'തമ്മിൽ തല്ലിക്കാൻ രാജലക്ഷ്മി, കൂടുതൽ അടുത്ത് സാന്ത്വനം കുടുംബാംഗങ്ങൾ'; പ്രമോ പുറത്ത്
മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ എപ്പോഴും സീരിയലുകൾക്ക് വലിയ സ്ഥാനമുണ്ട്. വീട്ടമ്മമാർ അടക്കമുള്ളവർ ഏറ്റവും കൂടുതൽ കാണുന്നതും സീരിയലുകളാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള പരമ്പരയാണ് സാന്ത്വനം. ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പരമ്പര ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു. ഇപ്പോൾ പരമ്പര മലയാളം മിനി സ്ക്രീൻ സീരിയലുകളിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ കൂടിയാണ് സാന്ത്വനം. നടി ചിപ്പി, രാജീവ് പരമേശ്വർ, ഗോപിക അനിൽ, സജിൻ, രക്ഷ രാജ് തുടങ്ങയിവരാണ് സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. ചിപ്പി തന്നെയാണ് സീരിയൽ നിർമിക്കുന്നതും. നാനൂറാം എപ്പിസോഡിലേക്ക് അടുക്കുകയാണ് പരമ്പര. 2020 സെപ്റ്റംബറിലാണ് പരമ്പരയുടെ സംപ്രേഷണം ആരംഭിച്ചത്. തുടക്കം മുതൽ ഏറ്റവും പുതയി എപ്പിസോഡ് വരെ പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയതാണ്. കൃഷ്ണ സ്റ്റോഴ്സും അവിടുത്തെ നാല് സഹോദരങ്ങളും അവരുടെ കുടുംബവുമാണ് കഥയുടെ പ്രധാന പശ്ചാത്തലം. സീരിയലിൽ നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് ശിവാഞ്ജലി കോമ്പോയാണ്. ശിവനായി പ്ലസ് ടു അടക്കമുള്ള സിനിമകളുടെ ഭാഗമായിട്ടുള്ള സജിനും അഞ്ജലിയായി ഗോപിക അനിലുമാണ് അഭിനയിച്ചിരിക്കുന്നത്.

അപർണ്ണയുടെ അച്ഛനായ തമ്പിയുടെ കുതന്ത്രം മൂലം കഴിഞ്ഞ ദിവസം ശിവനെ പൊലീസ് പിടികൂടിയിരുന്നു. സാന്ത്വനത്തിലെ ഹരി അപർണ്ണയെ വിവാഹം ചെയ്തതിൽ ഒട്ടും താൽപര്യമില്ലാത്ത വ്യക്തി കൂടിയാണ് തമ്പി. ശിവനുമായി പലതവണ ഉരസിയിട്ടുമുണ്ട്. അഞ്ജലിയുടെ അച്ഛൻ പണം കടം വാങ്ങിയ ആൾ വീട്ടിലെത്തി അനാവശ്യം പറഞ്ഞപ്പോൾ ശിവൻ അയാളെ തല്ലുകയായിരുന്നു. എന്നാൽ അത് ഇത്രവലിയ പ്രശ്‌നമാകുമെന്ന് ആരും സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല. ആ പ്രശ്‌നത്തിൽ ശിവനോട് മുൻ വൈരാഗ്യമുള്ള തമ്പിയും കൂടി ഇടപെട്ടപ്പോൾ പ്രശ്‌നം ആകെ വഷളാവുകയായിരുന്നു. ശിവനേയും സാന്ത്വനം വീടിനേയും താൻ സ്‌നേഹിക്കുന്നു എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞുകൊണ്ടാണ് തമ്പി ശിവനോട് അതിക്രമം കാണിച്ചതും പിന്നീട് വലിയ ആൾ ചമഞ്ഞ് സ്റ്റേഷനിലെത്തി തമ്പിയെ ഇറക്കിയതും. അതുകൊണ്ടാണ് തമ്പിയെ ആരും പ്രതിസ്ഥാനത്ത് കാണാത്തതും. അപർണയാണ് തമ്പിയെ വിളിച്ച് ശിവനെ രക്ഷിക്കണമെന്ന് പറഞ്ഞത്.

അപർണയേയും ഹരിയേയും സാന്ത്വനത്തിൽ നിന്നും അകറ്റി അമരാവതിയിൽ എത്തിച്ച് തങ്ങൾക്കൊപ്പം താമസിപ്പിക്കാനാണ് തമ്പി ലക്ഷ്യമിടുന്നത്. അതിന് പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ പോയതിനാൽ ഇപ്പോൾ സഹോദരിക്കൊപ്പം സാന്ത്വനത്തിൽ എത്തിയിരിക്കുകയാണ് തമ്പി. സാന്ത്വനത്തിലെ അംഗങ്ങൾ പണവും പത്രാസും തന്റെ മകളെ വിവാഹം ചെയ്യാനുമുള്ള യോഗ്യതയില്ലെന്നുമാണ് തമ്പിയുടെ ചിന്ത. സാന്ത്വനത്തിലുള്ളവരെ തമ്മിൽ തല്ലിച്ച് ഹരിയേയും അപർണയേയും അമരാവതിയിലേക്ക് കൂട്ടികൊണ്ടുപോകാനാണ് ഇപ്പോൾ സഹോദരി രാജലക്ഷ്മിയെ തമ്പി ഇറക്കിയിരിക്കുന്നത്. അപർണ്ണയെ കാണാനെന്ന വ്യാജേനയാണ് തമ്പിയും രാജലക്ഷ്മിയും സാന്ത്വനത്തിൽ എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ വീടും പരിസരവും ഒന്നും രാജലക്ഷ്മിക്ക് ഇഷ്ടപ്പെടുന്നില്ല.

പുതിയ പ്രമോയിൽ സാന്ത്വനം കുടുംബത്തിന് മേൽ പുതിയ തന്ത്രങ്ങൾ പയറ്റുന്ന രാജലക്ഷ്മിയാണുള്ളത്. അതേസമയം വീട്ടിൽ വരാനിരിക്കുന്ന വിപത്ത് മനസിലാക്കാതെ സ്വയം മറന്ന് പ്രണയിക്കുകയാണ് ശിവനും അഞ്ജലിയും. ആദ്യമായി ഇരുവരും ഒരുമിച്ച് കൃഷ്ണ സ്റ്റോഷ്സിൽ എത്തുന്നതും കട നോക്കി നടത്തുന്നതും എല്ലാം പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആകാംഷ നിറയ്ക്കുന്ന നിമിഷങ്ങൾ വരും ദിവസങ്ങളിൽ സാന്ത്വനം പരമ്പരയിൽ ഉണ്ടാകുമെന്ന് സൂചന നൽകിയ പുതിയ പ്രമോ നിമിഷങ്ങൾക്കൊണ്ടാണ് വൈറലായത്.


Click it and Unblock the Notifications











