അശ്വന്ത് കോക്ക് സാബു ആർമിയിൽ ഉണ്ടായിരുന്നോ?; 'ബിഗ് ബോസിലേക്ക് സെലക്ട് ചെയ്തില്ല, ചാനലിനെ തെറിവിളിച്ചു'
ബിഗ് ബോസ് മലയാളം സീസൺ ഏഴിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പതിവിൽ നിന്നും വിപരീതമായി ഈ വർഷം അൽപ്പം വൈകിയാണ് ബിഗ് ബോസ് സീസൺ ആരംഭിക്കുന്നത്. സീസൺ ഏഴുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രമോയും വൈറലായിരുന്നു. ആറ് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തവും അൽപ്പം കാഠിന്യമേറിയതുമാകും സീസൺ ഏഴ് എന്നാണ് പ്രമോ സൂചിപ്പിക്കുന്നത്.
പ്രേക്ഷകരുടെ പൾസ് അനുസരിച്ചാണ് അണിയറപ്രവർത്തകർ ഷോയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പ്രമോയിൽ അടക്കം ആ വ്യത്യസ്തത പ്രകടമാണ്. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ ഷോ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്തവണ ഏതൊക്കെ സെലിബ്രിറ്റികളാകും മാറ്റുരക്കാൻ എത്തുകയെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഇത്തവണയും കോമണേഴ്സ് മത്സരിക്കാൻ എത്തും.

ഓഡീഷനുകളും അവസാനവട്ട ഇന്റർവ്യൂകളും എല്ലാം പുരോഗമിക്കുകയാണ്. ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ എപ്പോഴും ഇടംപിടിക്കാറുള്ള സോഷ്യൽമീഡിയ സെലിബ്രിറ്റിയാണ് സിനിമ റിവ്യുകൾ ചെയ്ത് വൈറലായ അശ്വന്ത് കോക്ക്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുള്ള അശ്വന്ത് ഭൂരിഭാഗം സിനിമകളെ കുറിച്ചും തന്റെ നിലപാടുകൾ പറയാറുണ്ട്.
കോഴിക്കോട് സ്വദേശിയായ അശ്വന്ത് കോക്ക് ഷോയിൽ മത്സരാർത്ഥിയായി എത്തിയിരുന്നുവെങ്കിലെന്ന് ചില പ്രേക്ഷകർക്ക് ആഗ്രഹവുമുണ്ട്. അധ്യാപകൻ കൂടിയായ അശ്വന്ത് മുമ്പ് ഒരു തവണ ബിഗ് ബോസ് ഷോയിലേക്ക് മത്സരാർത്ഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്റർവ്യൂവിലും പങ്കെടുത്തിരുന്നുവത്രെ. എന്നാൽ അവസാന നിമിഷം പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടു.
അതിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ചാനലിനെ തെറിവിളിച്ച് അശ്വന്ത് കോക്ക് സോഷ്യൽമീഡിയയിൽ ഇട്ട പോസ്റ്റും വൈറലായിരുന്നു. മാത്രമല്ല ഒന്നാം സീസണിലെ വിജയി സാബു മോന്റെ ആരാധകനുമായിരുന്നത്രെ അശ്വന്ത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ അശ്വന്തിനെ കുറിച്ച് സാബു മോൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
അശ്വന്ത് കോക്ക് സാബു ആർമിയിൽ ഉണ്ടായിരുന്നുവെന്ന് വേണം ഇരുവരുടേയും സംഭാഷണത്തിൽ നിന്നും മനസിലാക്കാൻ. എഫ്എഫ്സി എന്ന പോപ്പുലർ ഗ്രൂപ്പുണ്ട്. സാബു ചേട്ടന് ഫാൻസിന്റെ വലിയൊരു ആർമിയുണ്ട്. അതിൽ സാബു സപ്പോർട്ടേഴ്സായി അശ്വന്ത് കോക്ക് അടക്കമുള്ളവർ ഉണ്ടെന്ന് രഞ്ജിനി പറഞ്ഞപ്പോഴാണ് അശ്വന്ത് കോക്കിനെ കുറിച്ച് സാബു വിവരിച്ചത്. അശ്വന്ത് കോക്ക് പുള്ളി ഒരു അധ്യാപകനാണെന്ന് സാബു പറഞ്ഞു.

അശ്വന്ത് കോക്ക് ഷോയിലുണ്ടാകണമെന്ന് ഒരുപാട് പേർക്ക് ആഗ്രഹമുണ്ടെന്നും ഇതിനിടെ ഏഷ്യാനെറ്റിനെ പച്ചത്തെറി വിളിച്ച് അശ്വന്ത് കോക്ക് പോസ്റ്റിട്ടത് കണ്ടുവെന്നും അത് കണ്ടപ്പോൾ ഓർത്തത് സാബു ചേട്ടനെയാണെന്നും രഞ്ജിനി പറഞ്ഞു. അവനെ ബിഗ് ബോസ് ഷോയിലേക്ക് എടുക്കാത്തതുകൊണ്ട് തെറി വിളിച്ചതെന്നായിരുന്നു സാബുവിന്റെ മറുപടി.
അവന്റെ ഇന്റർവ്യുവൊക്കെ കഴിഞ്ഞിരുന്നു. പക്ഷെ എടുത്തില്ല. ഏഷ്യാനെറ്റ് ഒരു സാറ്റ്ലൈറ്റ് ചാനലാണ്. നമുക്ക് ഒരാളെ തെറിവിളിക്കാം. അല്ലെങ്കിൽ ഒരു മൃഗത്തിനെ തെറിവിളിക്കാം. ആദ്യമായിട്ടാകും ഒരാൾ ചാനലിനെ തെറി വിളിക്കുന്നതെന്നും സാബു പറഞ്ഞു. താൻ അത് കണ്ടിരുന്നുവെന്നും സാബു പറഞ്ഞു. ബിഗ് ബോസ് ആദ്യ സീസണിലെ വിജയിയായിരുന്നു സാബുമോൻ അബ്ദുസമദ്. റണ്ണറപ്പ് പേളി മാണിയായിരുന്നു.
രഞ്ജിനി ഹരിദാസ് അടക്കം സിനിമയിലും മിനിസ്ക്രീനിലും തിളങ്ങി നിന്നിരുന്ന ഒരുപിടി സെലിബ്രിറ്റികൾ സീസൺ ഒന്നിലുണ്ടായിരുന്നു. ആറ് സീസൺ കഴിഞ്ഞുവെങ്കിലും പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒന്നാം സീസണാണ്. ഏറ്റവും ഗെയിമർ എന്നാണ് സാബുവിനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സീസൺ ആറിൽ വിജയിയായത് ജിന്റോയായിരുന്നു. റണ്ണറപ്പായത് അർജുനും. വിവാദമായ സീസൺ കൂടിയായിരുന്നു ആറാം സീസൺ.


Click it and Unblock the Notifications