പണത്തിന് വേണ്ടി ഞങ്ങൾ മോളെ അഭിനയിപ്പിക്കുന്നുവെന്നാണ് വിമർശനം, ഞങ്ങൾ പലതും നഷ്ടപ്പെടുത്തി; ഗംഗ ലക്ഷ്മി
ഉപ്പും മുളകിൽ ഏഴ് വർഷമായി സ്റ്റാറായി തിളങ്ങി നിൽക്കുന്ന കുട്ടി താരമാണ് പാറുകുട്ടി എന്ന് അറിയപ്പെടുന്ന ബാലതാരം അമേയ അനിൽ. നാലര മാസം പ്രായമുള്ളപ്പോൾ മുതൽ ഉപ്പും മുളകിൽ അഭിനയിച്ച് തുടങ്ങിയ അമേയ ഇന്ന് സിറ്റ്കോമിന്റെ ഭാഗമായ എല്ലാ സീനിയർ താരങ്ങളെക്കാളും മികച്ച അഭിനേത്രിയാണ്. അടുത്തിടെ ഒരു ഇമോഷണൽ സീനിലെ പ്രകടനത്തിലൂടെ അമേയ അതിശയിപ്പിച്ചിരുന്നു. നടൻ ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ അഭിനന്ദിക്കുകയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ മകളെ അഭിനയിക്കാൻ വിടുന്നതിന്റെ പേരിൽ വിമർശനങ്ങൾ വരാറുണ്ട് പറയുകയാണ് അമേയയുടെ അമ്മ ഗംഗ ലക്ഷ്മി. വെറൈറ്റീ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗംഗ ലക്ഷ്മി. എന്റെ സഹോദരന്റെ സുഹൃത്ത് ഉപ്പും മുളകും അഡിക്ടായിരുന്നു. അവനാണ് മോളുടെ ഫോട്ടോ എടുത്ത് ഉപ്പും മുളക് ഓഡീഷന് അയച്ചത്.

ശേഷം ഓഡീഷന് വിളി വന്നു. അന്ന് മോൾക്ക് മൂന്ന് മാസം പ്രായം മാത്രമെ ഉണ്ടായിരുന്നുള്ളു. സഹോദരനും സുഹൃത്തിനുമെല്ലാം ഉപ്പും മുളകിലെ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് അതിയായ ആഗ്രഹമായിരുന്നു. ഓഡീഷന് പോയാൽ ആ പേരും പറഞ്ഞ് ഫോട്ടോയെടുക്കാമല്ലോ. അങ്ങനെ ഞങ്ങൾ എറണാകുളത്ത് വന്ന് ഓഡീഷനിൽ പങ്കെടുത്തു.
അന്ന് അവർ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് ഒരു മാസം കഴിഞ്ഞാണ് മോള് സെലക്ടായ വിവരം അവർ വിളിച്ച് പറഞ്ഞത്. നാലര മാസം മാത്രം പ്രായമുള്ളപ്പോഴാണ് മോൾ ആദ്യത്തെ സീനിൽ അഭിനയിച്ചത്. ആ സീൻ ഞങ്ങൾക്ക് നല്ല ഓർമയുണ്ട്. ഏറ്റവും ഇഷ്ടമുള്ളതും ആ സീനാണ്. മറ്റൊരു കുഞ്ഞാണ് അത് വരെ അഭിനയിച്ചിരുന്നത്. ആ കുഞ്ഞ് വലുതായി പാറുക്കുട്ടിയായി മാറുന്ന സീനായിരുന്നു ആദ്യം എടുത്തത്.
എന്റെ മൂത്ത ആങ്ങളയ്ക്ക് ഈ ഫീൽഡ് ഭയങ്കര ഇഷ്ടമാണ്. പുള്ളിയുടെ നിർബന്ധപ്രകാരമാണ് ഈ ഫീൽഡിലേക്ക് കുഞ്ഞിനെ ഞാൻ കൊണ്ടുവന്നത്. ഞങ്ങൾക്ക് ഈ മേഖലയെ കുറിച്ച് വലിയ അറിവില്ല. അതുകൊണ്ട് തന്നെ ഒരു ആറ് മാസം നിന്ന് നോക്കാമെന്ന് കരുതിയാണ് കുഞ്ഞിനെ അഭിനയിപ്പിക്കാൻ കൊണ്ടുവന്നത്. കുഞ്ഞിന് ചാനൽ നല്ല കെയറും സപ്പോർട്ടും കൊടുത്തതുകൊണ്ടാണ് ഞങ്ങൾ ഈ ഫീൽഡിൽ തന്നെ തുടർന്നത്.
പത്ത് മണിക്ക് ചെന്നാൽ മതിയായിരുന്നു. നാല് മണിക്ക് തിരികെ പോവുകയും ചെയ്യാം. കുഞ്ഞിന്റെ ഉറക്കം അടക്കം എല്ലാം അവർ പരിഗണിച്ചിരുന്നു. ലൊക്കേഷനിൽ വെച്ച് ഒരു അസുഖം പോലും കുഞ്ഞിന് വന്നിട്ടില്ല. ഉപ്പും മുളകിലെ താരങ്ങളുമായി നല്ല മുഖച്ഛായ പാറുകുട്ടിക്ക് ഉണ്ടായിരുന്നു.

ഞാൻ എടുത്തതിനേക്കാൾ കൂടുതൽ നിഷ ചേച്ചിയാണ് പാറുവിനെ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് അവൾക്ക് നിഷ ചേച്ചിയോട് ഇഷ്ട കൂടുതലെന്നും ഗംഗ ലക്ഷ്മി പറയുന്നു. മകൾ ചെറിയ പ്രായം മുതൽ സമ്പാദിക്കാൻ തുടങ്ങി എന്നതിൽ സന്തോഷമേയുള്ളു. പക്ഷെ അതിന് ഒരു നെഗറ്റീവ് വശമുണ്ട്. കുഞ്ഞിനെ നമ്മൾ പണത്തിന് വേണ്ടി അഭിനയിപ്പിക്കുകയാണെന്ന് ആളുകൾ കരുതുന്നുണ്ട്.
മോളുടെ പണം കൊണ്ട് ഞങ്ങൾ ജീവിക്കുന്നുവെന്ന തരത്തിൽ വിമർശനം വരാറുണ്ട്. ഞങ്ങൾ ജോലിയും മറ്റ് കാര്യങ്ങളും ഉപേക്ഷിച്ചിട്ടാണ് മോളുടെ ഷൂട്ടിന് വേണ്ടി സമയം കണ്ടെത്തുന്നത്. തുടക്കത്തിൽ എനിക്കൊപ്പം ജോലി ഉപേക്ഷിച്ച് അമ്മയും ലൊക്കേഷനിൽ വന്ന് സഹായമായി നിൽക്കുമായിരുന്നു. മോൾക്ക് ഒരു വരുമാനം വരുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ ആ പണത്തിന് വേണ്ടിയാണ് ഞങ്ങൾ മോളെ അഭിനയിപ്പിക്കാൻ വിടുന്നതെന്ന തരത്തിൽ കമന്റുകൾ വരുമ്പോൾ സങ്കടം തോന്നും.
വേറെ പലതും നഷ്ടപ്പെടുത്തിയിട്ടാണ് ഞങ്ങൾ ഇതിന് വേണ്ടി നിൽക്കുന്നത്. അതാരും കാണുന്നില്ല. ഞങ്ങൾക്ക് വേറെയും കുട്ടികളുണ്ട്. മോൾക്ക് വേണ്ടി നടക്കുന്നത് കൊണ്ട് ആ കുഞ്ഞുങ്ങളുടെ കാര്യവും കൃത്യമായി നോക്കാൻ പറ്റാറില്ലെന്നും ഗംഗ ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











