കൊല്ലം സുധിയും ദാസ് കോഴിക്കോടും രേണുവിന്റെ പേരിലാണറിയപ്പെടുന്നത്; അവകാശ വാദം വേണ്ടെന്ന് ശാരദക്കുട്ടി
സോഷ്യൽ മീഡിയയിൽ സജീവ ചർച്ച വിഷയമാണ് രേണു സുധി ഇന്ന്. രേണുവിന്റെ ആൽബം ഷൂട്ടിംഗിനിടെയുള്ള ദൃശ്യങ്ങളും അഭിമുഖങ്ങളും വെെറലാണ്. ഭർത്താവ് നടൻ കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു ലെെം ലെെറ്റിലേക്ക് വരുന്നത്. ഫോട്ടോഷൂട്ടും ആൽബങ്ങളും ഷോർട്ട് ഫിലിമുമെല്ലാമായി പെട്ടെന്ന് രേണു തിരക്കുകളിലേക്ക് കടന്നു. അതേസമയം കടുത്ത അധിക്ഷേപങ്ങൾ രേണുവിന് നേരിടേണ്ടി വരുന്നുണ്ട്. തുടക്കത്തിൽ മാനസികമായി തകർന്ന് പോയെങ്കിലും ഇത് അവഗണിച്ച് മുന്നേറാൻ രേണുവിന് സാധിച്ചു. അപ്പോഴേക്കും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വാദങ്ങളുമായി ചിലർ രംഗത്ത് വന്നു. എന്നാൽ ഇതും രേണുവിനെ തളർത്തിയില്ല.
രേണുവിനെക്കുറിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല'

'രേണു സുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!'
'കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ഗെയിമുകൾ കളിക്കാനറിയുന്ന രേണു സുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ'
'അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ,' ശാരദക്കുട്ടി പങ്കുവെച്ച വാക്കുകളിങ്ങനെ.
രേണുവിനെ ആക്ടിംഗിലേക്ക് കൊണ്ട് വന്നത് താനാണെന്ന് ദാസേട്ടൻ കോഴിക്കോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രേണു ദാസേട്ടനും ഒരുമിച്ച് ചെയ്ത ഒരു റീൽ വീഡിയോ വലിയ തോതിൽ ചർച്ചയായിരുന്നു. ചാന്ത്പൊട്ട് എന്ന സിനിമയിലെ ഗാനരംഗമാണ് ഇവർ ചെയ്തത്. പിന്നീടിങ്ങോട്ട് സോഷ്യൽ മീഡിയയിൽ തുടരെ റീലുകളുമായി രേണുവെത്തി. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ദാസേട്ടൻ കോഴിക്കോട്. ഇദ്ദേഹത്തിന്റെ മിക്ക വീഡിയോകളും വെെറലാകാറുണ്ട്. രേണുവിനൊപ്പം റീലുകൾ വന്നതോടെ ജനശ്രദ്ധ വീണ്ടും കൂടി.
2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. അപ്രതീക്ഷിത മരണം രേണുവിനെ ഉലച്ചു. എന്നാൽ തകർന്ന് പോകാതെ ജീവിതത്തിൽ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുകയാണ് രേണു സുധി. രഞ്ഞ് കൊണ്ടിരുന്നാൽ ആരും തന്നെ സഹായിക്കാൻ വരില്ലെന്നും സ്വന്തം പ്രയത്നത്തിൽ ജീവിക്കാനാണ് താൽപര്യമെന്നും രേണു നേരത്തെ വ്യക്തമാക്കിയതാണ്. രേണുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ചിലർ നേരത്തെ രംഗത്ത് വന്നിരുന്നു. കൊല്ലം സുധിയുടെ രണ്ടാമത്തെ ഭാര്യ താനായിരുന്നെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് വന്നു. എന്നാൽ പേര് വെളിപ്പെടുത്താനോ മുഖം കാണിക്കാനോ ഈ സ്ത്രീ തയ്യാറായില്ല.


Click it and Unblock the Notifications











