എനിക്ക് പറ്റിയ തെറ്റാണ്, അഞ്ച് മാസം ഗർഭിണിയാണന്ന്, ചാനൽ ഷോയിൽ സംസാരിച്ച രീതി; തുറന്ന് പറഞ്ഞ് രേഖ രതീഷ്
സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി രേഖ രതീഷ്. ശ്രദ്ധേയ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസിൽ സ്ഥാനം നേടിയ രേഖയുടെ ജീവിതം വലിയ തോതിൽ ചർച്ചയായതാണ്. അമൃത ടിവിയിലെ കഥയല്ലിത് ജീവിതം എന്ന ഷോയിൽ വന്നതോടെയാണ് രേഖയുടെ ജീവിതം ഇത്രയേറെ ചർച്ചയായത്. അന്നത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ രേഖയ്ക്കെതിരെ സംസാരിച്ചു. ഏറെക്കാലം ഇതിന്റെ പേരിൽ രേഖയ്ക്ക് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രേഖ രതീഷ്. ഷോയിൽ താൻ സംസാരിച്ച രീതി ശരിയായില്ലെന്ന് നടി പറയുന്നു. മീഡിയ ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
എനിക്ക് പറ്റിയ തെറ്റായിരുന്നു അത്. ഒരു പ്രത്യേക ഘട്ടത്തിൽ എനിക്കൊരു ചാനൽ പ്രോഗ്രാം അറ്റൻഡ് ചെയ്യേണ്ടി വന്നു. എന്റെ അറിവില്ലായ്മയായിരിക്കാം. എന്റെ വോയ്സ് ലൗഡ് ആണ്. ചെറുതായി പറയുന്ന കാര്യവും മറ്റുള്ളവർ എടുക്കുന്ന രീതി മറിച്ചായിരിക്കും. അല്ലെങ്കിലേ നമുക്കൊരു നെഗറ്റീവ് ഷാഡോ നമുക്ക് ആ പ്രോഗ്രാം കാരണം ഉണ്ടായി. ആ നെഗറ്റീവ് ഷാഡോ നിൽക്കെയാണ് ഞാൻ ആ പ്രോഗ്രാമിൽ പോയി ഇരിക്കുന്നത്.

ആ ഇമേജുള്ളത് കൊണ്ട് ഞാൻ പറയുന്നതെല്ലാം പ്രേക്ഷകർ നെഗറ്റീവായി എടുത്തു. അന്ന് കുറച്ച് ക്ഷമയോടെ കുറച്ച് പതുക്കെ സംസാരിച്ചിരുന്നെങ്കിൽ അത്രയും വലിയ നെഗറ്റിവിറ്റി ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നില്ല എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ ഞാൻ എങ്ങനെ ശാന്തമായി സംസാരിച്ചാലും പ്രോഗ്രാം എഡിറ്റിംഗ് വെർഷനാണ്. പ്രാേഗ്രാം എഡിറ്റ് ചെയ്ത് മ്യൂസിക് ഇട്ട് എല്ലാ കറക്ഷൻസും ചെയ്താണ് വരുന്നത്. അല്ലാതെ ലെെവ് നേരെ പ്രേക്ഷകർക്ക് കൊടുക്കുകയല്ല ചെയ്തത്.
തിരിഞ്ഞ് ചിന്തിക്കുമ്പോൾ അന്ന് വ്യക്തമായും സമാധാനപരമായും സംസാരിക്കാനുള്ള സാഹചര്യം ഞാനുണ്ടാക്കണമായിരുന്നു എന്ന് തോന്നാറുണ്ട്. അതുകൊണ്ട് എനിക്ക് നല്ല പേര് കിട്ടാൻ പോകുന്നു എന്നല്ല. ഒരു സീരിയലിൽ ഗ്ലിസറിനില്ലാതെ എനിക്ക് കരഞ്ഞഭിനയിക്കാമെങ്കിൽ ഒരു പ്രോഗ്രാമിൽ കരഞ്ഞ് അഭിനയിച്ച് കയ്യടി വാങ്ങി ഇറങ്ങിപ്പോരാൻ എനിക്ക് ഒരുപാട് നേരമാകില്ല. എന്നാൽ ഞാനവിടെ എന്നെ പ്രസന്റ് ചെയ്തു. അത് മറ്റുള്ളവർക്ക് തിരിച്ചറിയാൻ പറ്റിയില്ല.

അന്നത്തെ എന്റെ പ്രായം, സാഹചര്യം, ഫാമിലി ഒപ്പമില്ല എന്നൊക്കെയുള്ള പല പ്രശ്നങ്ങളും എനിക്ക് ചുറ്റിലുമുണ്ട്. ഇതെല്ലാം അതിജീവിച്ച് അഞ്ച് മാസമുള്ള കുഞ്ഞിനെ വയറ്റിലിട്ടാണ് ഞാനന്ന് ആ പ്രോഗ്രാമിൽ നിൽക്കുന്നത്. അപ്പോൾ എല്ലാവരും അപ്പുറത്തുള്ള സ്ത്രീയുടെ വെർഷൻ മാത്രമാണ് നോക്കിയത്. ഇപ്പുറത്ത് നിൽക്കുന്ന എന്റെ വെർഷൻ ചിന്തിക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. ഇന്ന് കുറേപ്പേർക്ക് മനസിലാകുന്നുണ്ടെന്ന് തോന്നുന്നു.
അന്നത്തെ സാഹചര്യങ്ങളൊക്കെ നന്നായെന്ന് തോന്നുന്നു. അതെല്ലാം ഓരോ പാഠങ്ങളായി മാറി. ഇനി എന്ത് വന്നാലും അഭിമുഖീകരിക്കാമെന്ന ശക്തി വന്നെന്നും രേഖ രതീഷ് പറയുന്നു. താൻ അധികം അഭിമുഖങ്ങൾ നൽകാത്തതിനെക്കുറിച്ചും രേഖ രതീഷ് സംസാരിച്ചു. പൊതുവെ ഒരു യൂട്യൂബ് ചാനലിനും അഭിമുഖങ്ങൾ കൊടുക്കാറില്ല. എന്റെ മോനെ ആലോചിച്ചാണ്. നിങ്ങൾ തമ്പ്നെയിൽ ഇടുന്നതിന് മുമ്പേ ആലോചിക്കേണ്ടത് എനിക്കൊരു മകനുണ്ടെന്നാണ്.
അവൻ 9ാം ക്ലാസിൽ പഠിക്കുന്നു. അവന്റെയൊപ്പം ഫ്രണ്ട്സുണ്ട്. അവരുടെ വീട്ടിൽ ഈ അഭിമുഖങ്ങൾ കാണും. തമ്പ്നെയിലുകൾ അവരുടെ വീട്ടിൽ ഉന്നയിക്കപ്പെടും. അത് ആ കുട്ടികൾ കേൾക്കും. അവർ അത് എന്റെ മകനോട് പങ്കുവെക്കും. എന്റെ മകൻ അപ്പോൾ നിൽക്കുന്ന സാഹചര്യം നിങ്ങൾക്ക് മനസിലാക്കാൻ പറ്റില്ല. അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലൊരു കുട്ടിക്ക് അങ്ങനെയൊരു അവസ്ഥയുണ്ടാകണമെന്നും രേഖ രതീഷ് പറഞ്ഞു.


Click it and Unblock the Notifications











