അച്ഛൻ മരിച്ച് കിടക്കുന്നു, എന്നെ സംസ്കാര ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയതാണെന്ന് കരുതി; പക്ഷെ...
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജുമാർ ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തയാളാണ്. ട്രാൻസ്വുമണായ രഞ്ജുവിന് കരിയറിൽ ഉയരുക എളുപ്പമായിരുന്നില്ല. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ രഞ്ജുവിന് അഭിമാനിക്കാനേറെയുണ്ട്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് രഞ്ജു രഞ്ജിമാരിപ്പോൾ. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജു.
അച്ഛൻ മരിച്ച സമയത്ത് ഞാൻ അച്ഛൻ ബോഡിയുടെ അടുത്തിരുന്ന് കരയുകയാണ്. ബോഡി മറവ് ചെയ്യേണ്ട സമയം. എന്റെ മനസിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. അച്ഛന്റെ ബോഡി എല്ലാവരും എടുത്ത് കൊണ്ട് പോയി. ഞാൻ മുടിയൊക്കെ വളർത്തി ഷർട്ടും പാന്റുമിട്ട് നിൽക്കുന്നു. എന്റെ സർജറിയൊന്നും കഴിഞ്ഞിട്ടില്ല. ഞാൻ ജനലിൽ കൂടെ നോക്കുന്നുണ്ട്. ചേട്ടൻമാർ ഷർട്ടൊക്കെ അഴിച്ച് സംസ്കാര ചടങ്ങുകൾ ചെയ്യുകയാണ്. അച്ഛന്റെ ചടങ്ങ് നടത്താൻ എനിക്ക് പറ്റില്ലേ എന്ന് ഞാൻ ചോദിച്ചു.

അമ്മയൊന്നും മിണ്ടുന്നില്ല. എന്നെ മാറ്റി നിർത്തിയതാണ്, സാരമില്ല, ഇതെന്റെ വിധി എന്ന് ഞാൻ കരുതി. കുറച്ച് കഴിഞ്ഞ് എന്റെ കുടുംബത്തിലെ മൂത്ത ചേട്ടൻ വന്ന് ഇനി പെണ്ണുങ്ങളെല്ലാം വന്ന് ചടങ്ങ് ചെയ്യൂ എന്ന് പറഞ്ഞു. നീ എഴുന്നേറ്റ് വാടീ എന്ന് എന്നോടും പറഞ്ഞു. ആ സമയത്ത് എനിക്കുണ്ടായ സന്തോഷം. ഓസ്കാർ അവാർഡ് കിട്ടിയത് പോലെയായിരുന്നു. എന്നെ എന്റെ കുടുംബം സ്ത്രീയായി അംഗീകരിച്ച് അച്ഛന്റെ ചടങ്ങിന് വിളിക്കുകയാണ്.
എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ കുടുംബം. അത് എല്ലാവർക്കും കിട്ടണം എന്നാഗ്രഹിക്കുന്ന ആളാണ്. എന്റെ കൂടെ വന്ന് ചേരുന്ന ഓരോ കുട്ടികളെയും എങ്ങനെയൊക്കെ ചേർത്ത് പിടിക്കാമോ അത് പോലെ ചേർത്ത് പിടിക്കുന്ന ആളാണ്. പക്ഷെ എനിക്കിന്നും സാധിക്കാതെ പോയത് ഹരിണിയുടെ കാര്യത്തിലാണ്. ഹരിണിയുടെ കുടുംബം മാത്രം ഇപ്പോഴും അവളെ സ്വീകരിച്ചിട്ടില്ല. അതെനിക്കൊരു വേദനയായി എന്റെ മനസിലുണ്ടെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
മലയാള സിനിമാ ലോകത്ത് മേക്കപ്പ് രംഗത്ത് വലിയ തരംഗമുണ്ടാക്കാൻ രഞ്ജു രഞ്ജിമാർക്ക് സാധിച്ചു. എന്നാൽ അടുത്ത കാലത്തായി അധികം സെലിബ്രിറ്റികൾക്കൊപ്പം രഞ്ജുവിനെ കാണാറില്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞതിന് കാരണം നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് എടുത്തതാണെന്ന് രഞ്ജു പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് എന്നറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ സാക്ഷിയായി.
എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചു. ആ നടിയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് എന്നെ സപ്പോർട്ട് ചെയ്തില്ലെന്നും രഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. കേസിൽ വ്യക്തമായ ബോധ്യം എനിക്കുണ്ട്. എനിക്കറിയാവുന്ന പച്ചയായ സത്യങ്ങൾ ഞാൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈ സംഭവം നടന്ന സ്ഥലത്ത് ഓപ്പോസിറ്റ് വശത്ത് 11 വർഷം താമസിച്ച ആളാണ് ഞാൻ. കുറഞ്ഞത് എന്തെങ്കിലുമൊക്കെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടാകുമല്ലോയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.


Click it and Unblock the Notifications











