'എനിക്ക് സഹതാപവും സ്നേഹവും ആവശ്യമാണ്, സ്റ്റാർ സിംഗറിലെ ആരുമായും കോൺടാക്ടില്ല, ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്'
മലയാള ടെലിവിഷൻ രംഗത്ത് ചരിത്രം കുറിച്ച ഏഷ്യാനെറ്റിന്‍റെ മ്യൂസിക് റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ. ഇപ്പോഴും സ്റ്റാർ സിംഗറിന്റെ പുത്തൻ സീസൺ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ഷോയിൽ പല മേഖലകളിൽ നിന്നായി എത്തിയ നിരവധി ഗായകർ കഴിവ് തെളിയിച്ച് ഉയർന്ന് വന്നിട്ടുണ്ട്. ഇന്ന് മലയാളത്തിന്റെ മുൻനിര ഗായകരുടെ ലിസ്റ്റിലുള്ള വൈക്കം വിജയലക്ഷ്മി, അമൃത സുരേഷ്, അഞ്ജു ജോസഫ്, അരുൺ ഗോപൻ, ദുർഗ വിശ്വനാഥ്, ശ്രീനാഥ് തുടങ്ങിയവരെല്ലാം ഐഡിയ സ്റ്റാർ സിംഗറിലൂടെ തലവര മാറ്റി എടുത്തവരാണ്.
റിയാലിറ്റി ഷോകളുടെ ഭാഗമാകുന്ന എല്ലാവരുടെയും ജീവിതം മാറി മറിയും പണം വന്ന് നിറയും എന്നൊക്കെയുള്ള ധാരണ ആളുകളിൽ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ കഴിവിനൊത്ത് ഭാഗ്യവും ഒപ്പം നിന്നാൽ മാത്രമെ കരകയറാൻ സാധിക്കൂ.

അത്തരത്തിൽ ഭാഗ്യം തുണയ്ക്കാത്തതിന്റെ പേരിൽ മുൻനിരയിലേക്ക് ഉയരാൻ സാധിക്കാതെ പോയ ഒരു ഗായികനാണ് കായംകുളം ബാബു. ഐഡിയ സ്റ്റാർ സിംഗർ ഷോ തന്നെയാണ് ബാബുവിനെയും അദ്ദേഹത്തിന്റെ കഴിവുകളെയും ആളുകൾ തിരിച്ചറിയാൻ കാരണമായത്. ഷോയ്ക്ക് ശേഷം കാര്യമായ മാറ്റം ജീവിതത്തിൽ ഉണ്ടായിട്ടില്ലെങ്കിലും ഇന്നും പാട്ട് തന്നെയാണ് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന ബാബുവിന്റെ കുടുംബത്തിന്റെ വരുമാന മാർഗം.
വർഷങ്ങൾക്കിപ്പുറം തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് കായംകുളം ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സ്റ്റാർ സിംഗറിലെ ആരുമായും താൻ കോൺടാക്ട് സൂക്ഷിക്കുന്നില്ലെന്നാണ് ബാബു പറയുന്നത്. ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ഉപേക്ഷിച്ചതാണത്രെ.
കരുവാറ്റ വഴിയമ്പലത്തിന് സമീപത്ത് നിന്ന് ഒരാള്‍ ബാബുവിനെ എടുത്ത് വളര്‍ത്തുകയായിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസില്‍ സംഗീതം പഠിക്കാന്‍ അവസരം ബാബുവിന് കിട്ടി. പൂര്‍ണമായും കാഴ്ചയില്ലാത്ത ബാബു 2010ലാണ് സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ എത്തിയത്. ഇതിനുശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളില്‍ ബാബു സജീവമായത്.
'ഐഡിയ സ്റ്റാർ സിംഗറിലേക്ക് ഞാൻ എത്തിയത് കറ്റാനത്തുള്ള എന്റെ രണ്ട് സുഹൃത്തുക്കൾ വഴിയാണ്. ആദ്യകാലത്ത് ഞാൻ പ്രോഗ്രാമുകൾക്കൊക്കെ പോകുമെങ്കിലും പെട്ടെന്ന് സ്ട്രീറ്റ് സിംഗറിൽ നിന്നും സ്റ്റാർ സിംഗറായ അവസ്ഥയായിരുന്നു എനിക്ക്. പ്രൈവറ്റ് ബസുകളിൽ പാട്ടുപാടുകയായിരുന്നു ഞാൻ. ചെറിയ ചെറിയ കച്ചേരികൾക്കൊക്കെ പോകുമായിരുന്നെങ്കിലും സ്റ്റാർ സിംഗറിൽ വന്ന ശേഷമാണ് എന്റെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചത്.'

'എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സ്റ്റാർ സിംഗർ. ചില മാധ്യമങ്ങൾ എന്റെ അഭിമുഖങ്ങൾ അല്ലാതെ ഞാൻ പറഞ്ഞു എന്ന പേരിൽ ഒരുപാട് വിവാദങ്ങളുണ്ടാക്കി. എംജി ശ്രീകുമാർ സാറിനെയും ശരത് സാറിനെയും അവരെന്നെ തിരിഞ്ഞുനോക്കുന്നില്ല എന്ന പേരിൽ ഞാൻ വിമർശിച്ചു എന്ന തരത്തിൽ വാർത്തകളൊക്കെ ഉണ്ടാക്കി.'
'എനിക്ക് രാത്രിയിൽ കിടന്നുറങ്ങാൻ കഴിയാത്ത രീതിയിൽ ഫോൺ കോളുകൾ വരികയും ഇതിന്റെ പേരിൽ എന്റെ ആത്മസുഹൃത്തുക്കൾ അടക്കം എന്നെ ശാസിക്കുകയും ചെയ്തു. എന്നെ കുറ്റപ്പെടുത്തിയവരോടൊക്കെ ഞാൻ പറഞ്ഞത് ഞാൻ അങ്ങനെ ഒരു കാര്യം എന്റെ ശബ്ദത്തിൽ പറഞ്ഞിട്ടുള്ളത് എന്നെ ഒന്ന് കേൾപ്പിക്കാനാണ്. ആരുടെയും കയ്യിൽ അങ്ങനെ ഒരു പ്രൂഫ് ഉണ്ടായിരുന്നില്ല. എനിക്ക് വലിയൊരു അവസരം തന്നവരാണ് ഞാൻ അങ്ങനെ ആരെയും വിമർശിക്കില്ല.'
'ഞാൻ ആരുടെയും നമ്പർ അന്വേഷിച്ച് ആരെയും അങ്ങോട്ടും വിളിക്കാറില്ല. അവരൊക്കെ ഓരോ തിരക്കുകളിലായതുകൊണ്ട് എന്നെയും വിളിക്കാറില്ല. അതാരുടെയും കുറ്റമായിട്ടല്ല ഞാൻ പറഞ്ഞത്. ഏറ്റവുമധികം സപ്പോർട്ട് ചെയ്തിട്ടുള്ളത് എംജി ശ്രീകുമാർ സാറാണ്. ആ ഷോയിൽ വെച്ച് ഇടക്കിടയ്ക്ക് അവർ എന്നോട് പറയുമായിരുന്നു ഷോയിൽ ഞങ്ങൾ ബാബുവിനെ ഹറാസ് ചെയ്ത് സംസാരിക്കും. അത് ഒരിക്കലും ബാബുവിനോടുള്ള ദേഷ്യം കൊണ്ടല്ല.'
'ബാബു ഈ ഷോയുടെ ഒരു ഭാഗമാണ് ഞങ്ങൾ അങ്ങനെ ബാബുവിനെ ഹറാസ് ചെയ്ത് സംസാരിക്കുമ്പോൾ ജനങ്ങൾക്കിടയിൽ ബാബു കുറച്ചുകൂടി ശ്രദ്ധിക്കപ്പെടും... അങ്ങനെയൊക്കെ അവരെ പറഞ്ഞിട്ടുണ്ട് അത് നല്ലൊരു കാര്യമായിരുന്നു. എന്റെ തെറ്റുകൾ പറയുന്നത് മാത്രമായിരുന്നില്ല 10 പേർ കാൺകെ എന്നെ ഒന്ന് ശാസിക്കുമ്പോൾ ജനങ്ങൾക്ക് എന്നോട് ഒരു സിംപതിയും ഒക്കെ തോന്നുമായിരുന്നു.'
'ഞാൻ സ്റ്റാർ സിംഗറിൽ പോയി രക്ഷപ്പെട്ടില്ല എന്നൊക്കെ എല്ലാവരും പറയും. പക്ഷെ ശരിക്കും ഐഡിയ സ്റ്റാർ സിംഗർ കായംകുളം ബാബു എന്ന പേരിലാണ് എനിക്ക് പ്രോഗ്രാമുകൾ ഒക്കെ കിട്ടുന്നത്. എവിടെച്ചെന്നാലും ജനം എന്നെ തിരിച്ചറിയുന്നതും ആ പേരിൽ തന്നെയാണ്. പ്രോഗ്രാമിൽ കൂടി ഉള്ള വരുമാനമാണ് എനിക്കുള്ളത്.'
'വേറെ വരുമാനം ഒന്നുമില്ല. എന്റെ വീട്ടിൽ എന്റെ ഭാര്യയും രണ്ട് മക്കളും ആണുള്ളത്. എന്റെ മൂത്ത മകളുടെ പേര് സായി പ്രിയ എന്നും ഇളയ മകളുടെ പേര് സായി ലക്ഷ്മി എന്നുമാണ്. കാഴ്ചയില്ലാത്ത എല്ലാ ആളുകളും പറയും അവർക്ക് സഹതാപം ആവശ്യമില്ലെന്ന് പക്ഷെ ഞാൻ പറയും എനിക്ക് സഹതാപവും സ്നേഹവുമൊക്കെ ആവശ്യമാണ്', ബാബു പറഞ്ഞു.


Click it and Unblock the Notifications