വിസിആർ ടേപ്പ് മാറി, തന്റെ വീഡിയോ വന്നു, അബദ്ധത്തിൽ നടനായതിനെ കുറിച്ച് സസ്നേഹത്തിലെ മനു
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സസ്നേഹം. 2021 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. രേഖ രതീഷ്. ലക്ഷ്മി പ്രിയ, മിഥുൻ മേനോൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പരസ്പരത്തിന് ശേഷം രേഖ ഏഷ്യാനെറ്റിൽ അഭിനയിക്കുന്ന സീരിയലാണിത്.
രണ്ടു വയോധികരുടെ സൗഹൃദത്തെ ആസ്പദമാക്കിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. മക്കളും മരുമക്കളും മാതാപിതാക്കന്മാരെ തങ്ങളുടെ നേട്ടങ്ങൾക്കായി ദ്രോഹിക്കുന്നതിന്‍റെ കഥ, അങ്ങനെ ഒരു വ്യത്യസ്തമായ കഥ മുഹൂർത്തങ്ങളിലൂടെയാണ് 'സസ്നേഹം' എന്ന പരമ്പര മുന്നോട്ട് പോകുന്നത്. സീരിയലിൽ മനു എന്ന കഥാപാത്രത്തെയാണ് മിഥുൻ അവതരിപ്പിക്കുന്നത്. നെഗറ്റീവ് ടച്ചുളള കഥാപാത്രമാണിത്. ഇപ്പോഴിത തന്റെ സീരിയലിലെ കഥാപാത്രത്തെ കുറിച്ച് വാചാലനാവുകാണ് താരം. ചില രംഗങ്ങളിൽ അമ്മയെ വേദനിപ്പിക്കുന്ന സന്ദർഭങ്ങൾ അഭിനയിക്കുമ്പോൾ തനിക്ക് വല്ലാത്ത വിഷമം ഉണ്ടാകും നടൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

"ചില രാത്രികളിൽ എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലായിരുന്നു, അന്നത്തെ ദിവസം അഭിനയിച്ച രംഗങ്ങളെക്കുറിച്ചു ഓർത്തു. ഒരു നിമിഷം ഞാൻ ആലോചിച്ചുപോകും 'ഞാൻ എന്റെ അമ്മയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?' ആ ചിന്ത എന്നെ വല്ലാതെ അലട്ടുമായിരുന്നു. പിന്നെ ഞാൻ സ്വയം ആലോചിക്കും ഒരു നിസ്സഹായനായ ആളുടെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്, അത് ഒരു കഥാപാത്രം മാത്രമാണ്," മിഥുൻ പറയുന്നു.

ആദ്യമായി സീരിയലിന്റെ കഥ കേട്ടപ്പോൾ വല്ലാതെ ഇഷ്ടമായിരുന്നു എങ്കിലും ആളുകളിലേക്ക് ഈ സീരിയൽ എത്രത്തോളം എത്തും എന്നതിൽ ചെറിയ ആശങ്കയുണ്ടായിരുന്നു എന്ന് നടൻ തുറന്നു പറയുന്നു."രണ്ടു വയോധികരുടെ കഥ പറയുന്ന ഈ സിനിമ എത്രത്തോളം ആളുകൾ സ്വീകരിക്കും എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ എനിക്ക് കിട്ടുന്ന ചില അമ്മമാരുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നു ഈ സീരിയൽ ശരിക്കും ജീവിതഗന്ധിയായ ഒന്ന് തന്നെയാണെന്ന്. മാതാപിതാക്കന്മാരെ പട്ടിക്കൂട്ടിൽ അടക്കുകയും അമ്പല നടയിൽ തള്ളുകയും ഒക്കെ ചെയ്യുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്, അതുകൊണ്ട് ഇത്തരം കഥകൾ വളരെ പ്രസക്തമാണ്.

സീരിയലുകളിൽ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യാനാണ് തനിക്ക് കൂടുതൽ താല്പര്യമെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. "സീരിയലുകൾ കൂടുതലും സ്ത്രീ പ്രാധാന്യമുള്ള കഥകളാണ്, അതുകൊണ്ട് തന്നെ പുരുഷന്മാർക്ക് അത്ര പ്രാധാന്യം കിട്ടാറില്ല. എന്നാൽ വില്ലനായാൽ, ഒരുപാട് അഭിനയ സാധ്യതകൾ ഉണ്ട്. തുടക്കത്തിൽ പ്രേക്ഷകർക്ക് നമ്മളെ അത്ര ഇഷ്ടമാകില്ല, എന്നാൽ പതിയെ അവർ നമ്മളെ സ്നേഹിച്ചു തുടങ്ങുമെന്നും മിഥുൻ പറയുന്നു.

അഭിനയത്തിൽ എത്തിയതിനെ കുറിച്ചും നടൻ പറയുന്നുണ്ട്. സീരിയൽ കഥ പോലെയാണ് മിഥുൻ അഭിനയ രംഗത്ത് എത്തുന്നത്.
തുടക്കത്തിൽ അഭിനയത്തോട് ഒരു താൽപര്യവുമില്ലായിരുന്നു എന്നാണ് മിഥുൻ പറയുന്നത്. എന്നാൽ "ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പാർട്ട്-ടൈം ജോലിക്കായി നോക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു ലോക്കൽ ചാനലിന്റെ വിജെ ഹണ്ടിനെക്കുറിച്ചു അറിയുന്നത്. അങ്ങനെ ഒരു സുഹൃത്തിനൊപ്പം പോയി. കൂട്ടുകാരന് വിജെ ജോലിയും എനിക്ക് പ്രൊഡക്ഷനിൽ ഒരു ജോലിയും കിട്ടി.
Recommended Video

ഒരു ദിവസം ഷൂട്ട് തുടങ്ങുമ്പോഴാണ് അറിയുന്നത് കൂട്ടുകാരൻ ആങ്കറിന് എത്താൻ കഴിയില്ല, അതുകൊണ്ട് എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാൻ ആ ജോലി ഏറ്റെടുത്തു. എങ്കിലും പിന്നെ കൂട്ടുകാരൻ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതെല്ലാം വീണ്ടും ഷൂട്ട് ചെയ്തു. പക്ഷെ ടെലികാസ്റ് ചെയ്തപ്പോൾ എന്റെ വേർഷൻ ആണ് വന്നത്. വിസിആർ ടേപ്പ് മാറിപ്പോയിരുന്നു. എന്തായാലും എല്ലാവര്ക്കും എന്റെ വേർഷൻ ഇഷ്ടമായി അങ്ങനെ ഞാൻ ഈ രംഗത്തേക്ക് എത്തി," മിഥുൻ പറഞ്ഞു നിർത്തി.


Click it and Unblock the Notifications