രേണുവിന് ഇത് വലിയ അവസരം, ജാസിക്ക് ഗുണം ചെയ്യുകയിങ്ങനെ; ഇരുവരും ബിഗ് ബോസിലേക്കോ?
ബിഗ് ബോസ് മലയാളം ഏഴാം സീസൺ പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ്. സംഭവ ബഹുലമായ ആറാം സീസണിന് ശേഷം ഏഴാം സീസൺ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുകയെന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്. മോഹൻലാലുള്ള പ്രൊമോയുടെ ഷൂട്ട് കഴിഞ്ഞെന്നാണ് വിവരം. ജൂലെെ ആദ്യ വാരത്തിൽ പ്രൊമോ വരാനാണ് സാധ്യത.
ബിഗ് ബോസ് മല്ലു ടോക്സിലെ കമ്മ്യൂണിറ്റി പോസ്റ്റിൽ ബിഗ് ബോസിൽ ഇത്തവണ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളെക്കുറിച്ച് പ്രേക്ഷകർ അനുമാനം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ മാസങ്ങളിലായി തിളങ്ങി നിൽക്കുന്നവർ ബിഗ് ബോസിലേക്ക് എത്തണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. രേണു സുധി ബിഗ് ബോസിൽ ഇത്തവണ മത്സരാർത്ഥിയായെത്തുമെന്ന് പരക്കെ അഭ്യൂഹമുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നാണ് രേണു സുധി.

രേണുവിന്റെ ഫോട്ടോഷൂട്ടും ആൽബം സോങ്സുമെല്ലാം വെെറലായി. ഇതിനിടെ സ്വകാര്യ ജീവിതവും ചർച്ചയായി. കടുത്ത അധിക്ഷേപങ്ങൾ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. രേണു ബിഗ് ബോസിലേക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രേണുവിലൂടെ വലിയൊരു ശതമാനം പ്രേക്ഷക ശ്രദ്ധ ബിഗ് ബോസിലേക്കെത്തും. മാത്രവുമല്ല രേണു സാമ്പത്തിക സുരക്ഷിതത്വത്തിനും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുമാണ് ലെെം ലെെറ്റിലേക്ക് വന്നത്. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം മത്സരാർത്ഥികൾക്ക് നൽകുന്ന ഷോയാണ് ബിഗ് ബോസ്. അതിനാൽ ബിഗ് ബോസിലേക്കുള്ള അവസരം രേണു വേണ്ടെന്ന് വെക്കില്ലെന്നാണ് അനുമാനം.
വെെറൽതാരം ജാസിയാണ് ബിഗ് ബോസിലേക്ക് എത്താൻ സാധ്യതയുള്ള മറ്റൊരു മത്സരാർത്ഥി. ബിഗ് ബോസിലെത്താൻ അതിയായ ആഗ്രഹമുണ്ടെന്ന് ജാസി അഭിമുഖങ്ങളിൽ നേരത്തെ വ്യക്തമാക്കിയതാണ്. രേണുവിനെ പോലെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജാസി. കംപ്ലീറ്റ് എന്റർടെയ്നറാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ജാസിക്ക് ഇപ്പോഴുള്ള ഹേറ്റേഴ്സ് കുറയാനോ കൂടാനോ ബിഗ് ബോസ് കാരണമായേക്കും.

ബിഗ് ബോസ് ജാസിക്ക് ഇനി ലെെം ലെെറ്റിൽ ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ്. ജാസിയെ ബിഗ് ബോസ് ഷോയിലേക്ക് ക്ഷണിച്ചോ എന്ന് വ്യക്തമല്ല. മറ്റൊരു പേര് വേടൻ ആണ്. വേടൻ മത്സരാർത്ഥിയായി വരുമെന്ന് പ്രേക്ഷകർ വാദിക്കുന്നു. ഇന്ന് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വ്യക്തിയാണ് വേടൻ. റാപ്പർ ബിഗ് ബോസിലെത്തിയാൽ ഷോയുടെ ഹെെപ്പ് ഇനിയും കൂടും.
എന്നാൽ വേടൻ എത്തുമെന്ന് ഉറപ്പില്ല. രേഖ രതീഷ്, ഹെലൻ ഓഫ് സ്പാർട്ട, രോഹൻ ലോണ, മെെത്രേയൻ, ജിഷിൻ, അലിൻ ജോസ് പെരേര തുടങ്ങിയവരും പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. ഇവരിൽ ആരൊക്കെ ഷോയിലേക്ക് എത്തുമെന്ന് കാത്തിരുന്ന് കാണാം. ബിഗ് ബോസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് വരും ദിവസങ്ങളിൽ ഇനി സോഷ്യൽ മീഡിയയിൽ നടക്കാൻ പോകുന്നത്. പിആർ വർക്കുകൾ ശക്തമാകും. ഷോയിലേക്കാൾ വലിയ ഗെയിം പലപ്പോഴും പുറത്തും നടക്കാറുണ്ട്.
ഫാൻ ഫെെറ്റുകളുടെ കേന്ദ്രമായി ബിഗ് ബോസ് ഗ്രൂപ്പുകൾ ഇനി മാറും. മത്സരാർത്ഥികളുടെ ജീവിതവും പ്രതിച്ഛായയും മാറ്റി മറിക്കാൻ കെൽപ്പുള്ള ഷോയാണ് ബിഗ് ബോസ്. പുറത്തിറങ്ങിയാലും മത്സരാർത്ഥികൾ തമ്മിൽ മത്സരമുണ്ടെന്ന പ്രതീതിയുണ്ടാകാറുമുണ്ട്. ഏഴാം സീസണിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. കഴിഞ്ഞ സീസൺ പലപ്പോഴും പ്രശ്ന കലുഷിതമായാണ് മുന്നോട്ട് പോയത്. കയ്യാങ്കളി പോലുമുണ്ടായി. കടുത്ത മത്സരമായിരുന്നു അംഗങ്ങൾ തമ്മിൽ. ജിന്റോയാണ് ആറാം സീസണിൽ കപ്പടിച്ചത്. ജാസ്മിൻ ജാഫറായിരുന്നു ഈ സീസണിൽ ഏറ്റവും ചർച്ചയായ മത്സരാർത്ഥി.


Click it and Unblock the Notifications