രാമായണത്തില്‍ സുഗ്രീവനായി വേഷമിട്ട ശ്യാം സുന്ദര്‍ അന്തരിച്ചു
ദൂരദര്‍ശനിലെ രാമായണം സീരിയലില്‍ സുഗ്രീവനായി അഭിനയിച്ച നടന്‍ ശ്യാം സുന്ദര്‍ അന്തരിച്ചു. രാമായണത്തിലെ സഹതാരം അരുണ്‍ ഗോവിലാണ് ശ്യാം സുന്ദറിന്റെ മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതെന്ന് അരുണ്‍ ഗോവില്‍ ട്വിറ്ററില്‍ കുറിച്ചു. സൗമ്യനും മാന്യനുമായ വ്യക്തിയായിരുന്നു ശ്യാം സുന്ദര്‍. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ അരുണ്‍ ഗോവില്‍ ട്വീറ്റ് ചെയ്തു.

ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം. ശ്യം സുന്ദറിന്റെ ഭാര്യ മുന്‍പ് മരിച്ചിരുന്നു. രാമായണം സീരിയിലിലൂടെയാണ് ശ്യാം സുന്ദറിന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ശ്രദ്ധേയനായെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. രാമായണത്തില്‍ സുഗ്രീവിന്റെ വേഷം ശ്രീരാമന്റെ വനവാസ കാലത്താണ്. രാവണനുമായുള്ള യുദ്ധത്തില്‍ വനരാജാവായ സുഗ്രീവന്‍ രാമനെ സഹായിക്കുന്നു. തുടര്‍ന്ന് രാമന്റെ അടുത്ത സുഹൃത്തായി സുഗ്രീവന്‍ മാറുന്നു.
രാമാനന്ദസാഗറാണ് ജനപ്രിയ പരമ്പരയായിരുന്ന രാമായണം സംവിധാനം ചെയ്തിരുന്നത്. അരുണ്‍ ഗോവില്‍ രാമനായി എത്തിയ പരമ്പരയില്‍ സീതയായി ദീപിക ചിക്കാലിയയും ലക്ഷ്മണനായി സുനില്‍ ലഹ്രിയും അഭിനയിച്ചു. ഹനുമാനായി ദാരാ സിങ്ങും രാവണനായി അരവിന്ദ് ത്രിവേദിയുമാണ് എത്തിയത്. അടുത്തിടെയാണ് രാമായണം ദൂരദര്‍ശനില്‍ വീണ്ടും പുന:സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. ലോക് ഡൗണ്‍ സമയം പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചത്.
1987-88 കാലഘട്ടത്തിലായിരുന്നു രാമായണം സംപ്രേക്ഷണം ചെയ്തിരുന്നത്. വാല്‍മീകി രചിച്ച പുരാണ കാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം സീരിയല്‍. 78 എപ്പിസോഡുകളാണ് രാമായണത്തിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്. പരമ്പരയില്‍ അരുണ്‍ ഗോവില്‍ ആയിരുന്നു രാമനായും വിഷ്ണുവായും വേഷമിട്ടിരുന്നത്. 35 മിനുട്ട് ദൈര്‍ഘ്യമുളള എപ്പിസോഡുകളായിരുന്നു രാമായണത്തിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്.


Click it and Unblock the Notifications











