ദാദയെ നോക്കുന്നതിലും എളുപ്പം കുതിരയെ മേക്കലാണെന്ന് നിവിന്‍ പോളി! റിന്ന ഇതൊക്കെ കേള്‍ക്കുന്നില്ലേ???
Recommended Video

കേരളക്കര ഒന്നടങ്കം കാത്തിരുന്ന കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ കേരളക്കരയെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ബോക്‌സോഫീസിനെ കൊള്ളയടിച്ച് മുന്നേറുകയാണ് വിനും സംഘവും. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. നിവിന്‍ പോളിയെന്ന താരത്തില്‍ കൊച്ചുണ്ണി ഭദ്രമായിരിക്കുമെന്നും മോഹന്‍ലാലിനെ അതിഥി താരമായി കൊണ്ടുവരണമെന്നുമൊക്കെ നേരത്തെ നിശ്ചയിച്ചിരുന്നതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയുടെ സിനിമയില്‍ അതിഥിയോ, പല സൂപ്പര്‍ താരങ്ങളും ഈ വേഷം നിരസിച്ചതിനെക്കുറിച്ച് ഇവര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു.
ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുമെന്നുറപ്പിച്ചതോടെ ഏറെ സന്തോഷിച്ചത് നിവിനായിരുന്നു. പക്കിയുടെ കിടിലന്‍ ഫൈറ്റ് വേണെന്നും മാക്‌സിമം സ്‌ക്രീന്‍ സ്‌പേസ് നല്‍കണമെന്നുമൊക്കെയായിരുന്നു നിവിന്‍ പറഞ്ഞതെന്ന്് സംവിധായകനും തിരക്കഥാകൃത്തും സാക്ഷ്യപ്പെടുത്തുന്നു. കൈരളി ടിവിയിലെ ജെബി ജംഗക്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇവര്‍ ചിത്രത്തിന് പിന്നിലെ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

രണ്ട് വര്‍ഷത്തെ കഠിന പ്രയത്‌നം
രണ്ട് വര്‍ഷത്തെ പ്രയത്‌ന ഫലമായാണ് ചിത്രമൊരുക്കിയത്. സിനിമ വിജയിപ്പിക്കണമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അതിനായുള്ള യാത്രയിലായിരുന്നു ഇതുവരെ. തന്നെ സംബന്ധിച്ച് വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതും നേരത്തെയുള്ള റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നതിലുമൊക്കെ അതീവ തല്‍പ്പരനാണ് താനെന്നും റോഷന്‍ പറയുന്നു. സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ കുറച്ചധികം സമയം തനിക്ക് വേണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നതായി നിവിന്‍ പറയുന്നു. ഇടയ്ക്ക് ചില പരിക്കുകള്‍ പറ്റിയിരുന്നുവെങ്കിലും ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.

കുട്ടിക്കാലം മുതലേ മനസ്സിലുണ്ടായിരുന്നു
ഐതിഹ്യങ്ങളിലൂടെ കുട്ടിക്കാലം മുതലേ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു കായംകുളം കൊച്ചുണ്ണി. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ സമയത്ത് തന്നെ ഇതും സിനിമായാക്കാമായിരുന്നു. എന്നാല്‍ പറ്റിയ നിര്‍മ്മാതാവും സംവിധായകനും താരവുമൊക്കെ വേണമായിരുന്നു. ചരിത്ര സിനിമ ചെയ്യണമെന്ന മോഹവുമായി നടക്കുന്ന റോഷനെ സമീപിക്കുകയായിരുന്നു. കൊച്ചുണ്ണിക്ക് പ്രണയം വേണം, പിന്നെ മോഷണവും, പിന്നെ 1983 ലെ പ്രകടനവും ഇതൊക്കെ ചേര്‍ത്താണ് നിവിനെ തിരഞ്ഞെടുത്തതെന്നും സംവിധായകന്‍ പറയുന്നു.

നിവിന്‍ പോളി അത്ഭുതപ്പെടുത്തി
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാബു ആന്റണി സിനിമയിലേക്ക് തിരിച്ചെത്തിയത്. അസാമാന്യ പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. നിരവധി താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നിവിന്‍ തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമവും പെരുമാറ്റത്തിലെ ലാളിത്യവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് നിവിന്‍ പറയുന്നു. സിനിമയ്ക്കായി നിവിന്‍ കഠിന പ്രയത്‌നം നടത്തിയിരുന്നു. കളരിയും കുതിരപ്പയറ്റുമൊക്കെ പഠിച്ചിരുന്നു. ഇടയ്ക്ക് പരിക്ക് പറ്റിയപ്പോഴും താരം തളര്‍ന്നിരുന്നില്ല.

മൂത്തോന് വേണ്ടി വണ്ണം വെച്ചു
ഭക്ഷണം കഴിച്ചാണോ ഈ വണ്ണം അതോ കൊച്ചുണ്ണിക്ക് വേണ്ടി ചെയ്തതാണോയെന്നായിരുന്നു അജു വര്‍ഗീസിന് അറിയേണ്ടിയിരുന്നത്. ഗീതു മോഹന്‍ദാസിന്റെ മൂത്തോനില്‍ അഭിനയിക്കുന്നതിന് വേണ്ടി വണ്ണം വെച്ചിരുന്നു. അത് കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പാണ് കൊച്ചുണ്ണിയിലേക്കെത്തിയത്. രൂപമാറ്റത്തിനായി കൃത്യമായ സമയം തനിക്ക് ലഭിച്ചിരുന്നില്ല. അതാണ് ഈ തടിയെന്ന് താരം പറയുന്നു. നിവിന്റെ അപ്പോഴത്തെ ശരീരഭാഷ കഥാപാത്രത്തിന് അനൂകൂലമായിരുന്നുവെന്നാണ് റോഷന്‍ പറഞ്ഞത്.

ലിപ് ലോക്ക് ഉണ്ടായിരുന്നു
ചിത്രത്തില്‍ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. പ്രിയ ആനന്ദിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവര്‍ അതിന് തയ്യാറായിരുന്നു. എന്നാല്‍ തനിക്കത് പറ്റില്ലെന്ന് പറഞ്ഞ് നിവിന്‍ ഒഴിയുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു നിവിന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ റിന്നയുടെ സമ്മതം വേണമോയെന്ന് ചോദിച്ചപ്പോഴാണ് താരം തനിക്ക് അത്തരം രംഗത്തോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയത്.

സണ്ണി വെയ്‌ന്റെ ചോദ്യം
ചിത്രത്തില്‍ നെഗറ്റീവ് കഥാപത്രമായാണ് സണ്ണിയെത്തിയത്. കരിയറില്‍ ഇതിനായി താന്‍ ആഗ്രഹിച്ചിരുന്നുവെന്നും റോഷന്‍ ചേട്ടനാണ് ഇതിന് അവസരം നല്‍കിയതെന്നുമായിരുന്നു താരം പറഞ്ഞത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അത് നടന്നത്. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയാനായി താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും താരം പറയുന്നു. കേശവക്കുറുപ്പ് എന്ന കഥാപാത്രമായാണ് സണ്ണിയെത്തിയത്. സീരിയസായി അഭിനയിക്കുമ്പോഴും നിവിന്‍ തന്നെ ചിരിപ്പിച്ചിരുന്നുവെന്നും അങ്ങനെ ചെയ്തപ്പോള്‍ കൂളായെന്നും സണ്ണി പറയുന്നു. സണ്ണി ടെന്‍ഷനുള്ള ആളാണ്, സിങ്ക് സൗണ്ടായിരുന്നു ഉപയോഗിച്ചത്. സണ്ണിയെ കൃത്യമായി അറിയുന്നത് കൊണ്ടാണ് അവനെ കളിപ്പിച്ചത്.

കൊച്ചുണ്ണി ആകര്‍ഷിച്ചത്
റോഷന്‍ ചേട്ടനും സഞ്ജയുമായാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. പാവങ്ങളെ സഹായിക്കുന്ന സ്വഭാവമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും നിവിന്‍ പോളി പറയുന്നു. ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറ്റവും എഫേര്‍ട്ട് എടുത്തിട്ടുള്ള കഥാപാത്രവും കരിയറില്‍ മറക്കാന്‍ പറ്റാത്തതുമാണ് കൊച്ചുണ്ണിയെന്നും താരം പറയുന്നു.

മഞ്ജു വാര്യര്‍, ഉര്‍വശി, ശോഭന കാവ്യ?
തനിക്ക് ശോഭനയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഒരു സിനിമയുടെ വിജയമാണ് താരമാക്കി നിര്‍ത്തുന്നതെന്നാണ് താരം പറയുന്നത്. വീട്ടിലുള്ളപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. ലൊക്കേഷനിലാവുമ്പോള്‍ ഫോണിലൂടെയാണ് സമയം കളയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണെന്നും താരം പറയുന്നു.

ദാദയോ കുതിരയോ?
ദാദയെ നോക്കുന്നതാണോ കുതിരയെ മേക്കുന്നതാണോ എളുപ്പമെന്ന് ചോദിച്ചപ്പോള്‍ കുതിരയെ മേക്കുന്നതായിരിക്കും എളുപ്പമെന്നായിരുന്നു താരം പറഞ്ഞത്. വീട്ടിലെത്തിക്കഴിഞ്ഞാല്‍ അവന്‍ മുഴുവന്‍ സമയവും തനിക്കൊപ്പമാണെന്നും പപ്പയോടോപ്പം സമയം ചെലവഴിച്ച് മതിയായില്ലെന്നും പറയാറുണ്ടെന്നും താരം നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications