍ പലയിടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നിലല്ലോ, എന്താ ഡിവോഴ്‌സ് ആണോ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്ന് പറഞ്ഞു പറഞ്ഞു മടുത്തു. ലോക് ഡൗണ്‍ ആയപ്പോള്‍ എനിക്കും വിഷ്ണുവിനും കാണാന്‍ പറ്റുമായിരുന്നില്ല. എപ്രില്‍ തൊട്ട് എഴുപത് എണ്‍പത് ദിവസം ഞങ്ങള്‍ നേരില്‍ കണ്ടിട്ടില്ല. അതിന്റെ സങ്കടത്തിനിടെയാണ് ഈ ചോദ്യം.

ലോകം ഇത്തരം ഒരു വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ മറ്റുളളവരുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചോ എന്നറിയാനാണ് ആളുകള്‍ക്ക് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശ, മീര പറയുന്നു. അതിനിടെ വലിയ വേദനയുണ്ടാക്കിയ മറ്റൊരു സംഭവത്തെക്കുറിച്ചും മീര തുറന്നുപറഞ്ഞു. ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് കാറില്‍ ചെന്നിറങ്ങുമ്പോള്‍ ഒരു ചേച്ചി വന്ന് കാറിനകത്തേക്ക് എന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാ 'യൂടുബില്‍ കല്യാണം കഴിഞ്ഞത് കണ്ടു.

ഭര്‍ത്താവ് ഒപ്പം ഇല്ലേ എന്ന്? കല്യാണമല്ല, നിശ്ചയമാണ് കഴിഞ്ഞത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ആയി എന്ന് യൂടൂബില്‍ കണ്ടല്ലോ എന്നാണ് അവര്‍ പറഞ്ഞത്. അതുകേട്ട് ഞാന്‍ അന്തംവിട്ടുനിന്നുപോയി, മീര പറയുന്നു. അടുത്തിടെ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കൂടൂതല്‍ കിട്ടിയ കമന്റേതാണെന്ന് ചോദിച്ചപ്പോള്‍, പത്ത് കമന്റില്‍ ആറ് കമന്റും ഞാന്‍ കണ്ടത് എന്‍ഗേജ്‌മെന്റു പോലെ ഡിവോഴ്‌സും ഇവരൊക്കെ ആഘോഷിക്കേണ്ടതല്ലേ എന്നാണെന്ന് ഞാന്‍ പറഞ്ഞു.

അതോടൊപ്പം ആദ്യം ഞങ്ങള്‍ ഒന്ന് കല്യാണം കഴിച്ചോട്ടെ പിന്നെ ഡിവോഴ്‌സിനെക്കുറിച്ച് പറയാം എന്നും ഞാന്‍ തമാശയായി പറഞ്ഞു. പക്ഷേ അഭിമുഖം വന്നപ്പോള്‍ അവര്‍ ഇട്ട ഹെഡ്ഡിങ്ങ് ഡിവോഴ്‌സിനെപറ്റി മീര എന്നാണ്. അത് തുറന്നുപോലും നോക്കാത്ത ആളുകള്‍ കരുതിയത് ഞാന്‍ കല്യാണം കഴിച്ച് ഡിവോഴ്‌സും ആയി എന്നാണ്. അവരോടൊക്കെ എന്താണ് പറയുക. അഭിമുഖത്തില്‍ മീര അനില്‍ പറഞ്ഞു


Click it and Unblock the Notifications