130 കോടി വരെ കിട്ടും? ബിഗ് ബോസിലെ അവതാരകന്മാരുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. റേറ്റിംഗ് മാത്രമല്ല ഏറ്റവും അധികം ജനപിന്തുണയും ബിഗ് ബോസിന് തന്നെയാണ്. ഹിന്ദിയിലൂടെ തുടങ്ങിയ ഷോ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലും സജീവമായി.
മലയാളത്തില്‍ ആറാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണിപ്പോള്‍. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുകയാണ്. ഇതിനോട് അനുബന്ധിച്ച് ബിഗ് ബോസിലെ അവതാരകന്മാരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുകയാണ്. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാല്‍ അവതരകനായിട്ടെത്തുമ്പോള്‍ മറ്റ് ഭാഷകളിലും സൂപ്പര്‍താരങ്ങള്‍ തന്നെയാണ് അവതാരകര്‍.

ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, തമിഴില്‍ കമല്‍ ഹാസന്‍, തെലുങ്കില്‍ നാഗാര്‍ജുന, തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളാണ് ബിഗ് ബോസിന്റെ അവതാരകരായി എത്തിയിരിക്കുന്നത്. ഇവരെല്ലാവരും അവരുവരുടേതായ താരപദവികള്‍ക്ക് അനുസരിച്ചാണ് ബിഗ് ബോസിലെ പ്രതിഫലം വാങ്ങിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബോസ് അവതാരകരന്മാരില്‍ ജനപ്രീതിയിലും പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡെക്കാന്‍ ക്രോണിക്കിള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് വിവിധ ഭാഷകളിലെ ബിഗ് ബോസ് അവതാരകര്‍ ഭീമമായ തുകയ്ക്കാണ് ഈ ഷോ അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം തരംഗമാവാറുള്ളത് ഹിന്ദി ബിഗ് ബോസാണ്. സല്‍മാന്‍ ഖാന്‍ അവതരകനായിട്ടെത്തുന്ന ഷോ തുടങ്ങിയിട്ട് പതിനേഴ് വര്‍ഷമായി. ഈ വര്‍ഷം പതിനേഴാമത്തെ സീസണാണ് അവസാനിച്ചത്. വൈകാതെ പതിനെട്ട് തുടങ്ങിയേക്കും. മാത്രമല്ല ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അവതാരകനും സല്‍മാന്‍ ഖാനാണ്. ഒരുപാട് വര്‍ഷങ്ങളായി സല്‍മാന്‍ തന്നെയാണ് ഇതിന്റെ അവതാരകന്‍.
പതിനാറാമത്തെ സീസണില്‍ ഒരു എപ്പിസോഡിന് 43 കോടിയാണ് നടന്‍ പ്രതിഫലമായി വാങ്ങിയത്. കൂടാതെ ബിഗ് ബോസിലെ ഏറ്റവും ജനപ്രീതി നേടിയ അവതാരകനും സല്‍മാന്‍ ഖാന്‍ ആണ്. ആദ്യകാലങ്ങളില്‍ 12 കോടിയാണ് ആഴ്ചയിലെ രണ്ട് എപ്പിസോഡുകള്‍ക്കായി സല്‍മാന്‍ വാങ്ങിച്ചിരുന്നത്. അവിടുന്ന് ഒരു എപ്പിസോഡിന് 25 കോടി എന്ന നിലയിലേക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
2013 ലാണ് കന്നഡയില്‍ ബിഗ് ബോസ് ആരംഭിക്കുന്നത്. നിലവില്‍ 11 സീസണുകളിലെത്തി നില്‍ക്കുന്ന ഷോയുടെ അവതാരകന്‍ സുദീപ് സഞ്ജീവാണ്. അഞ്ച് വര്‍ഷത്തേക്ക് മൊത്തം 20 കോടി രൂപ ആയിരുന്നു താരത്തിന്റെ പ്രതിഫലം. പിന്നീട് പ്രതിഫലത്തില്‍ വര്‍ദ്ധനവ് വന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉലകനായകന്‍ കമല്‍ ഹാസനാണ് തമിഴ് ബിഗ് ബോസിന്റെ തുടക്കം മുതലുള്ള അവതാരകന്‍. 130 കോടി രൂപയ്ക്കാണ് നടന്‍ കരാറില്‍ ഒപ്പിട്ടതെന്നാണ് വിവരം. ഏഴ് സീസണുകളാണ് ഇതുവരെ തമിഴില്‍ നടന്നത്. ഏറ്റവുമൊടുവില്‍ ജനുവരിയിലാണ് തമിഴിലെ ഏഴാം സീസണ്‍ അവസാനിച്ചത്.
മറാത്തിയില്‍ മഹേഷ് മഞ്ജരേക്കര്‍ ആണ് അവതാരകന്‍. സീസണ്‍ മൂന്നില്‍ ഒരു എപ്പിസോഡിനായി 25 ലക്ഷം രൂപ ഇദ്ദേഹം വാങ്ങിയിരുന്നു. മുഴുവന്‍ സീസണിലുമായി 3.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം.
2018 ലാണ് മലയാളത്തിലേക്ക് ആദ്യമായി ബിഗ് ബോസ് വരുന്നത്. അന്ന് മുതല്‍ മോഹന്‍ലാല്‍ തന്നെയാണ് അവതാരകന്‍. ഷോ പ്രീമിയര്‍ ചെയ്തപ്പോള്‍ മുഴുവന്‍ സീസണിലുമായി മോഹന്‍ലാലിന്റെ പ്രതിഫലം 12 കോടി രൂപയാണ്. സമീപകാല സീസണുകളില്‍ അദ്ദേഹം എത്ര വാങ്ങിക്കുന്നുണ്ട് എന്നത് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഒരു എപ്പിസോഡിന് 70 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.


Click it and Unblock the Notifications