ആറ് മാസത്തിന് ശേഷം സ്വന്തം നാട്ടിൽ! ഇപ്പോൾ നല്ല മാറ്റമുണ്ട്! രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്ത്
ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് രാജേഷ് കേശവ്. സിനിമാംസംബന്ധിയായ പരിപാടികളിലും, അവാര്‍ഡ് ചടങ്ങുകളിലും, ചാനലുകളിലും, സിനിമയിലുമൊക്കെയായി സജീവമായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി വന്ന അസുഖമായിരുന്നു രാജേഷിനെ വീഴ്ത്തിക്കളഞ്ഞത്. തിരുവനന്തപുരത്ത് നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ വെല്ലൂരിലെ ചികിത്സയ്ക്ക് ശേഷമായി തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം. അടുത്ത സുഹൃത്തായ പ്രതാപ് ജയലക്ഷ്മിയായിരുന്നു രാജേഷിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
രാജേഷ് തിരുവനന്തപുരത്തേയ്ക്ക്. പ്രിയ സുഹൃത്ത് രാജേഷിനെ കഴിഞ്ഞ 6 മാസത്തെ ചികിത്സകൾക്ക് ശേഷം പിറന്ന നാട്ടിലേക്ക് കൊണ്ട് വന്നു. ഇനി കുറച്ചു നാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും, ശേഷം വീട്ടിൽ തന്നെ തുടർ ചികിത്സകൾ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടയിൽ വളരെ സങ്കീർണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും സിഎംസി വെല്ലൂർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. അവിടുത്തെ പിഎംആർ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ നല്ല മാറ്റങ്ങൾ അത് പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നൽകിയിട്ടുണ്ട്. ഇനിയും ഈ രീതികൾ നാട്ടിൽ തുടരാനാണ് തീരുമാനം.

വെല്ലൂർ ആശുപത്രിയിലെ നാലു ചുമരുകൾക്ക് അപ്പുറം നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനിൽ കൂടുതൽ ഊർജവും റിസൾട്ടും ഉണ്ടാകുമെന്നു ഡോക്ടർമാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നത്. ആശുപത്രിയിൽ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഭാരിച്ച തിരക്കുകൾ ഇടയിലും ഒരു ദിവസം മുഴുവൻ രാജേഷിനൊപ്പം സമയം ചിലവഴിച്ചു, ഡോക്ടർമാരുടെ പാനലുമായി ചികിത്സാ കാര്യങ്ങൾ ഏകോപിച്ച ശ്രീ സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്.
ആർ ശ്രീകണ്ഠൻ നായർ , കൃഷ്ണമൂർത്തി എസ് ആർ എന്നിവരോടും തീരാത്ത നന്ദി. രാജേഷിന്റെ ക്ലാസ്സിലെ ചില സുഹൃത്തുക്കൾ, മുൻപ് കൂടെ ജോലി ചെയ്തിരുന്നവരിൽ ചിലരൊക്കെ ആശുപത്രിയിൽ വരികയും പഴയ ഓർമ്മകളിലേക്ക് അവനെ കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ എത്തിയത് മുതൽ ഇന്നുവരെയും ഞങ്ങളെ ചേർത്ത് നിർത്തിയ കുറച്ചു ദൈവ തുല്യരായ ആളുകളുണ്ട്, ഒപ്പം ചെറുതും വലുതുമായി ചികിത്സാ ചിലവുകൾക്ക് അറിഞ്ഞു സഹായം നൽകിയ ചില വലിയ സുമനസ്സുകളുടെ കാരുണ്യത്തിന് മുന്നിൽ പറയാൻ വാക്കുകളില്ല.
ഇത്രയും കാലം കൂടെ നിന്നവരോട്, ചേർത്ത് നിർത്തിയവരോട്, രാജേഷിന്റെ വിവരങ്ങൾ കൃത്യമായി അന്വേഷിക്കുന്നവരോട്. ഇനിയും അവന്റെ യാത്രയിൽ നിങ്ങൾ കൂടെ വേണം, അവനും അവന്റെ കൂടെയുള്ളവരും വീണു പോകാതെ താങ്ങി നിർത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം. അറിഞ്ഞു ചെയ്യണം. അവൻ തിരിച്ചു വരും, വന്നേ പറ്റൂ. എപ്പോൾ എന്നത് ദൈവ നിശ്ചയം. പ്രാർത്ഥനകൾ തുടരുക. പ്രതീക്ഷയുടെ വെളിച്ചം അകലെയല്ല. കുറിപ്പിനൊപ്പം ചേർത്ത ഫോട്ടോ പഴയതാണ്, വീഡിയോകൾ ഇപ്പോഴത്തേതാണെന്നും പ്രതാപ് കുറിച്ചിരുന്നു.


Click it and Unblock the Notifications
















