ഞാൻ ചൈനയിൽ ജനിക്കേണ്ടയാളായിരുന്നു, മരിക്കാതിരിക്കാനുള്ള കാര്യങ്ങൾ ഞാൻ അന്വേഷിക്കാറുണ്ട്; ബ്ലെസ്ലി പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി എന്ന പേര് മലയാളികൾക്ക് സുപരിചിതമാകുന്നത്. ഇതുവരെ ബിഗ് ബോസിൽ മത്സരിച്ചിട്ടുള്ളവരിൽ ഗെയിമുകളെല്ലാം മനസിലാക്കി മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടുള്ള മത്സരാർത്ഥി കൂടിയാണ് താരം. നാലാം സീസണിലെ ഫസ്റ്റ് റണ്ണറപ്പായ താരത്തിന് നിരവധി ആരാധകരെ ബിഗ് ബോസിന്റെ ഭാഗമായശേഷം ലഭിച്ചിരുന്നു.
ഷോയ്ക്കുശേഷം യാത്രകളാണ് ബ്ലെസ്ലിയുടെ പ്രധാന വിനോദം. പുതിയ കാര്യങ്ങൾ പഠിക്കാനും അറിയാനും പരീക്ഷിക്കാനും താൽപര്യമുള്ള ബ്ലെസ്ലി ബിഗ് ബോസിനുശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ. ബിഗ് ബോസിനുശേഷം ജീവിതം മാറിയതായി തോന്നിയിട്ടില്ലെന്നും ബിഗ് ബോസ് പോയത് തനിക്കുണ്ടായ ഡൗൺ ഫാളായാണ് തോന്നിയതെന്നും ബ്ലെസ്ലി പറയുന്നു.

സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ബിഗ് ബോസിന് മുമ്പ് ഞാൻ അധികം യാത്ര ചെയ്യുമായിരുന്നില്ല. ഇപ്പോൾ ഒരുപാട് യാത്രകൾ ചെയ്യുന്നുണ്ട്. പൈസ കിട്ടിയതുകൊണ്ടാണ് യാത്ര ചെയ്ത് തുടങ്ങിയത്. ബിഗ് ബോസിനുശേഷം ആദ്യം ദുബായിലേക്കാണ് പോയത്. പിന്നീട് സൗദി, തായ്ലന്റ്, ചൈന, സിംഗപ്പൂർ എല്ലാം പോയി.
പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ചൈനയാണ്. വേറെ ലെവൽ രാജ്യമാണ്. കണ്ടാലും തീരാത്തത്ര രീതിയിൽ വ്യാപിച്ച് കിടക്കുകയാണ്. യാത്ര എനിക്ക് ഇഷ്ടമായിരുന്നു. പൈസയാണ് എന്നെ ലിമിറ്റ് ചെയ്തിരുന്നതെന്ന് പിന്നീട് മനസിലായി. ബിഗ് ബോസിന് മുമ്പ് ഇന്ത്യയാണ് ഏറ്റവും വലിയ സംഭവം എന്നാണ് ഞാൻ കരുതിയിരുന്നത്. ബിഗ് ബോസിനുശേഷം എനിക്ക് മനസിലായി വളരെ ചെറിയൊരു ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്ന്.
നമ്മൾ കാണാത്ത വലിയൊരു ലോകമുണ്ട്. യാത്ര ചെയ്ത് തുടങ്ങിയപ്പോൾ ആ ലോകം കണ്ട് തുടങ്ങി. ബിഗ് ബോസ് എന്റെ ലൈഫ് മാറ്റിയിട്ടൊന്നുമില്ല. ഞാൻ തന്നെയാണ് എന്റെ ലൈഫ് മാറ്റിയത്. ബിഗ് ബോസ് പോയത് എനിക്കുണ്ടായ ഡൗൺ ഫാളായാണ് തോന്നിയത്. കാരണം അവിടെ പോയില്ലായിരുന്നുവെങ്കിൽ ഇന്ത്യ മൊത്തമോ അല്ലെങ്കിൽ ഏഷ്യമൊത്തമോ ഞാൻ ഫെയ്മസായേനെ. ഇപ്പോൾ കേരളത്തിൽ മാത്രമെ ഞാൻ അറിയപ്പെടുന്നുള്ളു.
റീൽസും പാട്ടും വഴി ഞാൻ ഫെയ്മസായേനെ. ബിഗ് ബോസിൽ പോയശേഷം എന്റെ ബ്രെയിൻ ആവശ്യമില്ലാത്ത ചില ലൂപ്പിൽ പെട്ടുപോയി. പക്ഷെ കേരളത്തിലെ ആളുകൾ എന്നെ സ്നേഹിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബിഗ് ബോസിനുശേഷം സിനിമ അവസരങ്ങൾ നിരവധി വന്നിരുന്നു. പക്ഷെ അതൊരു കോർപ്പറേറ്റ് ജോബായാണ് തോന്നിയത്.

ഒരു പരസ്യത്തിൽ ഞാൻ അഭിനയിച്ചിരുന്നു. എനിക്ക് എന്റെ അഭിനയം ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളിൽ പക്ഷെ റീടേക്ക് വേണമെന്ന് പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. ബിഗ് ബോസിൽ പോകാനുള്ള താൽപര്യം പരിചയമുള്ള ആരെങ്കിലും പ്രകടിപ്പിച്ചാൽ പോകാൻ ഞാൻ പിന്തുണയ്ക്കും. ഓപ്പർച്യൂനിറ്റീസ് നമ്മൾ നോക്കണം. ചിലപ്പോൾ അവർക്ക് അതാകും ബെസ്റ്റ്. അലമ്പ് സ്വഭാവമുള്ളവരാണെങ്കിൽ പോകേണ്ടെന്ന് പറയും.
പത്ത് വർഷം കഴിഞ്ഞാൽ ഞാൻ ചൈനയിലായിരിക്കും. അവിടെ പോയപ്പോൾ എനിക്ക് മനസിലായി ഞാൻ അവിടെ ജനിക്കേണ്ടവനായിരുന്നുവെന്ന്. ലൈഫ് സ്റ്റോറിക്ക് ഒരു ഡെപ്തുണ്ടാവും. ഇന്ത്യയിൽ ജനിച്ച് ചൈനയിലേക്ക് പോകുന്നതാണ് നല്ലത്. ഇഷ്മുള്ളത് അന്വേഷിച്ച് പോകുന്നയാളാണ് ഞാനെന്ന് എന്നെ പരിചയമുള്ളവർ പറയാറുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയെ കണ്ട് ഞാൻ ഇൻസ്പെയറായിട്ടുണ്ട്. മരിക്കാതിരിക്കാനുള്ള കാര്യങ്ങൾ ഞാൻ അന്വേഷിക്കാറുണ്ട്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. തേങ്ങ ഉപയോഗിക്കുന്നത് കൊണ്ടാണ് നമ്മൾ ഒരുപാട് വർഷം ജീവിച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. കാരണം ഒരു തെങ്ങിന്റെ ആയുസ് 72 വർഷമാണെന്നാണ് പഠനങ്ങൾ. ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിച്ച് എന്റെ മണ്ടത്തരങ്ങളിലാണ് ഞാൻ ജീവിക്കുന്നതെന്നും ബ്ലെസ്ലി പറയുന്നു.


Click it and Unblock the Notifications











