ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു, ഇപ്പോഴില്ല, ഈ പ്രായത്തിൽ കുട്ടികളുണ്ടായാൽ...: സാജു നവോദയയും ഭാര്യയും
ടെലിവിഷൻ രംഗത്തും ബിഗ് സ്ക്രീനിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് സാജു നവോദയ. രശ്മി എന്നാണ് സാജു നവോദയയുടെ ഭാര്യയുടെ പേര്. ഇരുവർക്കും മക്കളില്ല. പരസ്പരം തുണയായി സന്തോഷകരമായ ജീവിതം നയിക്കുകയാണിവർ. മക്കളില്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സാജു നവോദയയും രശ്മിയും. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
എല്ലാ കുട്ടിയും ഞങ്ങളുടെ കുട്ടിയാണ്. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ ഞങ്ങൾക്കൊരു സ്ഥലത്ത് പോയിട്ട് കുട്ടികളില്ലല്ലോ എന്ന ഫീൽ ഞങ്ങൾക്കുണ്ടായിട്ടില്ല. എന്റെ വീട്ടിൽ നിന്നോ ഇയാളുടെ വീട്ടിൽ നിന്നോ അങ്ങനെ ഒരു പ്രശ്നങ്ങളുമില്ല. ഇത്രയും വയസായിപ്പോൾ, ഇനിയിപ്പോൾ കുട്ടിയുണ്ടായാൽ വളർത്തേണ്ടേ. ഇനിയൊരു കുഞ്ഞായി അതിന് നല്ല പ്രായമെത്തുമ്പോൾ ഞങ്ങൾ ഏത് പ്രായത്തിലായിരിക്കും. അവർക്ക് 10-12 വയസുള്ളപ്പോൾ ഞങ്ങളെ അനാഥാലയത്തിൽ കൊണ്ട് വിടേണ്ടി വരും. എന്നാലേ അവർക്ക് സുഖമായി ജീവിക്കാൻ പറ്റൂയെന്നും സാജു നവോദയ പറഞ്ഞു.

ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു. ഒരു പ്രാവശ്യം പോസിറ്റീവാകുകയൊക്കെ ചെയ്തതാണ്. പെറ്റ്സിനെയൊക്കെ മാറ്റിയതും അത് കൊണ്ട് തന്നെയായിരുന്നു. ഇവരെയൊക്കെ ഒഴിവാക്കിയാൽ നല്ലതായിരിക്കുമെന്ന് ഡോക്ടർ തന്നെ പറഞ്ഞു. അലർജി പ്രോബ്ലമുണ്ടായിരുന്നെന്ന് ഭാര്യ രശ്മിയും പറഞ്ഞു. ഇപ്പോൾ ട്രീറ്റ്മെന്റുകളൊന്നും ചെയ്യുന്നില്ലെന്നും ഇവർ വ്യക്തമാക്കി.
ഞങ്ങൾ ഏറ്റവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. നമ്മൾ ജീവിതത്തിൽ സന്തോഷങ്ങൾ തെരഞ്ഞെടുക്കുന്ന രീതി പോലെയിരിക്കും സന്തോഷം. വിശേഷം എന്ന സിനിമ കണ്ടപ്പോൾ അതിലെ പല സീനുകളും പലർക്കും തമാശയായിരുന്നു. പക്ഷെ ഞങ്ങളെ പോലുള്ളവർക്ക് ചങ്കിൽ കൊള്ളുന്ന സീനുകളാണ്. സിനിമയിൽ ടെസ്റ്റ് ചെയ്യാൻ പോകുന്ന ആൾ ജീവിതത്തിൽ ഞാനാണ്. ചമ്മിയാണ് അങ്ങോട്ട് പോകുന്നത്. അതിലും ചമ്മിയാണ് തിരിച്ച് വരുന്നത്. ആ സീനുകൾ കാണുമ്പോൾ പിടച്ചിലാണ്. കുറേ നാൾ അനുഭവിച്ചതാണ്.

ഒരിക്കൽ ഞങ്ങൾ രണ്ട് പേരും ഉരുളി കമിഴ്ത്താൻ മണ്ണാറശാല ക്ഷേത്രത്തിൽ പോയി. അന്ന് ഉരുളി മേടിക്കാനും പെെസയില്ല. ഞങ്ങൾ ഒപ്പിച്ചൊക്കെ പോയതാണ്. അവിടെ ചെന്നപ്പോൾ വേറൊരു ചേച്ചിയും ചേട്ടനും ഉരുളി കമിഴ്ത്തുന്നു. 55 വയസുള്ള ചേട്ടനും ചേച്ചിയും. എന്റെ ഭഗവാനെ ഞങ്ങൾക്കില്ലെങ്കിലും കുഴപ്പമില്ല, അവർക്ക് കുഞ്ഞിനെ കൊടുക്കെന്ന് ഞാൻ പ്രാർത്ഥിച്ചു. തിരിച്ച് വരുമ്പോൾ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് ഇവളോട് ചോദിച്ചു.
ഞാൻ ആ ചേട്ടനും ചേച്ചിക്കും വേണ്ടിയാണെന്ന് അവൾ പറഞ്ഞു. ആശുപത്രിയിൽ പറമ്പ് വിറ്റിട്ട് പെെസയും കൊണ്ട് വന്നിരിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഓരോ ഏരിയയിലും ഓരോ കഥാപാത്രങ്ങളെ കാണാമെന്നും സാജു നവോദയ പറഞ്ഞു. 2024 ൽ റിലീസ് ചെയ്ത സിനിമയാണ് വിശേഷം. മക്കളില്ലാത്ത ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾ രസകരമായി ചിത്രത്തിൽ കാണിച്ചു. ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. സൂരജ് ടോം ആണ് സംവിധായകൻ. ആനന്ദ് മധുസൂദനനാണ് നായക വേഷം ചെയ്തത്. ചിന്നു ചാന്ദ്നി നായികയായെത്തി. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ സിനിമയാണിത്.


Click it and Unblock the Notifications











