500 രൂപ പോലുമില്ല? രമേഷ് പിഷാരടിയുടെ കുര്‍ത്തയുടെ വില കേട്ടാല്‍ ഞെട്ടുമെന്ന് മുരളി തുമ്മാരുകുടി
സംവിധായകനായി കഴിവ് തെളിയിച്ചെങ്കിലും രമേഷ് പിഷാരടി അവതാരകനായിട്ടാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓര്‍മ്മയില്‍ എന്നും എന്ന പരിപാടിയാണ് പിഷാരടി അവതരിപ്പിക്കുന്നത്. മരിച്ച് പോയ മലയാളത്തിലെ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തുന്ന പരിപാടിയാണിത്.
മെയിന്‍ അവതാരകനായതിനാല്‍ ഓരോ ദിവസവും വ്യത്യസ്തമായ കോസ്റ്റിയൂമാണ് പിഷാരടി ധരിക്കാറുള്ളത്. അങ്ങനെ അടുത്തിടെ അദ്ദേഹം ധരിച്ചൊരു കുര്‍ത്തയുടെ വിലയെ കുറിച്ചുള്ള കഥ വൈറലാവുകയാണ്. പിഷാരടിയുടെ കുര്‍ത്ത ഇഷ്ടപ്പെട്ട് അതുപോലൊരെണ്ണം സംഘടിപ്പിച്ചെന്ന് പറഞ്ഞ് മുരളി തുമ്മാരുകുടി പങ്കുവെച്ചൊരു കുറിപ്പാണ് ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. മാത്രമല്ല ശരിക്കും ഈ കുര്‍ത്തയുടെ വില കേട്ടാല്‍ ആരും ഞെട്ടുമെന്നതാണ് കമന്റിലൂടെ ആരാധകര്‍ വ്യക്തമാക്കിയത്.

'രമേഷ് പിഷാരടിയുടെ കുര്‍ത്തയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! സാമ്പത്തിക കാര്യങ്ങളില്‍ ഡോ. ടി.എം തോമസ് ഐസക് ഇടതുപക്ഷവും ഞാന്‍ വലതുപക്ഷവും ആണെങ്കിലും കുര്‍ത്തയുടെ കാര്യത്തില്‍ അദ്ദേഹം ആണ് എന്റെ റോള്‍ മോഡല്‍. അഞ്ജലി ചന്ദ്രന്‍ ആണ് എന്റെ കുര്‍ത്തയുടെ സെലക്ഷനും സ്റ്റിച്ചിംഗും പത്തുവര്‍ഷമായി ചെയ്യുന്നത്. ഇടക്കൊക്കെ റെയ്മൗണ്ട് ആലുവയിലെ ടെയ്‌ലര്‍ മാസ്റ്റര്‍.
ഇങ്ങനെയിരിക്കുമ്പോഴാണ് ശ്രീ രമേഷ് പിഷാരടിയുടെ ഓര്‍മ്മയില്‍ എന്നും സിദ്ധിഖ് എന്ന എപ്പിഡോസ് കാണുന്നത്. അതില്‍ അദ്ദേഹം ധരിച്ചിരുന്ന കുര്‍ത്ത എന്നെ ഹഠാദാകര്‍ഷിച്ചു. അദ്ദേഹം യുവകോമളനും സിനിമാതാരവും ഒക്കെ ആയതിനാല്‍ ഏറെ വിലയുള്ള ഒന്നായിരിക്കും അദ്ദേഹത്തിന്റെ ഡ്രസ് എന്നെനിക്കറിയാമായിരുന്നു. പ്രത്യേകിച്ചും ഒരു ടി വി ഷോയില്‍ ഉപയോഗിച്ചത്. ഓരോ എപ്പിസോഡിനും ഓരോ ഡിസൈനിലുള്ള കുര്‍ത്തയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചം.
എന്നാലും ഇഷ്ടപ്പെട്ടസ്ഥിതിക്ക് സാധനം കണ്ടുപിടിച്ചേ പറ്റൂ. എന്റെ സുഹൃത്ത് വിനു ജെ ജോര്‍ജ് ആണ് വിവരം സംഘടിപ്പിച്ചത്. വിലകേട്ട് ഞാന്‍ ഞെട്ടി, എന്നാലും ഒരെണ്ണം സംഘടിപ്പിച്ചു. ഇന്ന് ട്രിയറില്‍ കാള്‍ മാര്‍ക്‌സ് മ്യൂസിയം കാണാനെത്തിയപ്പോള്‍ ആ ചെന്താരകം എടുത്തണിഞ്ഞു! ഹാ, സന്തോഷമായി, നന്ദി വിനു, നന്ദി രമേഷ്...' എന്നും പറഞ്ഞാണ് മുരളി തുമ്മാരുകുടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചത് പോലെ പിഷാരടിയുടെ കുര്‍ത്തയുടെ വില എത്രയാണെന്ന് അറിയാന്‍ ആകാംഷയോടെ എല്ലാവരും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പോസ്റ്റ് അവസാനിപ്പിക്കുമ്പോഴും അദ്ദേഹം വിലവിവരം കൊടുത്തിട്ടില്ല. ഇതോടെ വില പറയണമെന്നും അത് പറയാതെ വിടുമെന്ന് തോന്നണ്ടെന്നും തുടങ്ങിയ കമന്റുകളുമായി ആളുകളെത്തി.
പിഷാരടിയുടെ കുര്‍ത്ത നല്ലതാണെന്നും നിങ്ങളിട്ടപ്പോഴും ചേരുന്നുണ്ടെന്നുമൊക്കെ ചിലര്‍ പറയുന്നുണ്ടെങ്കിലും ഇത് സ്ത്രീകളുടെ നൈറ്റി അല്ലേ, 250 രൂപ മുതല്‍ ലഭ്യമാണല്ലോ എന്ന ചോദ്യങ്ങളും വരുന്നുണ്ട്. ഇതിനിടയില്‍ കുര്‍ത്തയുടെ യഥാര്‍ഥ വിലയും അത് ഫ്‌ളിപ്കാര്‍ട്ടില്‍ കിട്ടുമെന്നും സ്‌ക്രീന്‍ഷോര്‍ട്ട് സഹിതം ഒരാള്‍ തെളിവുകളുമായിട്ടെത്തി. അദ്ദേഹത്തോട് മിണ്ടരുതെന്നുള്ള ആംഗ്യമാണ് മുരളി കാണിച്ചിരിക്കുന്നത്. ഇതോടെ ആ വില സത്യമായിരിക്കുമെന്ന് വ്യക്തമായി.
പിഷാരടി പരിപാടിയില്‍ ധരിച്ചതിനോട് സമാനമായൊരു കുര്‍ത്തയുടെ ഫോട്ടോയാണ് ഒരു ആരാധകന്‍ പുറത്ത് വിട്ടിരിക്കുന്നത്. കോട്ടണ്‍ ബ്ലെന്‍ഡ് ആയിട്ടുള്ള സ്‌ട്രെയിറ്റ് കുര്‍ത്തയായിരുന്നു പിഷാരടി ധരിച്ചത്. ഫ്‌ളിപ്കാര്‍ട്ടിലെ വില പ്രകാരം ഏകദേശം 436 രൂപയാണ് കുര്‍ത്തയ്ക്ക് വരിക. ഇത്രയും വില കുറഞ്ഞ വസ്ത്രമൊക്കെ ഒരു ടെലിവിഷന്‍ പരിപാടിയ്ക്ക് വേണ്ടി പിഷാരടിയെ പോലുള്ള വലിയ താരങ്ങള്‍ ധരിക്കുമോ എന്നാണ് ചോദ്യങ്ങള്‍. എന്തായാലും കാണാന്‍ നല്ല ഭംഗിയുണ്ടെന്നാണ് പൊതുവായ അഭിപ്രായം.


Click it and Unblock the Notifications











