വർത്തമാനം കുറയ്ക്കെന്ന് ദാസ് സർ, ഒരുപാട് ആളുകളുണ്ടായിരുന്നു, രഞ്ജിനി മനസിൽ വെക്കില്ല: റിമി പറഞ്ഞത്
പിന്നണി ഗായിക എന്നതിലുപരി പെർഫോമറായി വൻ ജനപ്രീതി നേടിയ വ്യക്തിയാണ് റിമി ടോമി. സ്റ്റേജ് ഷോകൾ ആഘോഷരാവാക്കി മാറ്റുന്ന റിമി ടോമിക്ക് ലക്ഷങ്ങളാണ് പ്രതിഫലം. പറയുന്ന തുക നൽകി റിമിയെ ഷോകളിൽ എത്തിക്കാൻ സംഘാടകർ തയ്യാറാണ്. കാരണം ഷോ കാണികൾക്ക് മറക്കാൻ പറ്റാത്ത അനുഭവമായി മാറ്റുന്ന കാര്യം പിന്നെ റിമി നോക്കിക്കോളും. അതേസമയം പിന്നണി ഗായികയെന്ന നിലയിൽ വലിയ ഖ്യാതികൾ റിമിക്കില്ല. ലഭിച്ച പുരസ്കാരങ്ങൾ കുറവാണ്.
കൂടുതൽ ഫാസ്റ്റ് നമ്പറുകളാണ് റിമി പാടിയത്. ഗായികയെന്ന നിലയിൽ മാത്രം ഒതുങ്ങാതെ തന്റെ മേഖല വികസിപ്പിച്ചെടുത്തതാണ് റിമിയുടെ വിജയ രഹസ്യം. തന്റെ കഴിവുകളും കുറവുകളും മറ്റാരേക്കാളും നന്നായി റിമിക്കറിയാം. ഗാനഗന്ധർവൻ യേശുദാസ് ഉപദേശിച്ചപ്പോൾ പോലും തനിക്ക് ശരിയെന്ന് തോന്നിയ പാതയിലൂടെയാണ് റിമി ടോമി മുന്നോട്ട് പോയത്. ഒരിക്കൽ ഇതേക്കുറിച്ച് റിമി ടോമി സംസാരിച്ചിട്ടുണ്ട്.

ഒരിക്കൽ താജ് ഹോട്ടലിൽ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ദാസ് സർ (യേശുദാസ്) റിസപ്ഷനടുത്ത് ഇരിക്കുന്നുണ്ട്. ഞാൻ പോയി സംസാരിച്ചു. ഒത്തിരി പേരുണ്ടായിരുന്നു. സംഗീതത്തിന് പ്രാധാന്യം കൊടുക്കൂ കുട്ടീ, കലകലാ എന്ന് വായിട്ടലക്കാൻ എല്ലാവർക്കും പറ്റും, പാട്ട് എല്ലാവർക്കും പറ്റില്ല, സംഗീതം അതിന്റേതായ രീതിയിൽ എടുക്കൂ, വർത്തമാനം കുറയ്ക്കൂ, സംഗീതത്തിൽ ശ്രദ്ധിക്കൂ എന്ന് പറഞ്ഞ് പോയി. ഞാൻ അദ്ദേഹത്തെ നമസ്കരിച്ച് കാല് തൊട്ട് വണങ്ങിയ ശേഷം പോയി.
പക്ഷെ ഞാനങ്ങനെ നമസ്കാരം, ഞാൻ റിമി ടോമി എന്ന് പറഞ്ഞാൽ ഞാൻ വീട്ടിൽ ഇരിക്കത്തേയുള്ളൂ എന്ന് എനിക്കറിയാമെന്നും അന്ന് റിമി ടോമി പറഞ്ഞു. അതേസമയം യേശുദാസ് തന്നോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്. വേറെ ഒരാളോട് ഇങ്ങനെ ഞാൻ പറയില്ല, പക്ഷെ നിന്നോട് എനിക്കൊരു ഇഷ്ടമുണ്ട്, നീ നന്നാവണം എന്ന് വിചാരിച്ച് മാത്രമാണ് താനിത് പറയുന്നതെന്ന് യേശുദാസ് അന്ന് തന്നോട് പറഞ്ഞിരുന്നെന്നും റിമി ടോമി വ്യക്തമാക്കി.
സംഗീതം പഠിക്കണം എന്ന് പറയുന്നത് ശരിയാണ്. പക്ഷെ തനിക്ക് മടിയാണെന്നും അന്ന് റിമി ടോമി പറഞ്ഞു. ആങ്കർ രഞ്ജിനി ഹരിദാസ് ഒരിക്കൽ റിമി ടോമിയെക്കുറിച്ച് പറഞ്ഞ വാക്കുകളും അന്ന് അഭിമുഖത്തിൽ പരാമർശിക്കുകയുണ്ടായി. "റിമിക്കങ്ങനെ റിയാലിറ്റി ഷോ ജഡ്ജ് ചെയ്യാൻ മാത്രമുള്ള അറിവൊന്നുമില്ല. വളരെ സീരിയസായ അഭിമുഖം റിമിക്ക് ചെയ്യാൻ കഴിയില്ല എന്ന് റിമിയുടെ സുഹൃത്തായ രഞ്ജിനി ഹരിദാസ് ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. അത് കേട്ടപ്പോൾ എന്താണ് തോന്നിയത്" എന്നാണ് അഭിമുഖത്തിൽ ചോദിച്ചത്. രഞ്ജിനി പറഞ്ഞ് താൻ പോസിറ്റിവായാണ് എടുക്കുന്നതെന്ന് അന്ന് റിമി മറുപടി നൽകി.

രഞ്ജിനി പറഞ്ഞത് ശരിയല്ലേ. എംജി ശ്രീകുമാർ, പി ജയചന്ദ്രൻ സർ, ചിത്ര ചേച്ചി തുടങ്ങിയവരുടെ ഇടയിൽ നിൽക്കാനുള്ള യാതൊരു അറിവും എനിക്കില്ല. എന്നെ ജഡ്ജായി ഇരുത്തുന്നത് മത്സരത്തിന് എനർജി കിട്ടാനും പിള്ളേർക്ക് പേടി വരാതിരിക്കാനും ആയിരിക്കും. അതിനേ ഞാൻ പോയിട്ടുള്ളൂ. രഞ്ജിനി പോസിറ്റീവ് സെൻസിലാണ് പറഞ്ഞത്. രഞ്ജിനി എന്റെ നല്ല സുഹൃത്താണ്. മനസിൽ വെക്കാതെ സംസാരിക്കുന്ന ആളാണ് രഞ്ജിനിയെന്നും അന്ന് റിമി ടോമി പറഞ്ഞു.


Click it and Unblock the Notifications











