സഹോദരൻ സുഖം പ്രാപിക്കുന്നു, തിരിച്ചുവരുമെന്ന് ഉറപ്പ് നൽകി ജൂഹി റുസ്തഗി
അമ്മയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ജൂഹി റുസ്തഗി. സെപ്റ്റംബർ 11ന് ആണ് വാഹനാപകടത്തിൽ ജൂഹിയുടെ അമ്മ മരിച്ചത്. അമ്മയുടെ മരണം താങ്ങാനാവാതെ കഴിയുകയാണ് ജൂഹിയും സഹോദരനും. എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ജൂഹിയുടെ അമ്മയായ ഭാഗ്യലക്ഷ്മി രഘുവീർ മരിച്ചത്.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തെറിച്ച് വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. ജൂഹിയുടെ സഹോദരനും അപകടത്തിൽ പരിക്കേറ്റിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി. ജൂഹിയുടെ പിതാവ് രഘുവീർ ശരൺ റുസ്തഗി രാജസ്ഥാൻ സ്വദേശിയാണ്. അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് ജൂഹിയുടെ അച്ഛനും മരിച്ചിരുന്നു.

ജൂഹിക്ക് സംഭവിച്ച അപ്രതീക്ഷിത സംഭവത്തിൽ താരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും മറ്റും അറിയാൻ നിരവധി ആരാധകർ താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ജൂഹി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ ലക്ഷ്മി എന്ന കഥാപാത്രം ജൂഹിയിലൂടെ വിജയമായി. ഇതോടെ നിരവധി ആരാധകരെയും ജൂഹി സമ്പാദിച്ചു. 2015ലാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. അഞ്ച് വർഷത്തോളം പരമ്പര ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ജൂഹി എന്ന പേരിനേക്കാള്‍ ലച്ചു എന്ന പേരിലാണ് മലയാളികള്‍ താരത്തെ അറിയുന്നത്. ആരാധകരുടെ പ്രിയങ്കരിയായ ജൂഹിയുടെ വേദന നിറഞ്ഞ നിമിഷങ്ങളിൽ നിരവധിപേർ താരത്തെ കുറിച്ച് അന്വേഷിച്ച് ഉപ്പും മുളകും ടീമിലെ മറ്റ് അംഗങ്ങളെ അടക്കം ബന്ധപ്പെടാറുണ്ട്. ജൂഹിയുമായി സംസാരിക്കാറുണ്ടന്നും അവളുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും ഉപ്പും മുളകും പരമ്പരയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷാ സാരംഗ് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സീരിയലിൽ ജൂഹിയുടെ അമ്മയായി അഭിനയിച്ചത് നിഷ സാരംഗ് ആയിരുന്നു. ജൂഹിയുടെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും നിഷ സാരംഗും കുടുംബവും എത്തിയിരുന്നു. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന താരങ്ങളും എത്തിയിരുന്നു.

മരിക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു താൻ ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടതെന്നും. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിന് ജൂഹിയും ഉണ്ടായിരുന്നവെന്നും നിഷാ സാരംഗ് പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും വിശേഷങ്ങൾ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്നും നിഷ ഓർക്കുന്നു. 'ഉറങ്ങിയിട്ട് രണ്ട് ദിവസമായി... ഇന്നലേയും മിനഞ്ഞാനുമൊന്നും തനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ല കണ്ണടയ്ക്കുമ്പോൾ ആ രംഗങ്ങളാണ് മനസിൽ. ഉപ്പും മുളകും ചെയ്തിരുന്ന കാലത്ത്.. ഷൂട്ട് നടക്കുമ്പോൾ തന്റെ ബാഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. അവസാനം കണ്ടപ്പോഴും തന്റെ ബാഗ് വാങ്ങി സൂക്ഷിച്ചു. നിഷാമ്മേ എന്ന വിളിയിൽ നിറയെ സ്‌നേഹമായിരുന്നു. അതൊന്നും മനസിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോഴും ശരീരം വിറയ്ക്കുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കാണാനായി ചെന്നപ്പോൾ ജൂഹി തന്നെ നോക്കിയ ഒരു നോട്ടമുണ്ട് നെഞ്ച് പിടഞ്ഞുപോയി...' ജൂഹിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് നിഷ സാരംഗ് പറഞ്ഞു.

ഒരു മാസത്തിന് ശേഷം തന്നെ തേടിയെത്തുന്ന അന്വേഷണങ്ങൾക്ക് മറുപടിയെന്നോണം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നുണ്ട് ജൂഹി. 'അമ്മ ജൂഹിയെ നോക്കി സ്വർഗത്തിൽ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും... അത് മനസിലാക്കി അമ്മയെ നോക്കി തിരിച്ചും പുഞ്ചിരിക്കാൻ ശ്രമിക്കണം....' എന്ന ആരാധകരുടെ വാക്കുകൾക്ക് വിഷാദം നിറഞ്ഞ പുഞ്ചിരിയുടെ സ്മൈലി പങ്കുവെച്ചുകൊണ്ടാണ് ജൂഹി മറുപടി നൽകിയത്. പൂർവാധികം ശക്തിയോടെ തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ 'തീർച്ചയായും' അത് സംഭവിക്കുമെന്ന ഉറപ്പും ജൂഹി നൽകി. സഹോദരൻ പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണെന്നും ജൂഹി പറയുന്നു.
Recommended Video

വീട്ടിലെത്തിച്ച അമ്മയുടെ മൃതദേഹത്തിൽ കെട്ടിപിടിച്ച് അലമുറയിട്ട് കരയുന്ന ജൂഹിയുടെ വീഡിയോകൾ എല്ലാവരുടേയും കണ്ണ് നിറയിച്ചിരുന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഉപ്പും മുളകും പരമ്പരയിൽ നിന്ന് ജൂഹി ഒരിടവേളയെടുത്തത്. ശേഷം തന്റെ യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെച്ച് ജൂഹി എത്താറുണ്ടായിരുന്നു. യാത്ര വ്ലോഗുകൾ അടക്കമുള്ളവയാണ് ജൂഹി യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിരുന്നത്. ഉപ്പും മുളകിനും ശേഷം മോഡലിങ്ങിലും സജീവമായിരുന്നു ജൂഹി.


Click it and Unblock the Notifications











