'എല്ലാ സീരിയലുകളേയും പോലെ കുടുംബ കലഹമാണോ നിങ്ങളും ഉദ്ദേശിക്കുന്നത്?'; നീരസം പ്രകടിപ്പിച്ച് സാന്ത്വനം ആരാധകർ!
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം പരമ്പരയാണ് സാന്ത്വനം. ശിവനേയും അഞ്ജലിയേയും ദേവിയേടത്തിയേയുമെല്ലാം സ്വന്തം കുടുംബത്തെപ്പോലെയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്‌ക്കൊപ്പം അതിശയകരമായി അഭിനയിക്കാൻ കഴിയുന്ന ഒരു ടീം കൂടെയായപ്പോൾ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയാണ്.
ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകർഷണമെങ്കിലും, ഒരിക്കലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം. സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യ അപർണ വലിയൊരു നാട്ടുപ്രമാണിയായ തമ്പിയുടെ മകളാണ്. ഹരിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ വീട്ടുകാർ തിരിഞ്ഞുനോക്കാതെയായ അപർണയെ തമ്പി തിരികെ വീട്ടിലേക്ക് ക്ഷണിച്ചത് മകൾ ഗർഭിണിയാണെന്ന് അറിയുന്നതോടെയാണ്. മകൾ സാന്ത്വനം വീട്ടിലെ ഹരിയെ സ്‌നേഹിച്ചതോടെ സാന്ത്വനം വീടുമായി കലിപ്പിലായ തമ്പി പല തവണയായി ശിവനുമായി ഉടക്കുന്നുമുണ്ട്.

തമ്പിയുടെ സ്നേഹ പ്രകടനം കണ്ട് അടുത്തിടെ അപർണ്ണയുടെ നിർബദ്ധപ്രകാരം ഹരിയും അപർണ്ണയും കുറച്ച് നാൾ തമ്പിയോടൊപ്പം അമരാവതിയിൽ വന്ന് താമസിച്ചിരുന്നു. തുള്ളിച്ചാടി അമരാവതിയിലേക്ക് പോയ അപ്പു കുറച്ച് ദിവസം പിന്നിട്ടപ്പോഴേക്കും അഴിടുത്തെ ജീവിതം മടുത്ത് തമ്പിയുടെ നിർബദ്ധം പോലും വകവെക്കാതെ തിരികെ സാന്ത്വനത്തിൽ എത്തിയിരുന്നു. ബൈക്കായും സ്വർണ്ണമായും നിരവധി സമ്മാനങ്ങൾ നൽകിയിട്ടും അപർണയേയും ഹരിയേയും തനിക്കൊപ്പം പിടിച്ച് നിർത്താൻ കഴിയാൻ സാധിക്കാതെ പോയതിലുള്ള അമർഷമാണ് ഇപ്പോൾ തമ്പിക്ക്. തമ്പി സാന്ത്വനത്തിൽ കയറി കൂടി അവിടെ വഴക്കുണ്ടാക്കി അപ്പുവിനേയും ഹരിയേയും തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

അതിന് സഹായിക്കാനായി പെങ്ങളായ രാജലക്ഷ്മിയേയും തമ്പി വിളിച്ച് വരുത്തിയിട്ടുണ്ട്. തമ്പിയുടെ സഹോദരിയെ കുറിച്ച് പലപ്പോഴായി അപർണ്ണ സംസാരിക്കുന്നുണ്ടെങ്കിലും ആ കഥാപാത്രം ഇതുവരെ സീരിയലിന്റെ ഭാഗമായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആ കഥാപാത്രം സീരിയലിലേക്ക് വന്നത്. ആഡംബരം നിറഞ്ഞ വസ്ത്രങ്ങളും മേക്കപ്പുമെല്ലാമായി സീരിയലുകളിലെ പതിവ് വില്ലത്തികൾക്ക് നൽകുന്ന വേഷമാണ് തമ്പിയുടെ പെങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജലക്ഷ്മിക്കും നൽകിയിരിക്കുന്നത്. തമ്പിയുടെ അതേ കുരുട്ട് ബുദ്ധിയുള്ള കഥാപാത്രമാണ് രാജലക്ഷ്മിയുടേയും. ഇപ്പോൾ തമ്പിയും അമാരവതിയും രാജലക്ഷ്മിയുമെല്ലാമാണ് സാന്ത്വനം സീരിയലിൽ നിറഞ്ഞ് നിൽക്കുന്നത്. ഇപ്പോൾ സീരിയലിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാജലക്ഷ്മിയേയും കൂട്ടി സാന്ത്വനത്തിൽ അപ്പുവിനെ കാണാനെത്തിയ തമ്പിയാണ് പ്രമോയിലുള്ളത്.
Recommended Video

സാന്ത്വനം വീടും പരിസരവും ഒന്നും രാജലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. വളരെ ശോചനീയമാണ് സാന്ത്വനത്തിന്റെ സമ്പത്തുശേഷിയെന്ന് വീട് കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട് എന്ന തരത്തിലാണ് രാജലക്ഷ്മി വീടും പരിസരവും കണ്ട ഉടൻ തന്നെ പറയുന്നത്. ഭാര്യയെ കള്ളങ്ങൾ പറഞ്ഞ് ഒഴിവാക്കിയാണ് രാജലക്ഷ്മിയേയും കൂട്ടി തമ്പി സാന്ത്വനത്തിലെത്തിയത്. അപർണ ദാരിദ്രം തോന്നിപ്പിക്കുന്ന കുടുംബത്തിലാണ് താമസിക്കുന്നതെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും അതിനാൽ സാന്ത്വനത്തിൽ നിന്നും ഹരിയേയും കൊണ്ട് അപർണ അമരാവതിയിൽ താമസിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും തമ്പി നേരത്തെ തന്നെ രാജലക്ഷ്മിയോട് പറഞ്ഞിരുന്നു. സാന്ത്വനത്തിൽ കലഹം ഉണ്ടാക്കി താൻ അഥ് തമ്പിക്ക് സാധിച്ച് തരുമെന്ന് രാജലക്ഷ്മിയും വാക്ക് നൽകുന്നത് പുതിയ പ്രമോയിൽ കാണാം. എന്നാൽ പുതിയ പ്രമോയും രാജലക്ഷ്മിയെന്ന കഥാപാത്രവും ആരാധകരെ തൃപ്തരാക്കിയിട്ടില്ല. പതിവ് സീരിയലുകളിലേതുപോലെ തന്നെ സാന്ത്വനവും കുടുംബകലഹമാണോ ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകർ കമന്റായി ചോദിക്കുന്നത്. മറ്റ് സീരിയലുകളുടെ പാത പിന്തുടർന്ന് സാന്ത്വനത്തിനോട് ഇപ്പോഴുള്ള ഇഷ്ടം നശിപ്പിക്കരുതെന്നും ചില ആരാധകർ കമന്റായി കുറിച്ചു.


Click it and Unblock the Notifications











