സാരിയിലും സിന്ദൂരത്തിലും മാത്രമല്ല മോഡേൺ ലുക്കിലും ശിവന്റെ അഞ്ജലി അടിപൊളി!
എല്ലാവർക്കും ഇഷ്ടമുള്ള മോഹൻലാൽ സിനിമയാണ് ബാലേട്ടൻ. ദേവയാനി നായികയായി എത്തിയ സിനിമ മോഹൻലാലിന്റെ ഏറ്റവും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ മോഹൻലാലിന്റെ പെൺമക്കളിൽ ഒരാളായി അഭിനയിച്ചത് കോഴിക്കോടുകാരി ഗോപിക അനിൽ ആയിരുന്നു. അന്ന് മോഹൻലാലിന്റെ മകളായിരുന്ന കൊച്ചു സുന്ദരി ഇന്ന് വളർന്ന് ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയിലെ നായികയായി മാറി കഴിഞ്ഞു. ഇപ്പോൾ ബാലേട്ടനിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ എന്ന ചോദ്യത്തിന് പകരം സാന്ത്വനം സീരിയലിലെ അഞ്ജലിയല്ലെ എന്നാണ് ആരാധകർ ഗോപികയോട് പരിചയം പുതുക്കാൻ എത്തുമ്പോൾ ആദ്യം ചോദിക്കുന്നത്.
2002ൽ ബിജു മേനോൻ നായകനായി എത്തിയ ശിവം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നടി ഗോപിക അനിൽ അഭിനയം ആരംഭിക്കുന്നത്. ശേഷമാണ് 2003ൽ മോഹൻലാലിന്റെ ബാലേട്ടൻ സിനിമയിൽ അഭിനയിക്കാൻ ഗോപികയ്ക്കും സഹോദരിക്കും അവസരം ലഭിക്കുന്നത്. പിന്നീട് മയിലാട്ടം, അകലെ തുടങ്ങിയ സിനിമകളിലും ഗോപികയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. സിനിമയിൽ മാത്രമല്ല മിനി സ്ക്രീനിലും ചെറുപ്പം മുതൽ ഗോപിക സജീവമാണ്. 2003ൽ ആണ് ആദ്യ സീരിയൽ ഗോപിക ചെയ്യുന്നത്. മാംഗല്യം ആയിരുന്നു ആദ്യ സീരിയൽ. പിന്നീട് ഉണ്ണിയാർച്ച, അമ്മത്തൊട്ടിൽ എന്നീ സീരിയലുകളിൽ അഭിനയിച്ചു.

മുതിർന്ന ശേഷം സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനിയിലാണ് ഗോപിക ആദ്യം നായികയായി അഭിനയിച്ചത്. ശേഷമാണ് 2020 മുതൽ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പര സാന്ത്വനത്തിലെ അഞ്ജലിയായി അഭിനയിച്ച് തുടങ്ങിയത്. ഹൃദ്യമായ കുടുംബാന്തരീക്ഷത്തിൽ കഥപറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. മലയാളി കുടുംബസദസ്സുകൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് പരമ്പര നെഞ്ചിലേറ്റിയത്. സാന്ത്വനത്തിൽ ഏവരുടെയും കണ്ണിലുണ്ണിയായ കുസൃതിക്കുടുക്കയാണ് ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രം. നിറ ചിരിയുമായി വരുന്ന അഞ്ജലി സ്‌ക്രീനിൽ എത്തിയാൽ തന്നെ കാണികളുടെ മുഖത്ത് ചിരി പടരും. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ഒരു ഡോക്ടർ കൂടിയാണ്.

സാന്ത്വനത്തിലെ ഗോപികയുടെ കഥാപാത്രമായ അഞ്ജലി വലിയ ഹിറ്റാണ്. ഒറ്റ സീരിയലിലൂടെ നിരവധി ആരാധകരെയാണ് ഗോപിക സ്വന്തമാക്കിയത്. നടൻ സജിന്റെ നായികയാണ് സാന്ത്വനത്തിൽ ഗോപികയുടെ അഞ്ജലി. ഇരുവരും ഭാര്യാ ഭർത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ശിവാഞ്ജലി എന്നാണ് ആരാധകർ ഇവരുടെ കോമ്പോയെ ഓമനിച്ച് വിളിക്കുന്നത്. ഇപ്പോൾ ഗോപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. സാന്ത്വനം സീരിയലിൽ ഗോപിക എപ്പോഴും സാരിയിൽ നാടൻ പെൺകുട്ടിയായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ മോഡേൺ ലുക്കിൽ ബോളിവുഡ് നായികമാരെ അനുസ്മരിപ്പിക്കും വിധമാണ് ഗോപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് നിമിഷ നേരം കൊണ്ട് വൈറലായി.
Recommended Video

ഗോപിക സാരിയിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരിയാണ് എന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തത്. ഇപ്പോൾ വളരെ നിർണായക ഘട്ടത്തിലൂടെയാണ് സാന്ത്വനം പരമ്പര കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ശിവനെ ജഗനെ തല്ലിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന രംഗങ്ങളാണ് കാണിച്ചത്. തമ്പിയുടെ പ്രേരണ മൂലമാണ് ശിവന്റെ പേരിൽ ജഗൻ കള്ളക്കേസ് കൊടുത്ത് കുടുക്കിയത്. ശിവനെ പൊലീസ് തല്ലിയതും ലോക്കപ്പിൽ അടച്ചതും അഞ്ജലിയുടെ മുമ്പിൽ വെച്ചാണ്. ഇപ്പോൾ ചേട്ടൻ ബാലനും ഹരിയുമെല്ലാം ശിവനെ ലോക്കപ്പിൽ നിന്നും ഇറക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. കഥയിൽ വഴിത്തിരിവായതോടെ സാന്ത്വനം പ്രേക്ഷകരും അടുത്തത് എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്.


Click it and Unblock the Notifications