പൗര്‍ണ്ണമിയല്ല കാവ്യയാണ് വിഷ്ണുവിനെ സ്വന്തമാക്കുന്നത്, വിവാഹത്തെക്കുറിച്ച് പൗര്‍ണ്ണമിത്തിങ്കള്‍ നായകന്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് വിഷ്ണു നായര്‍. പൗര്‍ണ്ണമിത്തിങ്കളെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് താരം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയനായകനായി മാറുകയായിരുന്നു താരം. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു വിഷ്ണു അഭിനയരംഗത്ത് തുടക്കം കുറിച്ചത്. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.
പൗര്‍ണിമയായി അഭിനയിക്കുന്ന ഗൗരിയെ ആയിരിക്കും വിഷ്ണു വിവാഹം ചെയ്യുകയെന്നായിരുന്നു ആരാധകര്‍ കരുതിയത്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ഇവര്‍ പകര്‍ത്തുമോയെന്നായിരുന്നു ചോദ്യം. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞത്. അടുത്തിടെയായിരുന്നു വിഷ്ണുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഗൗരിയുള്‍പ്പടെ പൗര്‍ണ്ണമിത്തിങ്കളിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് വിഷ്ണു എത്തിയിരുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് വാചാലനായത്.

ചാനലിലൂടെ
സ്വന്തമായി യൂട്യൂബ് ചാനലുണ്ട് വിഷ്ണുവിന്. ചാനലിലൂടെ വിവാഹ വിശേഷം അറിയിക്കാനായിരുന്നു കരുതിയത്. വേറെയും ചില പ്ലാനുകളുണ്ടായിരുന്നു. അതിനിടയിലാണ് എന്‍ഗേജ്‌മെന്‍ര് ഫോട്ടോസ് പുറത്തുവന്നത്. അങ്ങനെ ആ പരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിഷ്ണു പറയുന്നു. വിവാഹ വാര്‍ത്ത രഹസ്യമാക്കാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോള്‍ വിവാഹം വേണ്ടെന്നായിരുന്നു തീരുമാനിച്ചത്. പിന്നെ അതങ്ങ് തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

ഗൗരിയെക്കുറിച്ച്
ഞാനും ഗൗരിയും പ്രണയത്തിലാണോയെന്നാണ് ആളുകള്‍ ചോദിക്കാറുള്ളത്. ബെസ്റ്റ് ഫ്രണ്ട്‌സാണ് ഞങ്ങള്‍. പ്രേമും പൗര്‍ണ്ണമിയുമാവുന്നത് സ്‌ക്രീനിലാണ്. സൗഹൃദത്തിന് അപ്പുറം തങ്ങള്‍ തമ്മില്‍ യാതൊന്നുമില്ലെന്നും വിഷ്ണു പറയുന്നു. വിവാഹം നടക്കേണ്ട സമയത്ത് നടക്കും. പറ്റിയ ആളെ കണ്ടെത്തിയാല്‍ അതങ്ങ് നടക്കും. നമുക്ക് യോജിച്ച ആളാണോയെന്നത് സംസാരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. പരസ്പരം സംസാരിച്ചതിന് ശേഷമായാണ് ഈ പ്രൊപ്പോസലിന് ഓക്കെ പറഞ്ഞത്.

കാവ്യയെക്കുറിച്ച്
കാവ്യയെന്നാണ് പ്രതിശ്രുത വധുവിന്റെ പേര്. ആള്‍ അഡ്ജസ്റ്റബിളാണ്. പരിചയപ്പെട്ട് ഇത്രയും നാളായിട്ട് ഒരിക്കല്‍പ്പോലും തനിക്ക് ആളോട് ദേഷ്യപ്പെടേണ്ടി വന്നിരുന്നില്ലെന്നും താരം പറയുന്നു. പ്രണയവിവാഹമല്ല ഇത്. ആലോചനയായി വന്നതാണ്. ഒരേ കോളേജില്‍ പഠിച്ചവരും നാട്ടുകാരുമൊക്കെയാണെന്ന് അറിഞ്ഞത് അടുത്തിടെയാണ്. അമ്മയുടെ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് താന്‍. കാവ്യ അമ്മയെ നന്നായി നോക്കുമെന്ന് ഉറപ്പുണ്ട്. അമ്മയും ഈ പ്രൊപ്പോസലിന് ഓക്കെ പറഞ്ഞതാണ്.

ജോലി
ജോലിക്കായുള്ള തിരച്ചിലിലാണ് കാവ്യ. ടിക് ടോക് വീഡിയോ ഒക്കെ ചെയ്യുമായിരുന്നു. അഭിനയത്തില്‍ താല്‍പര്യമില്ല. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും താനും ആ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിഷ്ണു പറയുന്നു. പ്രേമിനും പൗര്‍ണ്ണിക്കും ഇത്രയധികം പിന്തുണ നല്‍കുന്നതില്‍ ആരാധകരോട് കടപ്പാടുണ്ട്. ഇപ്പോഴത്തെ സ്‌നേഹവും പിന്തുണയും എന്നും വേണമെന്നാണ് പറയാനുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications