സിനിമയായിരുന്നു സ്വപ്നം! ആദ്യ ദിവസം തന്നെ എല്ലാം കാണും! അവനിപ്പോൾ ജീവിതം തിരികെ പിടിക്കുകയാണ്!
ഹൃദയാഘാതത്തെ തുടര്‍ന്ന് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുകയാണ് രാജേഷ് കേശവ്. സിനിമയും, പരിപാടികളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം വീണുപോയത്. അപ്രതീക്ഷിതമായിരുന്നു ആ വീഴ്ച. രണ്ട് മാസത്തിലധികമായി അദ്ദേഹം ആശുപത്രിയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ രാജേഷ് തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. രാജേഷിന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞുള്ള പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാജേഷിനെ വെല്ലൂരിൽ കാണുമ്പോൾ. ലോകം മുഴുവൻ ഓടി നടന്ന്, സ്റ്റേജുകളിൽ തന്റെ വാക്ധോരണി കൊണ്ടും, പഞ്ച് ഡയലോഗു കൊണ്ടും താരങ്ങളെയും കാണികളെയും ആവേശഭരിതനാക്കിയവൻ. സിനിമ ഒരു സ്വപ്നമായി കൊണ്ട് നടന്നവൻ. ഇറങ്ങുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണണമെന്ന് വാശിയുള്ളവൻ. പരിചയമുള്ളവരെയും ഇല്ലാത്തവരുടെയും പ്രൊജക്ടുകൾ അനൗൺസ് ചെയ്യുമ്പോൾ ഒരേ ആവേശത്തോടെ അത് ഷെയർ ചെയ്തിരുന്നവൻ. എന്നും എപ്പോഴും സിനിമ ആയിരുന്നു അവന്റെ എല്ലാം. സ്റ്റേജ് ഷോകൾ അവനൊരു ലഹരി ആയിരുന്നു. സുഹൃത്തുക്കൾ അവന്റെ വീക്നെസ്സും.

അവനിപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്. അല്ലെങ്കിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാളെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്. കൈ കാലുകൾ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു ബാല്യത്തിലെന്ന പോലെ. വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു ഓരോന്നായി പഠിപ്പിക്കുന്ന, നിർബന്ധിച്ചു ചെയ്യിപ്പിക്കുന്ന ഈ രീതി നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല.കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇവിടെ നടക്കുന്നത് അതാണ്.
തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ നമ്മുടെ രാജേഷ് മുന്നോട്ടുള്ള യാത്രയിലാണ്. എത്ര നാൾ അല്ലെങ്കിൽ എന്നാണ് എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ ഒന്നുണ്ട്. അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല. അത്രയേറെ സ്വപ്നങ്ങളുടെ മല കയറുമ്പോഴാണ് അവൻ കിടപ്പിലായത്. ആ പാതയിൽ ഞാനടക്കമുള്ള ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബന്ധിക്കപ്പട്ടിരിക്കുന്നു.
രാജേഷിന് എങ്ങനെയുണ്ടെന്നു എപ്പോഴും ചോദിക്കുന്നവരോടാണ്. അവൻ തിരിച്ചു വരാനുള്ള കഠിന പ്രയത്‌നത്തിലാണ്. അത് ശ്രമകരമാണ്, ഏറെ സമയം വേണ്ട ഒന്നാണ്. ആ ശ്രമത്തിന് താങ്ങായി തണലായി കൂടെ നിൽക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു. രാജേഷിന്റെ ചികിത്സ ചിലവുകൾ ഭാരിച്ചതാണ്. അതറിഞ്ഞു അവന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മ ഒരു തുക കലക്റ്റ് ചെയ്ത് രാജേഷിന്റെ പത്നിയുടെ പേരിൽ അയച്ചു കൊടുത്തതടക്കമുള്ള നല്ല മനസ്സുകൾ ഇവിടെയുണ്ടെന്നത് എറെ സമാധാനം നൽകുന്നവയാണ്. അതിനു മുൻകൈ എടുത്ത എല്ലാ നല്ല മനസ്സുകളോടും എന്നും സ്നേഹം. ഇനിയും ചികിത്സ തുടരും. അവൻ തിരിച്ചു വരും. വീണ്ടും പഴയ പോലെ ആവേശം തുളുമ്പുന്ന പെർഫോമൻസുമായി. പ്രാർത്ഥനയും സ്നേഹവും. നമുക്കും തുടരാം.
എത്രയും പെട്ടെന്ന് ഭേദമാവട്ടെ, പഴയത് പോലെ ഓടിനടന്ന് പരിപാടികള്‍ ചെയ്യട്ടെ. ഞങ്ങളുടെ പ്രാര്‍ത്ഥന അദ്ദേഹത്തിനൊപ്പമുണ്ട്. പഴയ ഊര്‍ജസ്വലതയോടെ അദ്ദേഹത്തെ സ്‌റ്റേജില്‍ കാണാനായി കാത്തിരിക്കുന്നു. ഇത്രയുംപേരുടെ പ്രാര്‍ത്ഥനകള്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന് തിരിച്ചുവരാതിരിക്കാനാവില്ല, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.


Click it and Unblock the Notifications











