കവിരാജ് പറയുന്നതല്ല കാരണം, എന്റെ സീരിയലിൽ അഭിനയിച്ചിരുന്നു; ഒരു ശല്യവുമില്ല, പക്ഷെ...: ശാന്തിവിള ദിനേശ്
മുൻ നടൻ കവിരാജ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. അഭിനയ രംഗം വിട്ട് ആത്മീയ പാതയിലാണ് കവിരാജ്. ഇപ്പോൾ സിനിമകൾ പോലും കാണാറില്ല. അഭിനയ രംഗത്തോട് തനിക്ക് ഒട്ടും താൽപര്യമില്ലാതായെന്നും കവിരാജ് പറഞ്ഞു. ഇപ്പോഴിതാ കവിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കവിരാജ് തന്റെ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഞാൻ അവസാനം ചെയ്ത നിഴൽ കണ്ണാടി എന്ന സീരിയലിൽ ഒരു നല്ല വേഷം കവിരാജ് ചെയ്തിരുന്നു. അകാലത്തിൽ നിന്ന് പോയില്ലായിരുന്നെങ്കിൽ നല്ല ക്യാരക്ടറായിരുന്നു ഞാൻ കവിരാജിന് കൊടുത്തത്. കവിരാജിന്റെ പരാജയം എന്താണെന്ന് എന്നോട് ചോദിച്ചാൽ അയാളുടെ തലമുടിയും താടിയും ഈർഷ്യത്തോടെയുള്ള മുഖഭാവവുമാണെന്ന് ഞാൻ പറയും. നല്ല നടനാണ്, കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കും. ഒരു ശല്യവും സെറ്റിൽ ഉണ്ടാക്കില്ല. കവിരാജ് അഭിനയ രംഗം വിട്ട് പോയെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. അഭിനയ രംഗം വിടാനുള്ള കാരണമായി കവിരാജ് പറയുന്ന കാര്യമാണ് വിചിത്രം.

കൂതറ എന്ന സിനിമയാണത്രെ ഇനി അഭിനയിക്കേണ്ട എന്ന തീരുമാനം കവിരാജിനെക്കൊണ്ട് എടുപ്പിച്ചത്. കൂതറ ഒരു കൂതറ സിനിമയായിരുന്നു. അതിലെന്തിനാണ് മോഹൻലാൽ അഭിനയിച്ചത് എന്നൊക്കെ കവിരാജ് ചോദിക്കുന്നു. കാശിനാണ് ഈ കൂതറകൾ ചെയ്തത് എന്ന് ഇനി ആരെങ്കിലും പറഞ്ഞ് തരണോ കവിരാജേ എന്നാണെനിക്ക് ചോദിക്കാനുള്ളതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
കവിരാജ് അഭിനയ രംഗം വിട്ടത് കൂതറ സിനിമ കാരണമാണെന്ന് പറഞ്ഞാൽ അതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ പറയും. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞത് പോലെ അർഹിക്കുന്ന വേഷങ്ങൾ കിട്ടാതെ വന്നപ്പോൾ വിട്ട് പോയതാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തന്റെ അഭിപ്രായങ്ങൾ കവിരാജ് പങ്കുവെച്ചിരുന്നു. കൂതറ എന്നാണ് പടത്തിന്റെ പേര്. പേര് പോലെ തന്നെ കൂതറ പടം. അതിനകത്ത് എന്തിനാണ് ലാലേട്ടനെ ഗസ്റ്റ് റോളിൽ അഭിനയിപ്പിച്ചതെന്ന് എനിക്കറിയില്ല. അത് അവരുടെ ഇഷ്ടം. ഒരു സീനിൽ നായികയുടെ ഇന്നർ നായകൻ ഇട്ട് വന്നിട്ട് കല്യാണ വേദിയിലോ പൊതുവേദിയിലോ തർക്കം വരുമ്പോൾ അത് നിന്നിടത്ത് നിന്ന് ഊരി മുഖത്ത് വലിച്ചെറിഞ്ഞു.

ഇത്തരം സിനിമകൾ കുടുംബത്തോടൊപ്പം കാണാൻ പറ്റില്ലെന്നാണ് കവിരാജ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ന്യൂ ജെൻ ഒക്കെ നല്ലതാണ്. പക്ഷെ ദൃശ്യമാധ്യമങ്ങളിൽ വരുമ്പോൾ പരിധി വെക്കണമെന്നും കവിരാജ് പറഞ്ഞു. വീട്ടിൽ മകനെ ഇരുത്തി ടിവിയിൽ സിനിമ കാണാനാകില്ല. സിനിമ കാണാനുള്ള താൽപര്യം തനിക്കില്ലാതായെന്നും കവിരാജ് പറഞ്ഞു.
കവിരാജ് അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായി. ആത്മീയ ജീവിതമാണ് കവിരാജ് ഇന്ന് നയിക്കുന്നത്. അമ്മയുടെ മരണ ശേഷമാണ് കവിരാജ് ആത്മീയത പാതയിലേക്ക് വരുന്നത്. അമ്മയുടെ മരണം മാനസികമായി ഏറെ ബാധിച്ചു. ആ സമയത്താണ് മകൻ ജനിക്കുന്നത്. എന്നാൽ താൻ വിഷാദത്തിലായിരുന്നു. ഒരു ഘട്ടത്തിൽ ഭാര്യ കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിൽ പോയി. വീട് പൂട്ടി ഞാനും പോയി. പിന്നീട് ഭാര്യ തിരിച്ച് വന്നെന്നും കവിരാജ് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കവിരാജ്.


Click it and Unblock the Notifications