മുന്‍പ് എന്റെ മോശം സ്വഭാവമായിരുന്നു! പഴയ സീക്രട്ട് ഏജന്റ് അല്ല ഞാനിപ്പോള്‍, എല്ലാം മാറ്റിയെന്ന് സായി കൃഷ്ണ
സീക്രട്ട് ഏജന്റ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് സായി കൃഷ്ണ. പല വിവാദമായ സംഭവങ്ങളിലും ഇടപെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരം ഇപ്പോള്‍ ബിഗ് ബോസിലും എത്തിയിരിക്കുകയാണ്. വ്‌ളോഗുകളിലൂടെ കണ്ട സായിയെ അല്ല, ഇപ്പോള്‍ ബിഗ് ബോസില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ കണ്ടത്.
രൂപത്തിലും ഭാവത്തിലും മാത്രമല്ല സ്വഭാവത്തിലും കാര്യമായ മാറ്റം വരുത്താന്‍ സായിയ്ക്ക് സാധിച്ചിരുന്നു. ശരിക്കും താനങ്ങനെ മാറിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. മുന്‍പ് മോശമായിട്ടൊക്കെ ജീവിച്ചെങ്കിലും ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ല. അതുപോലെ തന്റെ ഭാര്യയും അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അത് മാറണമെന്ന് ആഗ്രഹിക്കുന്നതായിട്ടും താരം പറയുന്നു.

മാതൃദിനത്തോട് അനുബന്ധിച്ച് മത്സരാര്‍ഥികള്‍ക്ക് സ്വന്തം അമ്മയോട് പറയാനുള്ളത് കത്തായി എഴുതാനാണ് അവതാരകനായ മോഹന്‍ലാല്‍ ഏല്‍പ്പിച്ചത്. പിന്നാലെ എല്ലാവര്‍ക്കും അവരുടെ അമ്മമാരുടെ വീഡിയോയും കാണിച്ചിരുന്നു. ഇതിന് മറുപടി പറയവേ തന്റെ ജീവിതവും, കാഴ്ചപ്പാടും ആകെ മാറി മറിഞ്ഞെന്ന് പറയുകയാണ് സായി.
ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങുന്ന സായിയ്ക്ക് ഇനി സീക്രട്ട് ഏജന്റ് എന്ന മുഖം വേണ്ടെന്നും ഇവിടെ വന്നതിന് ശേഷം ഞാന്‍ ജീവിതം പഠിച്ചുവെന്നും പറയുകയാണ് താരം. ഇപ്പോഴാണ് താനൊരു മനുഷ്യനായതെന്ന് പറഞ്ഞ താരം മുന്‍പ് വളരെ മോശം സ്വഭാവമായിരുന്ന എന്നും പറയുന്നു.
കണ്ണാ.. എന്ന് വിളിച്ച് കൊണ്ടാണ് സായിയുടെ അമ്മ സംസാരിച്ച് തുടങ്ങുന്നത്. ചെറുപ്പത്തില്‍ ഭക്ഷണം തൂക്കി നോക്കി, ഏറ്റവും കൂടുതല്‍ ഏതാണോ അത് നോക്കിയിട്ട് ഭക്ഷണവും എടുത്തോണ്ട് ഓടി പോകാറുണ്ട്. അങ്ങനെ കഴിക്കുന്ന ആളായിരുന്നു സായി. ഇന്നും ഞങ്ങളുടെ ഓര്‍മ്മയിലുള്ളത് അവന്റെ ആ കുസൃതികളാണ്. വളരെ രസകരമായ നിമിഷമാണ്. പൊതുവേ സൈലന്റായിട്ടുള്ള ആളാണ്. വള വളാന്ന് സംസാരിക്കുന്ന ആളായിരുന്നില്ലെന്നും അമ്മ പറയുന്നു.
എന്നാല്‍ താന്‍ കത്ത് എഴുതിയത് അമ്മയ്ക്ക് മാത്രമല്ല, അമ്മൂമ്മയ്ക്കും ഭാര്യയ്ക്കും കൂടെയാണെന്നാണ് സായി പറയുന്നത്. എന്റെ അമ്മയ്ക്ക് മാത്രമല്ല, അമ്മയുടെ അമ്മയായ്ക്കും, ഇനിയൊരു അമ്മയാകാന്‍ പോകുന്ന ഭാര്യ സ്നേഹയ്ക്കും വേണ്ടിയാണ് ഈ എഴുത്തെന്ന് പറഞ്ഞു കൊണ്ടാണ് സായി സംസാരിച്ച് തുടങ്ങിയത്.
ചെറുപ്പത്തില്‍ അമ്മയെ പോലെ എന്നെ നോക്കിയത് അമ്മൂമ്മയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം നല്‍കി, വയറ് നിറയ്ക്കും. ആ അമ്മൂമ്മയെ കുറച്ച് കാലങ്ങളായി ഞാന്‍ തിരിഞ്ഞു നോക്കിയിരുന്നില്ല. അല്‍ഷിമേഴ്സ് വന്ന് അമ്മൂമ്മ സൈഡ് ആണ്. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്.

പിന്നെ അമ്മയും എന്റെ ഭാര്യ സ്നേഹയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഞാനിങ്ങോട്ട് വരുന്നത് വരെ അത് അങ്ങനെ തന്നെയായിരുന്നു. ഞാനിത് ഇവിടെ തുറന്ന് പറയുന്നതോടെ അവര്‍ എന്നെ മനസ്സിലാക്കി അത് മാറ്റുമെന്നും, ഒരുമിച്ച് നില്‍ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുകയാണ്.
ഇതുപോലൊരു പബ്ലിക് പ്ലാറ്റ്ഫോമില്‍ ഇക്കാര്യം പറയണമെന്ന് കരുതിയതല്ല. പക്ഷെ എന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ഭര്‍ത്താക്കന്മാരുണ്ടാവും. അമ്മയെയും, ഭാര്യയെയും കൈവിടാന്‍ കഴിയില്ല. അതേ സമയം രണ്ട് പേര്‍ക്കുമിടയില്‍ നില്‍ക്കുന്ന അവസ്ഥ വളരെ മോശവുമാണ്.
പുറത്ത് നിന്ന് ആര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത, അവര് പരസ്പരം മനസ്സിലാക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളു. അത് ഇതോടെ അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു. പുറത്തു വരുന്നത് സീക്രട്ട് ഏജന്റ് ആയിരിക്കില്ല. അമ്മയുടെ കണ്ണനായിരിക്കും. ഞാന്‍ കുറേ മോശമായി ജീവിച്ച ആളാണ്. അതൊക്കെ മാറ്റി. ഇനി സീക്രട്ട് ഏജന്റ് ആയിരിക്കില്ലെന്നും അമ്മയുടെ കണ്ണനായിരിക്കുമെന്നും സായി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications