സുധി ചേട്ടന്റെ മണമുള്ള പെർഫ്യൂം ഉപയോഗിച്ചിട്ടേയില്ല, നിങ്ങൾ ഓടും; ആ ഗന്ധം ഇഷ്ടപ്പെടില്ല: രേണു സുധി
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളിലൊന്നാണ് രേണു സുധിയുടേത്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയായിരുന്ന രേണു സുധി അടുത്ത കാലത്തായി ആൽബം സോങുകളും ഫോട്ടോഷൂട്ടുകളും അഭിമുഖങ്ങളുമെല്ലാമായി ലെെം ലെെറ്റിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം രേണുവിന്റെ ഉപജീവന മാർഗമായിരിക്കാം ആൽബം സോങ്ങുകളെന്ന് ചിലർ പറയുന്നു.
എന്നാൽ രേണുവിന്റെ പ്രവൃത്തി കൊല്ലം സുധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കുറ്റപ്പെടുത്തലുകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി നെഗറ്റീവ് കമന്റുകൾ രേണുവിന് വരുന്നുണ്ട്. ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീലുകൾ വെെറലായതിന് പിന്നാലെയായിരുന്നു ഇത്. മോശം കമന്റുകൾ രേണു കാര്യമാക്കുന്നില്ല. കൊല്ലം സുധിയുടെ ഓർമ പങ്കുവെച്ച് കൊണ്ട് രേണു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കൊല്ലം സുധിയുടെ ഗന്ധത്തിൽ നിന്നുണ്ടാക്കിയ പെർഫ്യൂം അവതാരക ലക്ഷ്മി നക്ഷത്ര നേരത്തെ രേണുവിന് സമ്മാനിച്ചിരുന്നു. ഈ പെർഫ്യൂം ഉപയോഗിക്കാത്തതിനെക്കുറിച്ചാണ് രേണു സുധി സംസാരിച്ചത്. എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല.
അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ദേഹത്തടിക്കാൻ പറ്റില്ല. നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്. സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിയിടും. വിയർപ്പും എല്ലാം കൂടിയുള്ള സ്മെൽ ആണ്. അതെങ്ങനെ ദേഹത്തടിക്കും. അത് അടിക്കാൻ പറ്റുന്നത് അല്ല. തീർന്നിട്ടുമില്ല. അത് പോലെ തന്നെ ഇരിപ്പുണ്ടെന്നും രേണു സുധി വ്യക്തമാക്കി.

രേണുവിന്റെ പുതിയ ആൽബത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടാേയാണിത്. രേണുവിന്റെ രണ്ടാം വിവാഹമെന്ന പേരിൽ ഫോട്ടോ പ്രചരിക്കുന്നുണ്ട്. എന്നാൽ ആൽബ ഷൂട്ടിന്റെ ഭാഗമായുള്ള ഫോട്ടോയാണിത്. താൻ രണ്ടാമാതൊരു വിവാഹത്തെക്കുറിച്ച് ഇതുവരെയും ആലോചിച്ചിട്ടില്ലെന്നാണ് രേണു സുധി പറയുന്നത്.
സോഷ്യൽ മീഡിയയിലെ കമന്റുകളൊന്നും ബാധിക്കാറില്ലെന്നും രേണു സുധി പറയുകയുണ്ടായി. വൃത്തികേട് പറയുന്നവരെ നിയമപരമായി നേരിടും. നാട്ടുകാരെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. വീട്ടുകാരോട് ഞാൻ പറയാറുണ്ട്. വേറെ ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. 2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. അടുത്ത കാലത്താണ് രേണു ഫോട്ടോഷൂട്ടും റീലുകളുമായി സോഷ്യൽ മീഡിയയിൽ സജീവമായത്.
പ്രൊഫഷണലായി അഭിനയിക്കുന്നത് വരുമാന മാർഗവും പാഷനുമാണ്. ഏത് പ്രൊജക്ട് വന്നാലും എനിക്ക് കംഫർട്ട് ആണെങ്കിൽ ഞാൻ ചെയ്തിരിക്കും. തൊട്ട് അഭിനയിക്കേണ്ടതാണെങ്കിൽ ഞാൻ തൊട്ട് അഭിനയിക്കും. നാട്ടുകാർ പറഞ്ഞാൽ ഞാൻ കാര്യമാക്കില്ല. വീട്ടുകാരോട് പറഞ്ഞിട്ടാണ് എല്ലാം ചെയ്യാറ്. സുധി ചേട്ടന്റെ ഭാര്യയാണ് ഇന്നും. നിയമപരമായി വിവാഹം ചെയ്തവരാണ്. ഞാൻ വേറെ ഒരാളെ കെട്ടിയിട്ടില്ല. സുധി ചേട്ടന്റെ ഫോട്ടോ പ്രൊഫെെൽ പിക്ചർ ആയി വെച്ചത് തന്റെ ഇഷ്ടപ്രകാരമാണ്. അത് മാറ്റാൻ പറയാൻ ആർക്കും അവകാശമില്ലെന്നും രേണു സുധി ഒരിക്കൽ വ്യക്തമാക്കി.


Click it and Unblock the Notifications