വീട്ടുകാർ എന്നെയും തല്ലിയിട്ടുണ്ട്, പക്ഷെ അവരുടെ അവസ്ഥ അതായിരുന്നു; ഇതിൽ കൂടുതൽ എന്താണെനിക്ക് വേണ്ടത്: നാദിറ
ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന നാദിറ മെഹ്റിൻ ഇന്ന് നിരവധി പേർക്ക് പ്രചോദനമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയിലാണ് ഇന്ന് നാദിറ ജീവിക്കുന്നത്. അവഹേളനകളും അവഗണനകളും നേരിട്ട ഒരു കാലം നാദിറയ്ക്കുണ്ട്. വീട്ടിൽ നിന്നും ഇറങ്ങി കുറേക്കാലം തന്റെ കമ്മ്യൂണിറ്റിക്കൊപ്പം നാദിറ ജീവിച്ചു. നജീബ് എന്ന പേര് മാറ്റി നാദിറ മെഹ്റിൻ ആയി. അവഗണനകളുണ്ടായെങ്കിലും ഇതിലൊന്നും നാദിറയ്ക്ക് വലിയ പരാതിയില്ല. ഇതേക്കുറിച്ച് നാദിറ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരിക്കലും നജീബ് ഇങ്ങനെ ആകില്ല. ആരുടെയെങ്കിലും കൂടെ കൂടി ഇങ്ങനെയായതായിരിക്കും എന്ന് ചിന്തിച്ചവരുണ്ട്. മതക്കാർ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞിരുന്നു. അവർക്ക് ബുദ്ധിമുട്ടില്ലാതെ ആ സ്പേസിൽ നിന്ന് ഒഴിഞ്ഞ് കൊടുത്ത് അവർ സുരക്ഷിതരാകട്ടെ എന്നേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. അന്നെനിക്കൊപ്പമുണ്ടായിരുന്നത് കമ്മ്യൂണിറ്റിയിൽ പെട്ട ചില സുഹൃത്തുക്കൾ ആണ്. 30-40 വയസാകുമ്പോൾ ആയിരിക്കും വീട്ടുകാർ അംഗീകരിക്കുക എന്നാണ് ഞാൻ കരുതിയത്. ഞാൻ അവിടെ നിന്ന് ഈ സ്ത്രെെണത കാണിച്ചാൽ അവർക്ക് ബുദ്ധിമുട്ടാകും. അനിയത്തിയുണ്ട്. അവൾക്കൊരു ജീവിതമുണ്ട്. ഞാനാരുടെയും ജീവിതം തകർക്കേണ്ടെന്ന് കരുതി.

വീട്ടുകാരെല്ലാം ചിന്തിക്കുന്നത് മതപരമായാണ്. അവർക്കത് അംഗീകരിക്കാൻ പറ്റാത്തതിൽ കുഴപ്പമായി കാണുന്നില്ല. സോഷ്യൽ മീഡിയ വഴിയാണ് കമ്മ്യൂണിറ്റിയിലെ ആളുകളുമായി പരിചയപ്പെടുന്നത്. വീട്ടുകാരെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കുള്ള അഭിമാനം അവർ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്നതാണ്. പ്ലസ് ടുവിന് ശേഷം എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ വാങ്ങിത്തന്നതും വീട്ടുകാർ തന്നെയാണ്. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഉമ്മയോട് സംസാരിക്കുമായിരുന്നു. ബാപ്പയോട് കുറേ വർഷങ്ങൾ കഴിഞ്ഞ് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് സംസാരിക്കുന്നത്.
2023 ന് ശേഷം ജീവിതത്തിൽ ഉണ്ടായ ഭാഗ്യങ്ങൾ പ്രതീക്ഷിച്ചതല്ല. എന്നെ ആരും ട്രാൻസ് ആയി അല്ല കാണുന്നു എന്നതിൽ എനിക്ക് അഹങ്കരിക്കാം. അത് പറയുന്നത് അഭിമാനത്തോടെയാണ്. എനിക്ക് എവിടെ പോയാലും വലിയ ബുദ്ധിമുട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ബിഗ് ബോസിന് ശേഷം എനിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. അവസരങ്ങളുടെ കുറവുണ്ട്. എനിക്ക് ട്രാൻസ്ജെൻഡർ മനുഷ്യരേക്കാൾ സ്ത്രീകളും പുരുഷൻമാരുമാണ് എന്റെ സുഹൃത്തുക്കൾ.
ഞാൻ കംഫർട്ടബിൾ ആണ്. എന്നെ എല്ലാവരും അംഗീകരിക്കുന്നു. ക്രിക്കറ്റിന് പോയപ്പോൾ ലേഡീസ് റൂമിലാണ് ഞാൻ കിടന്നത്. എല്ലാവരും കെട്ടിപ്പിടിച്ചാണ് കിടന്നത്. അതിൽ കൂടുതൽ എന്താണെനിക്ക് വേണ്ടത്. വീട്ടിലും മാറ്റി നിർത്തുന്നില്ല. ഇതായിരിക്കില്ല മറ്റ് ട്രാൻസ്ജെൻഡേർസിന്റെ അവസ്ഥയെന്നും നാദിറ മെഹ്റിൻ പറഞ്ഞു. വീട്ടുകാർ അംഗീകരിച്ചാൽ വേറെ ഒരാളും നമ്മളെ കുറ്റം പറയില്ല. എന്റെ മകനോ മകളോ ആണ്, നിങ്ങൾക്കെന്താണ് എന്ന് ചോദിച്ചാൽ തീർന്നു. പക്ഷെ അത് ചോദിക്കാനുള്ള ധെെര്യം വീട്ടുകാർക്കില്ല.
പിന്നെ വേറൊരു കാര്യം ഇന്ന് ഏതെങ്കിലും കുടുംബത്തിൽ വീട്ടുകാർ ഇങ്ങനെയൊരു കുട്ടിയെ അംഗീകരിക്കുന്നില്ലെങ്കിൽ അത് വീട്ടുകാരുടെ പ്രശ്നമല്ല.
വീട്ടുകാരെ കുറ്റം പറയുന്നത് നമ്മളുടെ തെറ്റാണ്. അതിന് യോഗ്യത നമ്മൾക്കില്ല. അവർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരല്ല. ഇതേക്കുറിച്ച് മനസിലാക്കാൻ സമയമെടുക്കും. വീട്ടുകാരെ കുറ്റം പറയുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. എന്റെ വീട്ടുകാർ അത്യാവശ്യം നന്നായി എന്നെ തല്ലിയിട്ടുണ്ട്. വഴക്ക് പറഞ്ഞിട്ടുണ്ട്. കാരണം അവരുടെ അവസ്ഥ അതായിരുന്നു. വീട്ടുകാരെയോ മതത്തെയും സമൂഹത്തെയോ കുറ്റം പറയാൻ താൻ തയ്യാറല്ലെന്നും നാദിറ മെഹ്റിൻ പറഞ്ഞു.


Click it and Unblock the Notifications

