സർജറിക്ക് ശേഷം ഒരു ഘട്ടം കഴിഞ്ഞാൽ, പലർക്കും ഇത് സംഭവിക്കുന്നു; വണ്ണം കുറച്ചതിനെക്കുറിച്ച് രഞ്ജു
മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ഏവർക്കും അറിയാവുന്ന വ്യക്തിയാണ്. ട്രാൻസ് സമൂഹത്തിൽ നിന്നും മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന രഞ്ജു രഞ്ജിമാർ തന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന ആളാണ്. ഇന്ന് ദുബായിലാണ് രഞ്ജു കഴിയുന്നത്. ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ട്. അടുത്ത കാലത്ത് രഞ്ജു രഞ്ജിമാരുടെ വണ്ണം കുറഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു. പോപ്പിൻസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
എനിക്ക് നല്ല ഫിറ്റ് ആയി ഇരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സർജറിക്ക് മുമ്പേ തുടങ്ങിയ ഹോർമോൺ ട്രീറ്റ്മെന്റാണ്. ഏതെങ്കിലും ഒരു അവസ്ഥയിൽ ചെല്ലുമ്പോൾ നമുക്ക് പിടികിട്ടാത്ത തരത്തിൽ തടി വെക്കാൻ സാധ്യതയുണ്ട്. അത്തരം സാധ്യതകൾ പലരിലും സംഭവിക്കുന്നുണ്ട്. സർജറിക്ക് ശേഷം പല കുട്ടികളും പെട്ടെന്ന് തടി വെച്ച് പോകുന്നു.

ഹോർമോൺ തെറാപ്പി കൂടെ ചെയ്യുമ്പോൾ നന്നായിട്ട് തടി വെക്കാൻ സാധ്യതയുണ്ട്. എനിക്ക് നന്നായി തടി വെക്കുകയായിരുന്നു. മുഖം നന്നായി വീർത്ത് വരുന്നുണ്ടായിരുന്നു. ചില ഡ്രസുകൾ എനിക്ക് ചേരുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി. വണ്ണം കുറയ്ക്കണമെന്നത് തന്റെ തീരുമാനമായിരുന്നെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. ആൾക്കാർ എന്ത് പറഞ്ഞാലും അത് കാര്യമാക്കേണ്ടതില്ലെന്നും രഞ്ജു പറഞ്ഞു.
അടുത്തിടെയും തന്റെ സർജറിയെക്കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു. 20 ശതമാനം വിജയ സാധ്യതയുള്ള സർജറിയാണ് ഞാൻ ചെയ്തത്. എന്റെ മോഹമായിരുന്നു അത്. പുറത്തുള്ളവർ എന്ത് പറഞ്ഞാലും ഞാൻ എന്നെ സ്ത്രീയായി കാണുന്നു. എന്റെ പ്രതിബിംബം കാണുമ്പോൾ ഞാനെന്നെ കൂടുതൽ സ്നേഹിച്ചു. ഈ ഘട്ടത്തിൽ വളരെ സ്നേഹിച്ച സൗഹൃദമുണ്ടായി. ഒരു പെണ്ണിനെ സംബന്ധിച്ച് സംരക്ഷണം കിട്ടുന്ന ഇടം വലിയ ആശ്വാസമാണ്. നൂറ് ശതമാനം വിശ്വസിച്ചെങ്കിലും ഈ ബന്ധം തകർന്നെന്ന് രഞ്ജു തുറന്ന് പറഞ്ഞു.

സർജറിക്ക് ശേഷം രഞ്ജു രഞ്ജിമാർ പങ്കുവെച്ച അനുഭവവും ചർച്ചയായിരുന്നു. രണ്ടു കൈകാലുകൾ ബന്ധിച്ചു ഓർമ്മകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ. ആ ദിവസം ഇന്നായിരുന്നു. പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം.
നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും. ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചു കൊണ്ടേ ഇരിക്കും നിങ്ങൾക്ക് തടയാൻ ആവില്ല, സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ എന്നാണ് രഞ്ജു അന്ന് വ്യക്തമാക്കിയത്.


Click it and Unblock the Notifications