പ്രേക്ഷകരുടെ പ്രിയപ്പെട്ട ശക്തിമാൻ വീണ്ടും എത്തുന്നു; വെളിപ്പെടുത്തലുമായി നടൻ മുകേഷ് ഖന്ന
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിച്ച പരമ്പരയായിരുന്നു ശക്തിമാൻ. 1990 കളിലെ പ്രേക്ഷകരുടെ ഹീറോയായിരുന്നു ശക്തിമാൻ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വീണ്ടും ശക്തിമാൻ ചർച്ചയാകുകയാണ്. ലോക്ഡൗൺ കാലത്ത് ക്ലാസിക് പരമ്പരകളായ രാമായണവും മഹാഭാരതവും തിരികെ എത്തിയപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട പരമ്പരയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നുള്ള ആവശ്യം ശക്തിപ്പെടുകയാണ്. സോഷ്യൽമീഡിയയിൽ ശക്തിമാൻ ഹാഷ്ടാഗുകൾ ശക്തമാകുകയാണ്. ഞങ്ങളുടെ ബാല്യകാല ഹീറോയെ മക്കളും കാണട്ടേ, ശക്തിമാനെ ഞങ്ങൾ മിസ് ചെയ്യുന്നു, ദയവായി ശക്തിമാന്റെ സംപ്രേക്ഷണം ചെയ്യൂ.. തുടങ്ങുന്ന ട്വീറ്റുകളും വ്യാപകമാകുന്നുണ്ട്.
ജനങ്ങളുടെ നിരന്തരമായുള്ള അഭ്യർഥന മാനിച്ച് ശക്തിമാൻ തിരികെ എത്തുകയാണ്. ശക്തിമാനായി വേഷമിട്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന മുകേഷ് ഖന്നയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ബോംബെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഫേസ്ബുക്ക് പേജിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ശക്തിമാന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനയും നൽകിയിട്ടുണ്ട്.
"കഴിഞ്ഞ മൂന്ന് വർഷമായി ശക്തിമാനിൻരെ രണ്ടാം ഭാഗം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. പുതിയ രീതിയിൽ, നമ്മുടെ മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു ശക്തിമാനാവും അത്. പ്രേക്ഷകർ രണ്ടാം ഭാഗത്തിന് ആവശ്യപ്പെടുന്നുണ്ട്. ശക്തിമാൻ പുന:സംപ്രേഷണം ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. വൈറസ് ബാധ ഒഴിഞ്ഞ് തിരികെ ജീവിതം പഴയ നിലയിലാകുമ്പോൾ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുകയുമാവാം"- അദ്ദേഹം പറഞ്ഞു.

1997 ലാണ് ദുരദർശനിൽ ആദ്യമായി ശക്തിമാൻ സംപ്രേക്ഷണം ആരംഭിക്കുന്നത്. ഹിന്ദിയിൽ ആരംഭിച്ച പരമ്പര പിന്നീട് പ്രാദേശിക ഭാഷകളിലേയ്ക്കും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. വളരെ പെട്ടെന്ന് ശക്തിമാൻ കുട്ടികളുടെ ഹീറോയായിമാറുകയായിരുന്നു. ശക്തിമാൻ ഗംഗാധർ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലായിട്ടായിരുന്നു മുകേഷ് ഖന്ന പ്രത്യക്ഷപ്പെട്ടത്.
1997 സെപ്തംബർ 13ന് സംപ്രേഷണം ആരംഭിച്ച ശക്തിമാൻ 2005 മാർച്ച്27നാണ് അവസാനിക്കുന്നത്. 520 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.പോഗോ, സ്റ്റാർ ഉത്സവ് അടക്കം മറ്റു പല ചാനലുകളിലായി പല ഭാഷകളിൽ ശക്തിമാൻ പുന:സംപ്രേഷണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാസികകളിലും സിനിമകളും അനിമേറ്റഡ് സീരീസുകളുമടക്കം പലതവണ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.


Click it and Unblock the Notifications











