മാനസീക സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ അവർ; നിറകണ്ണുകളോടെ രേഖ
മുൻകാല ജീവിതത്തിന്റെ പേരിൽ നിരന്തരമായി തേജോവധം ചെയ്യപ്പെടുന്നത് മാനസീക വിഷമത്തിലാക്കുന്നുവെന്ന് സീരിയൽ-സിനിമാ താരം രേഖ രതീഷ്. രണ്ട്, മൂന്ന് മാസങ്ങളായി ഒരു കൂട്ടം യുട്യൂബേഴ്സ് തന്റെ പിന്നാലെ കൂടി തന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ ക്യാപ്ഷൻസ് കൊടുത്ത് വീഡിയോകൾ ഇറക്കുന്നതായി രേഖ പരാതിപ്പെടുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുള്ള നിവേദനം പോലെയായിരുന്നു സോഷ്യൽമീഡിയയിൽ രേഖ രതീഷ് പങ്കുവെച്ച വീഡിയോ.
നിറഞ്ഞ കണ്ണുകളും തൊഴുകൈകളുമായാണ് ഇപ്പോൾ കടന്ന് പോകുന്ന മാനസീകാവസ്ഥയെ കുറിച്ച് രേഖ വിശദീകരിച്ചത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ശ്രീ പിണറായി വിജയൻ സാറിന്... കഴിഞ്ഞ എട്ടൊമ്പത് മാസമായി ജോലിയില്ലാതെ ഞാൻ എന്റെ ഫ്ലാറ്റിൽ കഴിയുകയാണ്.

രണ്ട്, മൂന്ന് മാസങ്ങളായി ഒരു കൂട്ടം യുട്യൂബേഴ്സ് എന്റെ പിന്നാലെ എന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ ക്യാപ്ഷൻസ് കൊടുത്ത് എന്നെ കുറിച്ച് ഓരോന്ന് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. മാനസീക സമ്മർദ്ദം എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാർ. ഈ ഇടക്കാലത്തായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവൻ പൊലിഞ്ഞ് പോകുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ... എന്റെ മകന് വേണ്ടിയിട്ട്.
പക്ഷെ ഈ യുട്യൂബേഴ്സ് കാരണം എനിക്ക് മുന്നോട്ട് ജീവിച്ച് പോകാൻ ശേഷിയില്ലാതെയാവുകയാണ്. മാനസീകമായ സമ്മർദ്ദവും... എനിക്ക് ജീവിക്കാൻ പറ്റുന്നില്ല സാർ. ഇങ്ങനൊരു വീഡിയോ ചെയ്യാനുള്ള കാരണം... എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തുകൊണ്ട് എന്ന ചോദ്യം വന്നാൽ എന്നെ തേജോവധം ചെയ്യുന്ന യുട്യൂബേഴ്സ് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണമെന്ന് എനിക്ക് അറിയിക്കണം.
ഇത് കൊണ്ടെങ്കിലും ഇവിടെ അവസാനിക്കണം ഈ കാര്യങ്ങൾ. എന്നെ മാത്രമല്ല എന്റെ ഫീൽഡിലുള്ള ഒരു കൂട്ടം ആൾക്കാരെ ഇതുപോലുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യുട്യൂബേഴ്സുണ്ട്. ദയവ് ചെയ്ത് ഇതിന് എതിരെ ശക്തമായ തീരുമാനം എടുക്കണം. എനിക്ക് വേണ്ടി മാത്രമല്ല മറ്റ് സഹോദരന്മാർക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാതെ സർക്കാർ ഒരു തീരുമാനമെടുത്ത് ഇതിൽ നിന്നും ഞങ്ങളെ എല്ലാം രക്ഷിക്കണമെന്ന് താഴ്മയോട് കൂടി ഞാൻ അപേക്ഷിക്കുന്നു എന്നായിരുന്നു രേഖയുടെ വാക്കുകൾ.
സുഹൃത്തും തമിഴ് സീരിയൽ നടനുമായ ഈശ്വർ രഘുനാഥിനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും രേഖ പങ്കുവെച്ച് തുടങ്ങിയശേഷം താരം വീണ്ടും പ്രണയത്തിലാണെന്നും അഞ്ചാമതും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതിനുശേഷമാണ് രേഖയുടെ വ്യക്തി ജീവിതത്തിൽ മുമ്പ് സംഭവിച്ച കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി ചില യുട്യൂബേഴ്സ് മോശമായ ക്യാപ്ഷനുകൾ നൽകി വീഡിയോ ചെയ്ത് തുടങ്ങിയത്. ഇതിന് എതിരെയാണ് രേഖ പുതിയ വീഡിയോയിലൂടെ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്. രേഖയുടെ വീഡിയോ വളരെ വേഗത്തിൽ ശ്രദ്ധനേടി. ആശ്വാസവാക്കുകളുമായി സീരിയൽ മേഖലയിൽ നിന്നുള്ള താരങ്ങളും രേഖയുടെ സുഹൃത്ത് ഈശ്വറും എത്തി.
അവിവേകം ഒന്നും കാണിക്കരുതെന്നും തങ്ങൾ എല്ലാവരും ഒപ്പമുണ്ടെന്നുമാണ് ഏറെയും പേർ കുറിച്ചത്. സ്ട്രോങ്ങായി നിൽക്കുക. വിഷമം ഉണ്ടാകുമെന്ന് അറിയാം. തോറ്റു കൊടുക്കരുത് ആർക്ക് വേണ്ടിയും എന്നും ചിലർ കുറിച്ചു. നീ ഒരു ധീരയായ സ്ത്രീയാണ്. ജീവിതത്തിൽ നീ ധാരാളം നേരിട്ടിട്ടുണ്ട്. നിന്റെ ചുറ്റുമുള്ള ആളുകൾക്ക് നീ ആരാണെന്ന് അറിയാം. ഇവരെയെല്ലാം കൂടാതെ നിന്റെ ജീവിതത്തിലെ ഏത് ഘട്ടത്തിലും നിന്നെ പിന്തുണയ്ക്കാൻ ഒരുപാട് ദയയുള്ള സുഹൃത്തുക്കൾ, ആരാധകർ, അനുയായികൾ, പിന്തുണക്കാർ എന്നിവരുണ്ട്.
വിഷമിക്കേണ്ട. മൂന്നാംകിട യുട്യൂബർമാരും സ്വാധീനമുള്ളവരും എന്തും പറയട്ടെ. നിന്നെ കുറിച്ച് മോശം വീഡിയോകൾ ചെയ്ത് ഈ ആളുകൾ അവരുടെ ഉപജീവനത്തിനായി പണം സമ്പാദിക്കുന്നു. ഏതൊക്കയോ വിധത്തിൽ നീ ഈ പാവപ്പെട്ട യൂട്യൂബർമാരെയും അവരുടെ കുടുംബത്തെയും പോറ്റുകയും സഹായിക്കുകയും ചെയ്യുന്നു.
നീ ശക്തയാണ് ശരിയായ രീതിയിൽ പണം സമ്പാദിച്ചുകൊണ്ട് സ്വന്തം കാലിൽ നിൽക്കുന്നു. നിനക്കും അയാനും വളരെ ശോഭനമായ ഭാവിയുണ്ട്. ദൈവം നിങ്ങളോടൊപ്പമുണ്ട് എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും എന്നാണ് രേഖയെ ആശ്വസിപ്പിച്ചുകൊണ്ട് ഈശ്വർ കുറിച്ചത്.


Click it and Unblock the Notifications











