87 ദിവസമായി ഈ കിടപ്പ് തുടങ്ങിയിട്ട്! വെല്ലൂരിലെത്തിയിട്ട് രണ്ട് മാസവും! വനവാസം കഴിഞ്ഞ് അവന്‍ തിരിച്ചുവരും
അവതാരകനും അഭിനേതാവുമായ രാജേഷ് കേശവ് ആശുപത്രിയില്‍ തുടരുകയാണ്. കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസമാകുന്നു വെല്ലൂരിലെത്തിയിട്ട്. ഈ കിടപ്പിന് 87 ദിവസത്തെ വേദനയും. രാജേഷിന്റെ സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
പ്രിയപ്പെട്ട രാജേഷ് കേശവ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു. ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും.
അവൻ ഹോസ്റ്റ് ചെയ്ത,ലോക' 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും, അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു. സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നത് മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവന് ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്റ്റീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/ റെസ്പോൺസ് ഉണ്ട്. അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി.
ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും,, ആത്മസമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു.
പ്രാർത്ഥനയും സ്നേഹവും തുടരുക. പലരുടെയും സ്നേഹാന്വെഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല. വരും. എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു. നന്ദി, സ്നേഹം, പ്രാർത്ഥന എന്നായിരുന്നു കുറിപ്പ്.ഉറപ്പായും അവന്‍ വരും. ആ നിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു കമന്റുകള്‍.
റിയാലിറ്റി ഷോകളും ടോക് ഷോകളുമൊക്കെയായി ശ്രദ്ധേയനായതാണ് രാജേഷ് കേശവ്. അവതാരകനായി പേരെടുത്തതോടെയായിരുന്നു സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍, നീന, തട്ടിന്‍പുറത്ത് അച്യുതന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.


Click it and Unblock the Notifications











