ഞാന്‍ കുടിക്കുന്നതും എന്റെ വസ്ത്രവുമൊക്കെ നെഗറ്റീവായി! അന്ന് എന്നെ തെറി വിളിച്ചിരുന്ന് പറയുന്നവരുണ്ട്; രഞ്ജിനി
മലയാളക്കരയില്‍ അവതാരകയായി വന്ന് ജനപ്രീതിയില്‍ ഒന്നാമതെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. മംഗ്ലീഷ് രീതിയില്‍ സംസാരിച്ചും ആളുകളെ കെട്ടിപ്പിടിച്ചുമൊക്കെ രഞ്ജിനി വാര്‍ത്തകളില്‍ നിറഞ്ഞു. തന്റെ ജീവിതരീതി അക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്ന് പറയുകയാണ് രഞ്ജിനി.
ബിഗ് ബോസ് ഷോ യില്‍ പോയതോട് കൂടിയാണ് തന്നെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതെന്നും വിര്‍ച്യൂല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലൂടെ രഞ്ജിനി വ്യക്തമാക്കുന്നു.
ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ഞാന്‍ മത്സരിച്ചിരുന്നത്. അതിനോടുള്ള അറ്റാച്ചമെന്റ് കൊണ്ട് ഷോ യില്‍ നിന്നുമിറങ്ങിയതിന് ശേഷം ഞാന്‍ ബാക്കിയുള്ള എപ്പിസോഡുകള്‍ കണ്ടു. പിന്നീട് ഞാനൊരു ബിഗ് ബോസും കാണില്ലെന്ന് തീരുമാനിച്ചു. കാരണം അത്രയും ഡ്രാമാറ്റിക്കാണ്. വേറൊരു ലോകമാണെന്ന് പറയാം.
മുന്‍പ് ഇംഗ്ലീഷിലെ ബിഗ് ബോസ് കണ്ടിരുന്ന ആളാണ് ഞാന്‍. എന്റെ സീസണ്‍ കഴിഞ്ഞതോടെ ഞാനത് നിര്‍ത്തി. വീണ്ടും തുടങ്ങിയത് മലയാളം ബിഗ് ബോസ് സീസണ്‍ സിക്‌സ് വന്നപ്പോഴാണ്. അതില്‍ എന്റെ സുഹൃത്തായ ജാന്‍മണി വന്നത് കൊണ്ട് എപ്പിസോഡ് മാത്രമല്ല ഇരുപത്തിനാല് മണിക്കൂറും ഷോ കാണാന്‍ ശ്രമിച്ചിരുന്നു.

ആ വീടിനകത്ത് എന്തൊക്കെയായിരിക്കും നടക്കുന്നതെന്ന് എനിക്കറിയാം. അതുകൊണ്ട് ജാന്‍മണിയ്ക്ക് വേണ്ടി ഞാനത് കണ്ടു. ഇപ്പോഴും അതിലൊരു അഡിക്റ്റായി ട്രാപ്പിലായി ഇരിക്കുകയാണെന്ന് പറയാം. ബിഗ് ബോസ് പോലൊരു ഷോ യുടെ ഫോര്‍മാറ്റ് എന്ന് പറഞ്ഞാല്‍ അപ്പുറത്ത് വീട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളാണ്. നമ്മളത് കണ്ട് കഴിഞ്ഞാല്‍ പിന്നെ ട്രാപ്പിലായി പോകും.
ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ട് വളര്‍ന്നൊരു കുട്ടിയാണ് ഞാന്‍. സ്റ്റാര്‍ സിംഗറില്‍ വന്നപ്പോഴാണെങ്കിലും എന്റെ ഇംഗ്ലീഷ് ആണെങ്കിലും എന്റെ കെട്ടിപ്പിടുത്തവും വസ്ത്രധാരണവും ഞാന്‍ പാര്‍ട്ടി നടത്തുന്നതും കുടിയ്ക്കുന്നതുമൊക്കെ ഭയങ്കര നെഗറ്റീവായിട്ടാണ് ആ സമയത്ത് ആള്‍ക്കാര്‍ കണ്ടിരുന്നത്. എന്റെ ജോലി ഞാന്‍ മര്യാദയ്ക്ക് ചെയ്യും എന്നൊരു പരിഗണന മാത്രമേ എനിക്ക് ലഭിച്ചിരുന്നുള്ളു.
എന്റെ ഒരു ജീവിതരീതിയൊക്കെ ഇന്നത്തെ തലമുറയ്ക്ക് മനസിലാകും. ഇന്നത്തെ പലര്‍ക്കും എന്നെ മനസിലാക്കാന്‍ സാധിച്ചത് ഈ ജീവിതമെന്താണെന്ന് അവര്‍ക്ക് മനസിലായത് കൊണ്ടാണ്. ഒരു പ്രായം കഴിയുമ്പോള്‍ നമ്മള്‍ സ്വന്തമായി കാശുണ്ടാക്കുകയും വീടുണ്ടാക്കുകയും കാര്‍ വാങ്ങിക്കുകയും ലോകം കാണുമ്പോഴും അത് നമുക്ക് തരുന്നൊരു കോണ്‍ഫിഡന്‍സുണ്ട്. ഒരു സ്വതന്ത്ര്യമുണ്ട്. സ്വതന്ത്ര്യമെന്ന വാക്കിന് ഭയങ്കര പവറാണ്. ചെറിയ പ്രായത്തില്‍ ഞാനത് നേടിയെടുത്തു.

യുവതലമുറയ്ക്ക് എന്നെ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചുവെന്ന് പറയാം. അന്ന് ഞാന്‍ രഞ്ജിനിയെ തെറി വിളിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളെ മനസിലാക്കുന്നുവെന്ന് പറയുന്നവരുണ്ട്. അതിന് ബിഗ് ബോസ് എന്നെ കുറേ സഹായിച്ചിട്ടുണ്ട്.
ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പുറത്ത് വരുന്നില്ല. അതോണ്ട് സത്യാവസ്ഥ നമുക്ക് മനസിലാവുകയുമില്ല. ഞാന്‍ അവിടെ താമസിച്ചിരുന്ന സമയത്ത് എല്ലാവര്‍ക്കും പരസ്പരം അറിയുന്നവരായിരുന്നു. പേളി, സാബു, ശ്വേത ഒക്കെ നേരിട്ട് പരിചയമുള്ളവരാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കുട്ടികളാണ്. വേറെ ടൈപ് ഓഫ് ആളുകളാണ്. അവര്‍ക്ക് പറയാനുള്ള കഥകളും വേറെയായിരിക്കും.
ഞാന്‍ വളരെ സാധാരണക്കാരിയാണ്. പക്ഷേ എന്നെ കണ്ടാല്‍ ആരും അങ്ങനെ പറയില്ല. കാഴ്ചയില്‍ ആഡംബരത്തില്‍ ജീവിക്കുന്നുവെന്നാണ്. എന്റെ ലുക്കും വസ്ത്രവും സംസാരവുമൊക്കെ കണ്ടിട്ടാണ് പലരും വിമര്‍ശിക്കുന്നത്. ഞാന്‍ ജനിച്ചത് വളരെ സാധാരണയൊരു കുടുംബത്തിലാണ്. ബാക്കിയൊക്കെ ജീവിതാനുഭവത്തിലൂടെ നേടി എടുത്തതാണ്.


Click it and Unblock the Notifications