യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയും
സീരിയല്‍ നടന്‍ നിരഞ്ജന്‍ നായരും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരാണ്. നിരഞ്ജന്റെ സീരിയലുകളിലൂടെ വലിയ ജനപ്രീതിയാണ് ലഭിച്ചത്. ശേഷം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും ചെയ്യാറുണ്ട്.
ഇടയ്ക്ക് യൂട്യൂബ് ചാനലില്‍ കൂടി സജീവമായതോടെ വിശേഷങ്ങളൊക്കെ അവിടെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇടയ്ക്ക് ചാനലില്‍ വീഡിയോ കുറയുകയും താരങ്ങളെ കാണാതെ വരികയും ചെയ്തു. അതെന്ത് പറ്റിയെന്ന് ചോദിച്ചാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് നിരഞ്ജന്‍ പറയുന്നത്.
ഏറ്റവും പുതിയതായി യൂട്യൂബ് ചാനലിലൂടെ ക്യൂ ആന്‍ഡ് എ സെക്ഷനുമായിട്ടാണ് നിരഞ്ജനും ഗോപികയും എത്തിയത്. വീഡിയോസ് കാണാത്തതിന്റെ കാരണവും മാതാപിതാക്കളായതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ഇരുവരുടെയും സ്വാകാര്യ ജീവിതത്തിലെ പല കാര്യങ്ങളുമൊക്കെ താരദമ്പതിമാര്‍ പറയുന്നു.

മാതാപിതാക്കളയതിന് ശേഷം കുറച്ചൂടി ഉത്തരവാദിത്തം ഭാര്യയ്ക്ക് വന്നിട്ടുണ്ടെന്ന് നിരഞ്ജന്‍ പറയുന്നു. എവിടെ പോയാലും കുറച്ചൂടി ശ്രദ്ധിക്കാന്‍ പഠിച്ചു. പിന്നെ നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പഠിച്ചെന്ന് പറയാമെന്ന് ഗോപികയും കൂട്ടിച്ചേര്‍ത്തു. നിരഞ്ജന്‍ എവിടെയെങ്കിലും പോയാല്‍ പോയതാണ്. പിന്നെ കൂടുതല്‍ വിവരം ഒന്നും ഉണ്ടാവാറില്ല.
ഇപ്പോള്‍ ഷൂട്ടിനോ പരിപാടികള്‍ക്കോ എന്തിന് പോയാലും വിളിക്കും. എന്റെ കാര്യം പറയാനാണെന്ന് പറഞ്ഞാണ് വിളിക്കുന്നതെങ്കിലും കുഞ്ഞിന്റെ കാര്യം ചോദിക്കുകയേള്ളു. പണ്ടത്തേതിനേക്കാളും വിളി കൂടുതലാണ്. കുഞ്ഞെന്തിയേ എന്ന് ചോദിച്ചാണ് ബാക്കി കാര്യങ്ങള്‍ സംസാരിക്കാറുള്ളത്. ക്ഷമ രണ്ടാള്‍ക്കും കൂടുതലുണ്ടായി.

രണ്ട് പേരും ഉറക്കം കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. കുഞ്ഞ് ഉറക്കത്തില്‍ എഴുന്നേറ്റ് കറങ്ങി തിരിഞ്ഞൊക്കെ വരും. രാവിലെ നേരത്തെ എഴുന്നേറ്റ് തുടങ്ങി. ചെറിയ മൈന്യൂട്ട് ശബ്ദം കേട്ടാല്‍ പോലും പറന്നാണ് വരിക. പര്‍ച്ചേസിനൊക്കെ പോവുമ്പോള്‍ ആദ്യം നോക്കുന്നത് കുഞ്ഞിന്റെ സാധനങ്ങളാണ്. ആ സെക്ഷനില്‍ പോയതിന് ശേഷമാണ് മറ്റുള്ളതൊക്കെ വാങ്ങിക്കുന്നത്.

എല്ലാ കുടുംബത്തിലേയും പോലെ ഞങ്ങള്‍ക്കിടയിലും അടിപിടികള്‍ ഉണ്ടാവാറുണ്ട്. കിടിലന്‍ അടിയൊക്കെ ഉണ്ടാവും. ആരുടെ വീട്ടിലാണ് വഴക്ക് ഇല്ലാത്തത്. മുട്ടന്‍ അടി ഉണ്ടായാലും കുറച്ച് നേരം കഴിഞ്ഞ് ഞങ്ങള്‍ അത് വിടും. ആദ്യം പ്രശ്‌നം ഒഴിവാക്കുന്നത് നിരഞ്ജനാണെന്നും ഗോപിക പറയുന്നു.

യൂട്യൂബ് വീഡിയോ കുറയാനുണ്ടായ കാരണത്തെ പറ്റിയും താരങ്ങള്‍ പറഞ്ഞു. 'ആഴ്ചയിലൊരു വീഡിയോ ചെയ്യണമെന്നൊക്കെയാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങള്‍ വേറൊരു ടീമുമായി പാര്‍ട്നര്‍ഷിപ്പ് പോലെ കൊണ്ട് പോവുന്ന ചാനലാണിത്. പ്രശ്‌നം വരുന്നത് ഒരു വിഷുക്കാലത്താണ്. കുഞ്ഞൂട്ടന്റെ ആദ്യ വിഷു ഷൂട്ട് ചെയ്യണമെന്ന് അവരോട് പറഞ്ഞിരുന്നു. ആദ്യമേ പറഞ്ഞതാണെങ്കിലും ഷൂട്ട് സമയമായപ്പോള്‍ അവര്‍ ആളില്ലെന്നൊക്കെ പറഞ്ഞ് ഒഴിവാക്കി. അവര്‍ വേറെ വീഡിയോ ഒക്കെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.

അങ്ങനെ ക്യാമറമാനെ വച്ച് ഞങ്ങള്‍ എന്റെ വേറൊരു ചാനലില്‍ വീഡിയോ ഷൂട്ട് ചെയ്ത് ഇട്ടു. പിന്നെയും ആദ്യമുള്ള ചാനലുകാരുമായി സംസാരിച്ച് പ്രശ്‌നം കഴിഞ്ഞെങ്കിലും വീണ്ടും പ്രശ്‌നങ്ങളായി. ഞങ്ങള്‍ കൊടുക്കുന്ന ടോപ്പിക്കുകളൊക്കെ അവര്‍ റിജക്റ്റ് ചെയ്യുകയായിരുന്നു. ആ ചാനല്‍ വേണമെന്ന് തന്നെ പറഞ്ഞ് വാങ്ങിക്കേണ്ട അവസ്ഥയായി. അതിന് ശേഷമുള്ള എപ്പിസോഡുകളാണ് ഇപ്പോള്‍ വരുന്നതെന്ന് നിരഞ്ജനും ഗോപികയും പറയുന്നത്.


Click it and Unblock the Notifications











