പെർഫ്യൂം ആരുടെയും കയ്യിൽ കൊടുക്കില്ല, കാരണം; അവസാനമായി ധരിച്ച വസ്ത്രങ്ങൾ ഇവിടെയുണ്ട്: രേണു സുധി
സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾ നേരിടേണ്ടി വന്ന രേണു സുധി അവയെല്ലാം അവഗണിച്ച് മുന്നോട്ട് നീങ്ങുകയാണ്. കുറ്റപ്പെടുത്തിയവരെക്കൊണ്ട് തിരുത്തി പറയിക്കാൻ രേണുവിന് ഇന്ന് സാധിക്കുന്നു. അന്തരിച്ച ഭർത്താവ് നടൻ കൊല്ലം സുധിയുടെ ഓർമകളിലാണ് രേണു ഇന്നും ജീവിക്കുന്നത്. എന്നാൽ രേണു കൊല്ലം സുധിയെ മറന്നു എന്നാണ് വിമർശകരുടെ വാദം. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ കൊല്ലം സുധിയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ച് വെച്ച കാര്യങ്ങളെക്കുറിച്ച് രേണു സംസാരിക്കുന്നുണ്ട്. മരിച്ച അന്ന് ധരിച്ച വസ്ത്രം ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ടെന്ന് രേണു പറയുന്നു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സുധി ചേട്ടന്റെ ഫോട്ടോ പഴ്സിനകത്ത് എപ്പോഴുമുണ്ടാകും. സുധി ചേട്ടന് അധികം ഡ്രസ് ഇല്ല. സ്റ്റാർ മാജിക്കിൽ അവർ കൊടുക്കുന്ന ഡ്രസ് അവിടെ തന്നെ ഊരി കൊടുക്കും. അറിയാതെ കൊണ്ട് വന്നാലും രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് കൊടുക്കും. പിന്നെ ഞങ്ങൾ നിർബന്ധിച്ച് വാങ്ങിക്കുന്നത് കാറോടിക്കാൻ വരുന്ന ഡ്രെെവർമാർക്ക് കൊടുക്കും. ഡ്രസ് അധികമില്ല. പിന്നെ അവസാനമുപയോഗിച്ച ഡ്രസ് സൂക്ഷിച്ച് വെച്ചിരിക്കുകയാണെന്നും രേണു സുധി പറയുന്നു.

പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്. കളഞ്ഞിട്ടില്ല. സുധി ചേട്ടൻ മടക്കിയ മടക്ക് പോലും അങ്ങനെ തന്നെയുണ്ട്. ഏട്ടൻ മടക്കുന്ന രീതിയുണ്ട്. പാന്റിന്റെ അടിയിലും ഒരു മടക്കുണ്ട്. അതും അത് പോലെ വെച്ചിട്ടുണ്ട്. ഞാൻ അവസാനമായി കണ്ടപ്പോൾ ഇട്ട ഡ്രസ് അതാണ്. ഫ്ലവേഴ്സ് ആണ് ഡ്രസ് ഏൽപ്പിച്ചത്. ബാഗുമുണ്ടായിരുന്നു. ബാഗിനകത്ത് മുഴുവൻ ചോരയായിരുന്നു. ഇപ്പോഴും ആ ചോരക്കറ കളഞ്ഞിട്ടില്ലെന്നും രേണു സുധി വ്യക്തമാക്കി.
ട്രോളുകൾ എനിക്ക് വിഷയമല്ല. അത് കണ്ട് ചിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുധി ചേട്ടന്റെ മണം ഇഷ്ടമല്ലെന്ന് പറഞ്ഞ് കുറേ വ്ലോഗർമാർ കുറ്റപ്പെടുത്തി. ഈ പറയുന്ന ഏതെങ്കിലും ഒരുത്തൻ വന്നാൽ പെർഫ്യൂം മണപ്പിച്ച് കാണിക്കാം. സുഗന്ധമാണോ അല്ലയോ എന്ന് നീയൊക്കെ തന്നെ പറ. സ്ക്രീനിന്റെ പുറകെയിരുന്ന് നീയൊക്കെ എന്നെ കൊണ്ട് പറയുന്നുണ്ടല്ലോ. നീയൊക്കെ നേരിട്ട് വാ. സുധീ ലയത്തിൽ ആർക്കും സ്വാഗതം.

ഞാൻ ജീവനോടെയുള്ള കാലത്തോളം ഇത് ഇവിടെ തന്നെയുണ്ടാകും. എന്റെ മരണ ശേഷം എന്താകുമെന്ന് എനിക്കറിയില്ല. ആര് വന്നാലും പെർഫ്യൂം ഞാൻ കാണിച്ച് തരാം. പക്ഷെ ആരുടെയും കയ്യിൽ തരുന്നതിനോട് താൽപര്യമില്ല. എന്റെ കയ്യിൽ തന്നെ ഇരിക്കേണ്ടതാണ്. എന്റെ ഭർത്താവിന്റെ ഓർമയാണ്. അത് കൊണ്ടാണ് ഞാൻ ആരുടയെയും കയ്യിൽ പോലും കൊടുക്കാത്തതെന്നും രേണു സുധി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ കടുത്ത സെെബർ ആക്രമണം രേണു സുധിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിരവധി പേർ രേണുവിനെ ഇന്ന് പിന്തുണയ്ക്കുന്നു. ഭർത്താവ് മരിച്ചെന്ന് കരുതി രേണു സ്വന്തം സ്വപ്നങ്ങൾ കളഞ്ഞ് ജീവിക്കണോ എന്നാണ് അനുകൂലിക്കുന്നവരുടെ ചോദ്യം. സുധിയുടെ ആ ബന്ധത്തിലെ മകനെ സ്വന്തം മകനായി സ്വീകരിക്കാൻ രേണു സുധി തയ്യാറായി. കൊല്ലം സുധിയുടെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. 2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. മരണം രേണുവിന് വലിയ ആഘാതമായിരുന്നു. വിഷമഘട്ടത്തെ അതിജീവിച്ച രേണു സുധി ഇന്ന് അഭിനയ രംഗത്ത് സജീവമാകുകയാണ്.


Click it and Unblock the Notifications