മായ ജീവിക്കുന്ന ചുറ്റുപാട് ഞാനാണ് കണ്ടത്, വിഷ്ണുവിന് ചികിത്സയ്ക്ക് പണമില്ലാതിരുന്നതിന് കാരണം: സീമ ജി നായർ
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നടി സീമ ജി നായർ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർക്ക് സഹായം നൽകിയിട്ടുണ്ട്. ചികിത്സാ സഹായം, വീട് വെച്ച് കൊടുക്കൽ തുടങ്ങിയവയ്ക്ക് ധനസമാഹരണം നടത്തുന്ന സീമയ്ക്ക് ഒരുപാട് പേരെ സഹായിക്കാനായി. അഭിനേതാക്കളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ സീമ. കെെരളി ടിവിയോടാണ് പ്രതികരണം.
ഉയർന്ന പൊസിഷനിൽ നിൽക്കുന്ന ആർട്ടിസ്റ്റുകളൊഴിച്ച് ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന ആരുടെയും ജീവിതം അത്രയ്ക്കും സുരക്ഷിതമാണെന്ന് നമുക്കൊരിക്കലും പറയാൻ പറ്റില്ല. ഒരു കാലത്ത് സലീമേട്ടന് (സലിം കുമാർ) ഭയങ്കര ഡിമാന്റഡ് ആയിരുന്നു. ഷാജോൺ ഡിമാന്റുള്ളയായിരുന്നു. അവർക്ക് ഡിമാന്റുള്ള സമയമുണ്ട്. അവർക്ക് ആ സമയത്ത് ചോദിക്കുന്ന പെെസ കിട്ടും. അങ്ങനെ പെെസ കിട്ടിയവർ ജീവിതം നേരെയാക്കിയിട്ടുണ്ട്. കൂടുതലും ആ ഭാഗ്യം കിട്ടിയിട്ടുള്ളത് ആണുങ്ങൾക്കാണ്.

അതേ ക്യാരക്ടേർസ് സ്ത്രീകളിലേക്ക് വന്നാൽ ഒരിക്കലും ഇത്ര ലക്ഷം വേണമെന്ന് ഡിമാന്റ് ചെയ്യാൻ പറ്റില്ല. അവർ തീരുമാനിച്ച പെെസയുണ്ട്. കാരണം നമ്മൾക്ക് ഡിമാന്റില്ല. ഈ സിനിമയിൽ വേണമെന്ന് ആർക്കും ആഗ്രഹമില്ല. സീമയില്ലെങ്കിൽ അടുത്ത പത്ത് ആളുണ്ട്. മലയാള സിനിമാ, സീരിയൽ രംഗത്തുള്ളവർ കൊട്ടക്കണക്കിന് പെെസയുണ്ടാക്കി വീടും ഫ്ലാറ്റും മേടിച്ചിട്ടിരിക്കുകയാണെന്ന ധാരണ പുറത്ത് നിന്നുള്ളവർക്കുണ്ട്. അത് ശരിയായ ധാരണയേ അല്ലെന്നും സീമ ജി നായർ പറയുന്നു. നടി മായ കൃഷ്ണനെ വീട് വെക്കാൻ സഹായിച്ചതിനെക്കുറിച്ചും സീമ ജി നായർ സംസാരിച്ചു.
മായ കൃഷ്ണന്റെ ഒരു പരിപാടി പോലും ഞാൻ കണ്ടിരുന്നില്ല. ആർട്ടിസ്റ്റ് വിജയകുമാരിയാണ് എന്നെ വിളിച്ച് മായ പാവം കുട്ടിയാണെന്നും വീടില്ലെന്നും ഭയങ്കരമായി ബുദ്ധിമുട്ടുന്നുണ്ടെന്നും പറഞ്ഞത്. ആദ്യം ഞാൻ നോ ആണ് പറഞ്ഞത്. മരിച്ച് പോയ നാടക കലാകാരന്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കണം. അപ്പോൾ ഇത് ചിന്തിക്കാനേ പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ എന്ത് അത്ഭുതമാണെന്ന് അറിയില്ല. സ്ഥലം ആദ്യം വാങ്ങിച്ചതും വീട് വെച്ചതും മായക്കാണ്. ആ കുട്ടിക്ക് ആ സമയത്ത് ഒരു വീടുണ്ടാകണമെന്ന വിധിയുണ്ട്.

അതൊക്കെ ഒരു നിയോഗമാണ്. ആ നിയോഗത്തിലൂടെ വന്ന് പോകുന്ന കാര്യങ്ങളാണ്. പുറമേ നിന്ന് കാണുന്നവരുടെ വിചാരം അഭിനയിച്ചാൽ ലക്ഷങ്ങൾ കിട്ടുമെന്നാണ്. ഒരു ദിവസത്തെയോ രണ്ട് ദിവസത്തെയോ ഷൂട്ടിലാണ് ഇത്രയും സ്കിറ്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അതിൽ നിന്ന് എത്ര കിട്ടുമെന്ന് വ്യക്തമായി എനിക്കറിയാം. എപ്പോഴും ടിവി തുറന്നാൽ മായ കൃഷ്ണനാണ്, അവളേക്കാളും ഗതികെട്ടാണ് മറ്റുള്ളവർ കിടക്കുന്നതെന്ന് ആൾക്കാർക്ക് ചോദിക്കാം. മായയുടെ ഗതികേട് ഞാനല്ലേ കണ്ടത്.
മായ ജീവിക്കുന്ന ചുറ്റുപാട് ഞാനാണ് കണ്ടത്. അത് കൊണ്ടാണ് എനിക്ക് മായക്ക് വേണ്ടി അത് ചെയ്ത് കൊടുക്കാൻ പറ്റിയത്. നാട്ടുകാർ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റില്ലെന്നും സീമ ജി നായർ വ്യക്തമാക്കി. അടുത്തിടെ മരിച്ച നടൻ വിഷ്ണു പ്രസാദിന് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് പണമില്ലാതിരുന്നതിനെക്കുറിച്ചും സീമ സംസാരിച്ചു.
ഒരു ലിവർ ട്രാൻസ്പ്ലാന്റേഷന് നല്ല ആശുപത്രിയിൽ ചെന്നാൽ മിനിമം 40 ലക്ഷം ആകും. എല്ലാം കൂടെ 50-60 ലക്ഷം രൂപ കെെയിൽ കരുതണം. വിഷ്ണുവിന് രണ്ട് മക്കളുണ്ട്. അവരെ പഠിപ്പിക്കണം, വീടിന്റെ വാടക കൊടുക്കണം, ചെലവുകൾ നോക്കണം. ചെറിയ കാര്യമല്ല അതൊന്നുമെന്നും സീമ ജി നായർ പറഞ്ഞു.


Click it and Unblock the Notifications











