ഡിവോഴ്സിന് ശേഷം അത് വലിച്ചെറിഞ്ഞു, നിനക്ക് ഇത്രയൊക്കെ ക്ഷമ ഉണ്ടായിരുന്നോയെന്ന് അമ്മ: സാധിക
സിനിമാ രംഗത്തും സീരിയൽ രംഗത്തും സാന്നിധ്യമറിയിച്ച നടി സാധിക വേണുഗോപാൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മോഡലിംഗ്, ടെലിവിഷൻ ഷോ തുടങ്ങി പല മേഖലകളിൽ സാധികയെ കണ്ടിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് സാധിക. 2015 ലായിരുന്നു സാധികയുടെ വിവാഹം. മൂന്ന് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷം 2022 ൽ ഇരുവരും ബന്ധം പിരിഞ്ഞു. വേർപിരിയലിന് തന്റെ കരിയർ ഒരു പ്രശ്നമായിട്ടില്ലെന്ന് സാധിക നേരത്തെ വ്യക്തമാക്കിയതാണ്.
വിവാഹം, വിവാഹ മോചനം എന്നിവ തനിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സാധിക. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വിവാഹത്തിന് മുമ്പ് വീട്ടുകാർ കുറച്ച് കൂടെ കൺസേർൺഡ് ആയിരിക്കും. എത്ര ഫോർവേർഡ് ആണെങ്കിലും വേറെ വീട്ടിൽ പോകേണ്ട കുട്ടിയാണ് എന്ന ചിന്തയുണ്ടാകും. നീ അവിടെ പോയാൽ ഇതൊന്നും നടക്കില്ലെന്ന് പണ്ട് അമ്മ എന്നോട് പറയാറുണ്ടായിരുന്നു. ഇപ്പോൾ അമ്മ ഒന്നും പറയാറില്ല. കാരണം അത് കഴിഞ്ഞു. നിനക്ക് ഇത്രയൊക്കെ ക്ഷമ ഉണ്ടായിരുന്നോ എന്നാണ് അത് കഴിഞ്ഞപ്പോൾ ചോദിച്ചത്. വിവാഹ ശേഷം നമ്മൾ ഒരുപാട് മാറും.

നമ്മുടെ വീട്ടിൽ ചെയ്ത എല്ലാ കാര്യവും വേറൊരു വീട്ടിൽ പോയി ചെയ്യാൻ പറ്റില്ല. കുറേ കാര്യങ്ങൾ പഠിക്കും. മെച്യൂരിറ്റി ലെവൽ നല്ല രീതിയിൽ മാറും. സിനിമയിലേത് പോലെ വേറൊരു ക്യാരക്ടറായി മാറും. കുട്ടിത്തം മാറ്റി വെച്ച് പക്വതയെടുത്ത് തലയിൽ വെക്കും. വിവാഹ മോചനത്തിന് ശേഷം നേരെ തിരിഞ്ഞു. പക്വത വലിച്ചെറിഞ്ഞ് വീണ്ടും ഞാനെന്റെ കുട്ടിത്തത്തിലേക്ക് വന്നു. വീട്ടുകാർക്ക് ഞാൻ വീണ്ടും അവരുടെ സ്വന്തം മകളും കുട്ടിയുമായി മാറി. ആ വലിയൊരു തലവേദനയിൽ നിന്ന് ഞാൻ മാറി.
വിവാഹം ചെയ്യാത്ത പെൺകുട്ടികൾക്കുള്ള ഉപദേശവും സാധിക പങ്കുവെച്ചു. ജീവിതം ഒന്നേയുള്ളൂ. അത് പരമാവധി എക്സ്പ്ലോർ ചെയ്യണം. വിവാഹം ചെയ്യാൻ അത്രയ്ക്കും ആഗ്രഹമാണെങ്കിൽ അവരുടെ ചോയ്സ് ആണ്. ഞാനൊക്കെ ഒരു പ്രായം കഴിഞ്ഞാണ് അതിലേക്കൊക്കെ വന്നത്. ജീവിതത്തിൽ മിസ് ചെയ്തു എന്ന് തോന്നിയ ഒന്നും എനിക്കില്ല. എല്ലാം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്.

നമ്മൾ എക്സ്പ്ലോർ ചെയ്ത് നല്ലതാണോ അല്ലയോ എന്ന് നമ്മൾ തന്നെ മനസിലാക്കുക. അവനവൻ അനുഭവിക്കുമ്പോൾ അറിയാൻ പറ്റൂ. കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ കുട്ടികൾ വരും. കുട്ടികൾ വന്നാൽ പിന്നെ തീർന്നു. ആ ലെെഫ് എൻജോയ് ചെയ്യാം. പക്ഷെ 18, 20 വയസിലൊക്കെ ഒരു കുട്ടി വന്നാൽ അമ്മയായി മാറുകയാണ്. നമ്മളെന്താണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത സമയത്ത് വലിയൊരു ഉത്തരവാദിത്വം തലയിലെടുത്ത് വെച്ചിട്ട് ശരിക്കും ലെെഫ് തുടങ്ങുമ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അപ്പോൾ പോയി ഡിവോഴ്സ് ചെയ്യുമ്പോൾ കാര്യമൊന്നുമില്ല. കുട്ടികളൊക്കെ നമ്മുടെ ലെവലിൽ എത്തി നിൽക്കുന്നുണ്ടാകും. പിന്നെ അവർ പഠിപ്പിക്കാൻ തുടങ്ങുമെന്നും സാധിക വേണുഗോപാൽ അഭിപ്രായപ്പെട്ടു.
നേരത്തെയും വിവാഹത്തെക്കുറിച്ച് നടി സംസാരിച്ചിരുന്നു. വിവാഹ ശേഷം ഇൻഡസ്ട്രി വിട്ടത് എന്റെ തീരുമാനമായിരുന്നു. ഞാനാണ് ആളെ കണ്ടെത്തിയതും എന്റെ ജീവിതം തീരുമാനിച്ചതും. അന്ന് അച്ഛൻ പറഞ്ഞ ഒരേയൊരു കാര്യം ഒന്നുകിൽ സിനിമ. അല്ലെങ്കിൽ വിവാഹം എന്നാണ്. കുടുംബവും കുട്ടികളുമായി ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത് അത് കൊണ്ടാണ് വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നതെന്നും സാധിക അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











