'അത് ചെയ്യേണ്ട ആവശ്യം ദുൽഖറിനില്ല എന്നിട്ടും ചെയ്തു, സ്വഭാവം കണ്ടിട്ട് ദുൽഖറിനോട് ഇഷ്ടം തോന്നി'; റിതു മന്ത്ര!
നടിയും മോഡലും ഗായകയുമെല്ലാമായ റിതു മന്ത്ര ബിഗ് ബോസ് സീസൺ 3 കഴിഞ്ഞ ശേഷം പ്രേക്ഷകർക്കെല്ലാം പരിചിതയാണ്. മോഡലിങിലൂടെയാണ് റിതു മന്ത്രയ്ക്ക് അഭിനയത്തിലേക്ക് അവസരം ലഭിച്ചത്.
പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറി. സീസണ്‍ 3ലെ സജീവ മത്സരാര്‍ത്ഥിയായിരുന്നു റിതു. ഒരു സിനിമയില്‍ അഭിനയിച്ചിട്ട് ലഭിക്കാത്ത അത്രയും ശ്രദ്ധ തനിയ്ക്ക് ലഭിച്ചത് ബിഗ് ബോസിലൂടെയാണെന്ന് താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
സീസൺ ത്രീയിൽ ഏറ്റവും നന്നായി ടാസ്ക്കുകൾ ചെയ്തൊരു മത്സരാർഥിയും റിതു മന്ത്ര തന്നെയായിരുന്നു. സോഷ്യൽമീഡിയയിലും സജീവമായ റിതു കണ്ണൂർ സ്വദേശിനിയാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം തന്നെ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള റിതു തെന്നിന്ത്യൻ യുവ സ്റ്റൈലിഷ് താരം ദുൽഖർ സൽമാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. എന്തുകൊണ്ടാണ് ദുൽഖർ സൽമാനെ ഇഷ്ടപ്പെടുന്നത് എന്നാണ് റിതു മന്ത്ര വിവരിച്ചിരിക്കുന്നത്.

'ഞാൻ മുമ്പൊരിക്കൽ ദുൽഖറിനൊപ്പം ഒരു പരസ്യം ചെയ്തിരുന്നു. അന്ന് ഷൂട്ട് കഴിഞ്ഞ് ദുൽഖർ പോകാനായി തയ്യാറെടുക്കുമ്പോൾ ഞാനും അവിടെ നിൽപ്പുണ്ടായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു അസിസ്റ്റ് ഡയറക്ടർ ദുൽഖറിനോട് പറഞ്ഞു റിതു മന്ത്രയ്ക്ക് മിസ് ഇന്ത്യയ്ക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ടെന്ന്.'
'മുന്നോട്ട് നടന്നുപോയ ദുൽഖർ രണ്ട് സ്റ്റെപ്പ് പുറകോട്ട് വന്ന് എന്നെ അഭിനന്ദിച്ചു. ഒപ്പം നമുക്കെല്ലാം അഭിമാനമാകണമെന്നും പറഞ്ഞു. അദ്ദേഹത്തിന് എന്റെ അടുത്ത് വന്ന് അഭിനന്ദിക്കേണ്ട ആവശ്യമില്ല. അത് കേട്ടിട്ട് തലകുലുക്കിയിട്ട് പോയാൽ മതി.'

'പക്ഷെ മറ്റുള്ളവരുടെ നേട്ടങ്ങളേയും അഭിനന്ദിക്കാൻ ഉള്ള അദ്ദേഹത്തിന്റെ മനസാണ് എനിക്ക് അവിടെ നിന്ന് മനസിലായത്. അതുകൊണ്ട് ക്യാരക്ടർ കൊണ്ട് ഇഷ്ടം തോന്നിയത് ദുൽഖറിനോടാണ്.'
'അദ്ദേഹത്തിന് പക്ഷെ ഇങ്ങനൊരു സംഭവം നടന്നത് ഓർമപോലും ഉണ്ടായികൊള്ളണമെന്നില്ല' റിതു മന്ത്ര പറഞ്ഞു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അനുഭവം വിവരിച്ച റിതുവിന്റെ വീഡിയോകകളും വൈറലായിരുന്നു. 'ഇരുമ്പ് യുഗത്തിലേക്ക് തിരിച്ച് ചെന്ന അവസ്ഥയായിരുന്നു ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോള്‍ എന്നാണ് റിതു പറഞ്ഞത്.'

'ഫോണ്‍ ഇല്ല, ക്ലോക്ക് ഇല്ല, കലണ്ടര്‍ ഇല്ല സൂര്യനെ നോക്കിയാണ് ഞങ്ങള്‍ സമയം മനസിലാക്കിയത് പോലും. തുടക്കത്തില്‍ അതെല്ലാം വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ എല്ലാം ശീലിച്ചു. ഞാന്‍ ബിഗ് ബോസിലേക്ക് കടന്ന നിമിഷം മറക്കാനാവാത്തതാണ്.'
'അപരിചിതമായ ഒരു ലോകത്തേക്ക് കടന്ന കുട്ടിയുടെ അവസ്ഥയായിരുന്നു എനിക്ക്. വളരെ അധികം ധീരത തോന്നിയ നിമിഷമാണത്. 98 ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഷോയ്ക്ക് ശേഷം എന്റെ ജീവിതം മൊത്തത്തില്‍ മാറി.'

'ജനങ്ങള്‍ ഇത്രയധികം സ്‌നേഹം നല്‍കുന്നത് എനിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നില്ല. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഇത്രയധികം ശ്രദ്ധ കിട്ടും എന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ എനിക്ക് ഒരുപാട് നല്ല സിനിമകള്‍ വരുന്നുണ്ട്. എന്റെ ക്രാഫ്റ്റ് എത്രത്തോളമാണെന്ന് ഹൗസില്‍ വച്ച് അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു' റിതു മന്ത്ര പറഞ്ഞു.
2018ലെ മിസ് ഇന്ത്യ മത്സരത്തിൽ റിതു മിസ് ടാലന്റഡ് സൗത്ത് ടൈറ്റിൽ നേടിയിരുന്നു. 2016ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം കിങ് ലയറിലടക്കം റിതു മന്ത്ര അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











