'25 എപ്പിസോഡ് ഡിലീറ്റ് ചെയ്തപ്പോൾ 80 ലക്ഷം നിർമാതാവിന് നഷ്ടമായി... എന്നിട്ടും സൗകര്യങ്ങൾക്ക് കുറവുണ്ടായില്ല'
മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തുന്ന ഗീത ഗോവിന്ദം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാജന്‍ സൂര്യ അഭിനയ രംഗത്തുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ സാജന്‍ സൂര്യയെ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് അദ്ദേഹം.
ഇപ്പോള്‍ ജനപ്രിയ പരമ്പരയായ ഗീതാ ഗോവിന്ദത്തിലെ ഗോവിന്ദായി തകര്‍ത്താടുകയാണ് സാജന്‍ സൂര്യ. സാജനൊപ്പം തന്നെ മലയാളികളുടെ മനസ് കീഴടക്കിയിരിക്കുകയാണ് സീരിയലിലെ നായിക ബിന്നി സെബാസ്റ്റ്യനും. ഗീത ഗോവിന്ദത്തിന്റെ എപ്പിസോഡുകൾക്കും സാജൻ സൂര്യ-ബിന്നി ഫോട്ടോഷൂട്ടുകൾക്കും ആരാധകർ ഏറെയാണ്.

മഴയിൽ നനഞ്ഞ് പ്രണയിക്കുന്ന യുവമിഥുനങ്ങളായി അടുത്തിടെ ഒരു ഫോട്ടോഷൂട്ടിൽ സാജനും ബിന്നിയും പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു. ഗീതാഗോവിന്ദം ആരാധകർ ഇരുവരുടെയും റീലും വീഡിയോകളും എല്ലാം ആഘോഷമാക്കാറുണ്ട്. ഒട്ടേറെ കൗതുകങ്ങള്‍ നിറച്ച ഒരു സീരിയലാണ് ഗീതാഗോവിന്ദം. സന്തോഷ് കീഴാറ്റൂരും ആസിഫ് അലിയുമൊക്കെ സിനിമാ ലോകത്ത് നിന്ന് ഗീതാഗോവിന്ദത്തിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയിരുന്നു.
സാജൻ സൂര്യക്കും ബിന്നി സെബാസ്റ്റ്യനുമൊപ്പം സീരിയലില്‍ അമൃത, ഉമാ നായർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഗീത ഗോവിന്ദത്തിന്റെ ആദ്യത്തെ 25 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാതെ എടുത്ത് കളയേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സാജൻ സൂര്യ.
'ഗീത ഗോവിന്ദത്തിന്റെ നിർമാതാവിന് തുടക്കത്തിൽ തന്നെ 25 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാതെ എടുത്ത് കളയേണ്ട അവസ്ഥയുണ്ടായി. അന്ന് ബിന്നിയായിരുന്നില്ല മറ്റൊരു നായികയായിരുന്നു എന്റെ പെയർ. നായികയുടെ കുഴപ്പം കൊണ്ടല്ല എപ്പിസോഡ് ഡിലീറ്റ് ചെയ്തത്. നായികയും ഞാനും തമ്മിൽ പ്രായം വ്യത്യാസം വലുതായി തോന്നാത്തതുകൊണ്ട് ചാനലിൽ നിന്നും നായകനേയോ നായികയേയോ മാറ്റി പുതിയ ആളെ കാസ്റ്റ് ചെയ്യാൻ നിർദേശം വന്നു.'
'സീരിയൽ രംഗത്ത് എക്സ്പീരിയൻസിന്റെ സെന്റിമെൻസ് ഒന്നും ഇല്ല. നായകനേയോ നായികയേയോ മാറ്റി പുതിയ ആളെ കാസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അല്ലാതെ സാജൻ സൂര്യയെ നിലനിർത്താനൊന്നും പറഞ്ഞിട്ടില്ല. സൂപ്പർസ്റ്റാറാണ്, മമ്മൂട്ടിയാണ് എന്നൊന്നും അവർക്കില്ല. സീരിയലിൽ സൂപ്പർസ്റ്റാർ എന്നൊരു സാധനമില്ല.'

'അവസാനം നായികയെ മാറ്റിയതിനാൽ 25 എപ്പിസോഡ് റീഷൂട്ട് ചെയ്യേണ്ടി വന്നു. 80 ലക്ഷം രൂപ നിർമാതാവിന് നഷ്ടമായി. അത് തിരികെ നിർമാതാവിന് കിട്ടണമെങ്കിൽ അങ്ങനെപോയാലും 700 എപ്പിസോഡ് കഴിയണം. അതുകൊണ്ടാണ് നമ്മൾ കഷ്ടപ്പെട്ട് നിർമാതാവിന് ഒപ്പം നിൽക്കുന്നത്. ഇത്രയും നഷ്ടം വന്നിട്ടും നിർമാതാവ് ഞങ്ങൾക്ക് ചെയ്ത് തരുന്ന സൗകര്യങ്ങൾക്ക് കുറവുണ്ടായിട്ടില്ല.'
'ബാക്കി സീരിയലുകൾ തരുന്നതിനേക്കാൾ നല്ല സൗകര്യങ്ങളാണ് നമുക്ക് അദ്ദേഹം തരുന്നത്. അതും തുടക്കക്കാരനായിട്ടുള്ള നിർമാതാവ്. പുള്ളി ഭയങ്കര റിച്ചുമല്ല. പക്ഷെ എല്ലാത്തിനും ക്വാളിറ്റി വേണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. അപ്പോൾ അദ്ദേഹത്തിനൊപ്പം നമ്മൾ നിന്ന് കൊടുക്കണം. അത് നമ്മുടെ ഇന്റസ്ട്രിയുടെ ആവശ്യമാണ്', എന്നാണ് സാജൻ സൂര്യ പറഞ്ഞത്.


Click it and Unblock the Notifications