ഈ വേദിയിൽ ഇങ്ങനൊരു വിഡ്ഢിത്തം ചോദിക്കരുതായിരുന്നു; കാളരാഗത്തെ കുറിച്ച് ചോദിച്ച അവതാരകയോട് കയർത്ത് ശരത്!
റിയാലിറ്റി ഷോകളിൽ പാട്ടിന്റെ ഇഴ കീറി പരിശോധിച്ച് സംഗതികളെ കുറിച്ച് വാചാലനാകുന്ന വിധികർത്താവ്. സ്റ്റുഡിയോയിൽ സംഗതികളിട്ട് ഗായകരെ വെള്ളം കുടിപ്പിക്കുന്ന സംഗീത സംവിധായകൻ ഇതൊക്കെയാണ് സംഗീത സംവിധായകൻ ശരത്തിനെപ്പറ്റി ഏതൊരു മലയാളിയുടെയും മുൻധാരണകൾ. എന്നാൽ ശരത് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ സജീവമായശേഷം പ്രേക്ഷകർക്കുണ്ടായിരുന്ന അത്തരം തെറ്റിദ്ധാരണകളെല്ലാം മാറി. സംഗീത സംവിധായകൻ എന്നതിലപരി ഐഡിയ സ്റ്റാർ സിങറിലെ ശരത് സാറിനാണ് ആരാധകർ ഏറെയും.
സംഗീത റിയാലിറ്റിഷോകളിൽ വിധി കർത്താവായി വർഷങ്ങളായി സജീവമാണ് ശരത്. ഇപ്പോൾ അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മൂന്ന് വിധി കർത്താക്കളിൽ ഒരാളാണ് ശരത്. പ്രായഭേദമന്യേ എല്ലാവരോടും സൗമ്യമായി സരസമായും പെരുമാറാറുള്ള ശരതിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.

സ്റ്റാർ സിങർ റിയാലിറ്റി ഷോയുടെ അവതാരകയായ പാർവതി ബാബുവിനോട് കയർക്കുന്ന ശരത്താണ് വീഡിയോയിലുള്ളത്. സംഗീതവുമായി ബന്ധപ്പെട്ട് പാർവതി ചോദിച്ച ഒരു ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെയാണ് അതൃപ്തി അറിയിച്ച് ശരത് സംസാരിച്ച് തുടങ്ങിയത്. എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെയാണ് അവതാരകയോട് ശരത് കയർത്തത്.
എന്താണ് കാളരാഗം എന്നാണ് പാർവതി ശരതിനോട് ചോദിച്ചത്. ചോദ്യം കേട്ടതും ശരത് നിരാശനായി. ഈ വേദിയിൽ ഇങ്ങനൊരു വിഡ്ഢിത്തം ചോദിക്കരുതായിരുന്നു എന്ന് പറഞ്ഞാണ് ശരത് സംസാരിച്ച് തുടങ്ങിയത്. ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ മറുപടി പറയേണ്ടെന്ന് പാർവതി പറഞ്ഞുവെങ്കിലും ശരത് വിടാൻ കൂട്ടാക്കിയില്ല. വേറെ എതെങ്കിലും ഒരു രാഗത്തെ കുറിച്ച് ചോദിക്കാമായിരുന്നു. എനിക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല.
മഹാ ബോറായിപ്പോയി. ഒരു ന്യായമില്ലാത്ത ചോദ്യമായിപ്പോയി. തമാശ പറഞ്ഞതാണെങ്കിൽ ഓക്കെ. എനിക്കും തമാശ ഇഷ്ടമാണ്. എന്ന് കരുതി വിഡ്ഢിത്തം ചോദിക്കരുത്. ഇത്തരം ചോദ്യം തമാശയായി എടുക്കാൻ കഴിയില്ല. എന്ത് മണ്ടത്തരവും ചോദിക്കാമെന്ന് കരുതി ചോദിക്കരുത്. എനിക്ക് ഒരു അക്സപറ്റ് ചെയ്യാൻ പറ്റില്ല. ഇതുപോലെ ഒരിക്കലും ഉത്തരം പറയാൻ പറ്റാത്ത ചില ചോദ്യങ്ങൾ ഞാനും ചോദിക്കട്ടെ?. ഇനിയൊരിക്കലും ഇങ്ങനെ ചെയ്യരുത്.
പാർവതി ഒരു നല്ല ആങ്കറാണ്. ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ നെഞ്ചിൽ എപ്പോഴും അത് ഇങ്ങനെ കിടക്കും. വെറുത്താൽ പിന്നെ വെറുത്തതാണ്. നിന്നോടുള്ള സ്നേഹം നീ മിസ് യൂസ് ചെയ്യരുത് എന്നാണ് പാർവതിയോട് കയർത്ത് ശരത് പറഞ്ഞത്. പ്രതികരണം കേട്ടതോടെ പാർവതിക്ക് മറുപടി ഇല്ലാതെയായി.

ശരത് ചൂടായതോടെ കരച്ചിലിന്റെ വക്കിലെത്തിയ പാർവതി പൊട്ടിക്കരഞ്ഞു. പാർവതി കരയുന്നത് കണ്ടതോടെ ശരതും മറ്റ് വിധികർത്താക്കളായ ഗായിക അനുരാധയും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമെല്ലാം ആശ്വസിപ്പിക്കാൻ ഓടി എത്തി. ശേഷമാണ് ഏപ്രിൽ ഫൂൾ ഡെയുടെ ഭാഗമായുള്ള പ്രാങ്കായിരുന്നുവെന്ന് പാർവതിയോട് മൂന്നുപേരും വെളിപ്പെടുത്തിയത്. തമാശയായിരുന്നുവെന്ന് അറിഞ്ഞശേഷവും കരച്ചിൽ നിർത്താൻ പാർവതി പാടുപെട്ടു.
പ്രൊഡ്യൂസറുടെ ഐഡിയ ആയിരുന്നുവെന്നും പാർവതിയെ കരയിപ്പിക്കണമെന്ന ടാസ്ക്കാണ് തങ്ങൾക്ക് കിട്ടിയതെന്നും ശരതും ഷാനുമെല്ലാം പാർവതിയോട് പറഞ്ഞു. തങ്ങൾ ഒരിക്കലും അങ്ങനെ പാർവതിയോട് സംസാരിക്കില്ലെന്നും ശരതും ഷാനുമെല്ലാം പറയുന്നുണ്ടായിരുന്നു. ജീവിതത്തിൽ മറക്കാൻ സാധ്യതയില്ലാത്ത തരത്തിലൊരു പ്രാങ്കാണ് പാർവതിക്ക് ലഭിച്ചത്.
ഈ ഏപ്രിൽ ഫൂൾ പാർവതി ജീവിതത്തിൽ മറക്കില്ല എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ യുട്യൂബിൽ ചാനൽ പങ്കുവെച്ചിരിക്കുന്നത്. യുട്യൂബ് ചാനലുകളിൽ അവതാരകയായിട്ടായിരുന്നു പാർവതിയുടെ തുടക്കം. പിന്നീട് ചില സിനിമകളിൽ അഭിനയിച്ചു. മോഡലിങ്ങിലും പാർവതി സജീവമാണ്. മലൈക്കോട്ടെ വാലിബനിൽ ഒരു കഥാപാത്രത്തിന് പാർവതി ഡബ്ബ് ചെയ്തിട്ടുമുണ്ട്.


Click it and Unblock the Notifications











