അടിച്ചുപൊളിച്ച് നടക്കുന്നവർക്ക് ദാമ്പത്യം സെറ്റാവില്ലെന്ന് വിധിച്ചവർ; അമ്മയാകാൻ കൊതിച്ചയാളാണ് താനെന്ന് പേളി!
പടി പടിയായി കരിയർ വിജയത്തിലേക്ക് എത്തിച്ച പ്രതിഭയാണ് പേളി മാണി. അവതാരകയായിട്ടായിരുന്നു തുടക്കമെങ്കിലും നടി, ഗായിക, ബൈക്കർ, യുട്യൂബർ, ഇൻഫ്ലൂവൻസർ എന്നിങ്ങനെ വിവിധ മേഖലകളിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കുക്കറി ഷോയിലും അവാർഡ് ഷോകളിലും അവതാരകയായിരുന്നുവെങ്കിലും പേളി മാണി എന്ന പേര് ജനപ്രിയമായി തുടങ്ങിയത് ഡി ഫോർ ഡാൻസിന്റെ ഭാഗമായശേഷമാണ്. കൗണ്ടറുകളും വ്യത്യസ്തമായ അവതരണവും കൊണ്ട് പേളി വളരെ പെട്ടന്ന് കുടുംബപ്രേക്ഷകർക്ക് വരെ പ്രിയപ്പെട്ടവളായി.
വസ്ത്രധാരണത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു ടോം ബോയ് സ്റ്റൈലായിരുന്നു പേളിയുടേത്. അതുകൊണ്ട് തന്നെ പേളി വിവാഹിതയാകും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാകും എന്നുള്ള പ്രതീക്ഷയൊന്നും പ്രേക്ഷകർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിൽ വെച്ച് ശ്രീനിഷുമായി പേളി പ്രണയത്തിലായപ്പോൾ പ്രേക്ഷകർക്കും ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഷോ വിജയിക്കാൻ ലവ് സ്ട്രാറ്റജി കളിക്കുന്നതാകുമെന്നും പ്രേക്ഷകരിൽ ചിലരെങ്കിലും വിശ്വസിച്ചിരുന്നു. എന്നാൽ അമ്മയാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരാളാണ് താനെന്ന് തുറന്ന് പറയുകയാണിപ്പോൾ പേളി മാണി. മക്കളുടെ ജനനശേഷം ജീവിതം പൂർണമായി എന്ന തോന്നൽ വന്നുവെന്നും പേളി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു.
ഗായിക സുജാതയും മകൾ ശ്വേതയും അതിഥികളായി എത്തിയ എപ്പിസോഡിൽ അവരുമായി സംസാരിക്കവെയാണ് തന്റെ കുടുംബത്തെ കുറിച്ച് പേളി സംസാരിച്ചത്. ഞാനും എന്റെ കുഞ്ഞുങ്ങളെ പപ്പയുടേയും മമ്മിയുടേയും അടുത്ത് ഏൽപ്പിച്ച് ജോലി തിരക്കുകളിൽ ഏർപ്പെടാറുണ്ട്. പക്ഷെ കരിയറിൽ അത്ര ബിസിയല്ല ഞാൻ.
പലപ്പോഴും ബോധപൂർവം ഞാനും ശ്രീനിയും വീട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കും. ഒരുപാട് വർക്കുകൾ കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ വേണ്ടായെന്ന് വെച്ചിട്ടുണ്ട്. മക്കളുടെ പ്രായം അതാണല്ലോ. നിറ്റാരയ്ക്ക് ഇപ്പോൾ ഒരു വയസ് മാത്രമെ പ്രായമുള്ളു. മൂന്ന് വയസൊക്കെയാകുമ്പോൾ കാര്യങ്ങൾ മാറിയേക്കും.
വേദനയെടുക്കുന്നുവെന്നും അത് എവിടെയാണെന്നും പറയാൻ അവർക്ക് പറയാൻ പറ്റുന്ന പ്രായമാകുമ്പോൾ എനിക്ക് അവരുടെ കാര്യത്തിൽ കോൺഫിഡൻസ് വരും. അമ്മയാകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. മക്കൾ കൂടി വന്ന ശേഷമാണ് ജീവിതം പൂർണമായി എന്ന തോന്നൽ എനിക്ക് വന്നത്. ഞാനും ഒരുപാട് മാറി. നിലയും നിറ്റാരയും ലൈഫിൽ വന്നശേഷം എന്റെ ലോകം ഒരുപാട് മാറി.

കാണുന്ന ലോകവും കാഴ്ചപ്പാടിലും വരെ മാറ്റങ്ങൾ വന്നു. ശ്രീനി വന്നപ്പോൾ ഒരുപാട് കാര്യങ്ങൾ മാറി. പിള്ളേർ കൂടി വന്നപ്പോൾ വീണ്ടും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്നുമാണ് പേളി പറഞ്ഞത്. ഒരു വർഷം മുമ്പാണ് പേളിക്ക് രണ്ടാമത്തെ മകൾ നിറ്റാര പിറന്നത്. മൂത്തമകൾ നിലയ്ക്ക് നാല് വയസായി. പേളിയെപ്പോലെ തന്നെ ജനപ്രിയരാണ് ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിറ്റാരയുമെല്ലാം. പേളി നിലയെ ഗർഭിണിയായിരുന്ന സമയത്തെല്ലാം ശ്രീനിഷ് സീരിയൽ അഭിനയവുമായി സജീവമായിരുന്നു.
പിന്നീടാണ് അഭിനയം ഉപേക്ഷിച്ച് പേളിയുടെ യുട്യൂബ് ചാനലിന്റെ ചുമതല ഏറ്റെടുത്തത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയശേഷവും ഹിന്ദി സിനിമയിൽ അടക്കം പേളി അഭിനയിച്ചിരുന്നു. ഏറ്റവും അവസാനം പേളി ഭാഗമായ മലയാളം സിനിമ ക്വീൻ എലിസബത്താണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരക കൂടിയാണ് പേളി മാണി.
പേളി-ശ്രീനിഷ് ജോഡിക്കും ആരാധകർ ഏറെയുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ആറ് സീസണുകളിലായി നിരവധി ലവ് കോമ്പോകൾ ഉണ്ടായിട്ടുണ്ടെങ്കിലും പേളിയേയും ശ്രീനിഷിനേയും കടത്തിവെട്ടാൽ ആർക്കും സാധിച്ചിട്ടില്ല.


Click it and Unblock the Notifications