38 വർഷവും എന്റെ മോൻ വേദനയിലാണ്, ഡോക്ടർക്കെതിരെ കേസ് കൊടുക്കാത്തതിന് കാരണം: ഓമന ഔസേഫ്
സിനിമാ സീരിയൽ രംഗത്ത് സാന്നിധ്യമറിയിച്ച നടി ഓമന ഔസേഫിനെ ഇന്നും ജനങ്ങൾ ഓർക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ചെയ്ത നിലവിളക്ക് എന്ന സീരിയലിലൂടെയാണ്. മകന്റെ ആരോഗ്യ സ്ഥിതിയാണ് ഓമനയുടെ ജീവിതത്തില ഏറ്റവും വലിയ ദുഖം. കുട്ടിയായിരുന്നപ്പോൾ മകനെ ചികിത്സിച്ച ഒരു പ്രശസ്ത ഡോക്ടർക്ക് പറ്റിയ പിഴവാണ് ഇന്നത്തെ സാഹചര്യത്തിന് കാരണമെന്ന് ഓമന ഔസേഫ് പറയുന്നു. പനിയും കാലിന് നീരും വന്നപ്പോഴാണ് മകനെ ഈ ഡോക്ടറെ കാണിക്കുന്നത്. ഇപ്പോഴിതാ മകനെക്കുറിച്ച് സംസാരിക്കുകയാണ് ഓമന ഔസേഫ്.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഞാനങ്ങനെ ആരോടും കൂടുതലൊന്നും സംസാരിക്കാൻ നിൽക്കില്ല. വേറൊന്നും കൊണ്ടല്ല. മനസിന്റെ പ്രയാസമാണ്. എന്റെ മകന്റെ കാര്യത്തിൽ ഭയങ്കര വിഷമമാണ്. പത്ത് വയസുള്ളപ്പോഴാണ് അവന് അസുഖം തുടങ്ങുന്നത്. ഡോക്ടർക്ക് പറ്റിയ കെെപ്പിഴയാണ്. നമ്മുടെ നാട്ടിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഇങ്ങനെയൊരു കാര്യം പറഞ്ഞ് കേസ് നടത്തിയിട്ട് ഒരു കാര്യവും ഇല്ല. സർക്കാരിന്റെ കയ്യിൽ നിന്ന് ഒന്നും കിട്ടില്ല. കേസ് നടത്താൻ ആളും പെെസയും വേണം. അന്ന് നമുക്ക് ആളും പെെസയും ഇല്ല. കേസ് കൊടുക്ക് മോളേ, എന്ത് നോക്കിയിട്ടാ അയാൾ മൂന്നര വർഷം ഈ കുട്ടിയെ ചെയ്തത് എന്ന് ഹോസ്പിറ്റലിലുള്ളവരും എന്നോട് പറഞ്ഞു.

കേസൊക്കെ തമ്പുരാൻ നടത്തട്ടെയെന്ന് ഞാൻ പറഞ്ഞു. അങ്ങനെ മോനെ ഓരോരുത്തർ പറയുന്നിടത്ത് കൊണ്ട് പോയി ചികിത്സിച്ചു. ഇപ്പോൾ അവന് 48 വയസ് കഴിഞ്ഞു. 38 വർഷവും എന്റെ മോൻ വേദനയിലാണ്. അത് ആലോചിക്കുമ്പോൾ എനിക്ക് ഒത്തിരി ഹാപ്പിയായി എല്ലാവരോടും കയറി ചെന്ന് സംസാരിക്കാനാകില്ല. മകനാണ് ഷൂട്ടിന് എന്നെ ഡ്രെെവ് ചെയ്ത് കൊണ്ട് പോകാറ്. എത്ര വയ്യാതിരുന്നാലും അവൻ നോ പറയില്ലെന്നും ഓമന ഔസേഫ് പറഞ്ഞു.


Click it and Unblock the Notifications















