'വാടകക്ക് മാറിയേക്കും, തെണ്ടിയിട്ടാണെങ്കിലും വാടക കൊടുക്കും, വീട്ടിൽ സാധനം വെക്കാൻ ആരെയെല്ലാം ബോധിപ്പിക്കണം?'
കൊല്ലം സുധിയുടെ പുരസ്കാരങ്ങൾ ഭാര്യ രേണു ചാക്കിൽ കെട്ടി സൂക്ഷിച്ചത് വലിയ വിവാദമായിരുന്നു. വീട്ടിൽ സ്ഥലമില്ലാത്തതുകൊണ്ട് ഇപ്പോഴും പുരസ്കാരങ്ങൾ കവറിലിട്ട് ഭദ്രമായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് രേണു. തന്റെ വീട്ടിൽ ഒരു സാധനം വെക്കണമെങ്കിൽ പലരേയും ബോധിപ്പിക്കേണ്ട അവസ്ഥയാണെന്നും രേണു തന്നെ കുറ്റപ്പെടുത്തിയവർക്കുള്ള മറുപടി മെയിൻ സ്ട്രീം വണ്ണിലൂടെ നൽകികൊണ്ട് പറഞ്ഞു.
തന്നെ അറിയിക്കാതെ വന്നല്ല കിച്ചു വീട്ടിലേക്ക് വന്ന് വ്ലോഗ് എടുത്തതെന്നും അവൻ വരും മുമ്പ് വിളിച്ചിരുന്നുവെന്നും രേണു പറഞ്ഞു. ആളുകൾ വിമർശിക്കുന്നത് കാണുമ്പോൾ വാടകയ്ക്ക് മാറി താമസിച്ചാലോയെന്ന് പോലും ചിന്തിച്ച് പോകുന്നുവെന്നും രേണു പറഞ്ഞു. കിച്ചു ഇതിന് മുമ്പും ഈ വീട്ടിൽ വന്ന് റിഥപ്പനുമായി വ്ലോഗ് എടുത്തിരുന്നു.

അന്നും ഞാൻ വീട്ടിലുണ്ടായിരുന്നില്ല. ഷൂട്ടിലായിരുന്നു. ഇപ്രാവശ്യം വന്നപ്പോഴും എന്നെ വിളിച്ച് വീട്ടിലേക്ക് വരുവാണെന്ന് അവൻ പറഞ്ഞിരുന്നു. ചിലർ പറയുന്നത് കേട്ടു കിച്ചു കള്ളനെപ്പോലെ വന്ന് വീഡിയോ പകർത്തി എന്നൊക്കെ. അവന്റെ അമ്മ എന്ന സ്ഥാനം ഉള്ളതുകൊണ്ട് അവൻ വിളിച്ച് പറയും. അവൻ വന്നു വ്ലോഗെടുത്തു.
മറ്റുള്ളവർ അതിനെ വളച്ചൊടിച്ച് പല തമ്പ്നെയിലും ഇട്ടു. വീഡിയോ എടുക്കുന്നതും വ്ലോഗ് ചെയ്യുന്നതും അവന്റെ ഇഷ്ടം. അതൊക്കെ എന്നോട് പറയണമെന്നുണ്ടോ. പിന്നെ എന്റെ ചേച്ചി ഞങ്ങൾക്കൊപ്പം താമസിക്കുന്നു വീട് കയ്യേറിയിരിക്കുന്നുവെന്ന് പറയുന്നത് കണ്ടു. റിഥപ്പനും കിച്ചുവും തമ്മിലുള്ള ബോണ്ട് പോലെയാണ് ഞാനും ചേച്ചിയും തമ്മിലുള്ള ബോണ്ട്.
ഞങ്ങൾക്ക് ഒരു ആവശ്യം വന്നാൽ സഹായത്തിന് ഓടി എത്താൻ വേണ്ടി ഞങ്ങളുടെ വീടിന് സമീപം അവർ വാടകയ്ക്ക് വീട് എടുത്ത് താമസിക്കുകയാണ്. അകാലത്തിൽ എനിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഉണ്ടായിരുന്നത് ചേച്ചിയാണ്. കിച്ചുവിന്റെ വ്ലോഗ് മുഴുവൻ കണ്ടിട്ടില്ല. ഷൂട്ടിന്റെ തിരക്ക് കാരണം ഞാൻ ക്ഷീണിതയായിരുന്നു.
ഫ്രണ്ട്സ് പറഞ്ഞപ്പോഴാണ് ഈ വിഷയം ഞാൻ അറിഞ്ഞത്. ഞാൻ സുധിച്ചേട്ടന്റെ പുരസ്കാരങ്ങൾ തള്ളി കളഞ്ഞു, എറിഞ്ഞുവെന്നാണ് പ്രചരിക്കുന്നത്. ഞാൻ എന്റെ റൂമിലാണ് അവാർഡുകൾ സൂക്ഷിച്ചിരിക്കുന്നത്. ഞാൻ ഇല്ലാത്തപ്പോൾ പിള്ളേർ അത് എടുത്ത് വ്ലോഗാക്കി.

ഇപ്പോഴും ആ അവാർഡുകൾ അതേ സ്ഥാനത്ത് തന്നെയാണ് ഇരിക്കുന്നത്. പുരസ്കാരങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ തട്ടുംപുറമോ ഷെൽഫോ ഈ വീട്ടിൽ ഇല്ല. ചില അവാർഡുകൾ പഴയ വീട്ടിൽ വെച്ച് തന്നെ ഇളകിയിരുന്നു. അതും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പിന്നെ എന്ത് കളഞ്ഞുവെന്നാണ് ഇവർ പറയുന്നത്. സൂക്ഷിച്ച് വെച്ചതാണോ തെറ്റ്.
ആണിയടിക്കാൻ ഈ വീട്ടിൽ പറ്റില്ല. എന്റെ വീട്ടിൽ ഒരു സാധനം ഞാൻ വെക്കണമെങ്കിൽ ആരെയൊക്കെ ബോധിപ്പിക്കണം. റിഥപ്പൻ കുഞ്ഞായതുകൊണ്ട് സാധനങ്ങൾ നിരത്തി വെച്ചാൽ അവൻ എടുത്ത് കളിക്കും. പുരസ്കാരങ്ങൾ നശിക്കും. അതുകൊണ്ടാണ് കവറിലാക്കി സൂക്ഷിച്ചിരിക്കുന്നത്. പൈസയായി കഴിഞ്ഞ് ഷെൽഫ് പണിയാൻ എനിക്ക് പ്ലാനുണ്ടായിരുന്നു. ഇതൊക്കെ കേട്ട് കേട്ട് വാടകയ്ക്ക് മാറി താമസിച്ചാലോയെന്ന് പ്ലാനുണ്ട്.
തെണ്ടിയിട്ടാണെങ്കിലും വാടക കൊടുക്കും. ഇതിന് മുമ്പ് വാടകയ്ക്കായിരുന്നുവെന്നും രേണു പറയുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കെഎച്ച്ഡിഇസി എന്ന സംഘടന രേണുവിനും മക്കൾക്കുമായി വീട് നിർമ്മിച്ച് നൽകിയത്. സുധിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാർഗം. രേണുവാണ് ഇപ്പോൾ കുടുംബത്തിന്റെ ചുമതല വഹിക്കുന്നത്. ഭർത്താവിന്റെ വഴിയെ നീങ്ങിയ രേണു അഭിനയമാണ് പ്രൊഫഷനാക്കിയിരിക്കുന്നത്. സിനിമകളിലും മ്യൂസിക്ക് വീഡിയോകളിലുമാണ് രേണു സജീവം.


Click it and Unblock the Notifications