'മറ്റൊരാളെ സഹായിക്കാനുള്ള ശ്രമത്തിലായിരുന്നു; നീ സ്വർഗത്തിൽ പിറന്നാൾ ആഘോഷിക്കുകയാണെന്നറിയാം'
അന്തരിച്ച നടി ശരണ്യയെക്കുറിച്ചോർത്ത് നടി സീമ ജി നായർ. ശരണ്യയുടെ ജന്മ ദിനമായിരുന്നു ഇന്നെന്ന് സീമ ജി നായർ ചൂണ്ടിക്കാട്ടുന്നു. ഒരാൾക്ക് ചികിത്സാ സഹായമെത്തിക്കാനുള്ള പോസ്റ്റ് ഇടേണ്ടി വന്നത് കൊണ്ടാണ് ശരണ്യക്ക് വെെകുന്നേരം പിറന്നാളാശംസ അറിയിക്കുന്നതെന്ന് സീമ ജി നായർ പറയുന്നു.
'ഗുഡ് ഈവിനിംഗ്. ഇന്ന് നിന്റെ പിറന്നാളാണ്. മാർച്ച് 15 (മീനം 1). രാവിലെ ഇടേണ്ട പോസ്റ്റാണ്. ഇന്നലെ നിന്റെ ചേച്ചിയമ്മ ഒരു പോസ്റ്റിട്ടിരുന്നു രെഞ്ചുവിന് സഹായം ചോദിച്ചുകൊണ്ട് ,അതിന്റെ ബാക്കി എന്നോണം ഇന്നൊരു പോസ്റ്റ് രാവിലെ പോകേണ്ടി വന്നു ,അതുകൊണ്ട് നിനക്കുള്ള പിറന്നാൾ ആശംസ വൈകി നീ പിണങ്ങില്ല എന്നറിയാം കാരണം മറ്റൊരാളെ സഹായിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു നിന്റെ ചേച്ചിയമ്മ , ഹാപ്പി ബർത്ത്‍ഡേ മോളേ... നീ സ്വർഗത്തിൽ ഇരുന്നു പിറന്നാൾ ആഘോഷിക്കുകയാണെന്നറിയാം. മിസ് യു, ലവ് യു' എന്നാണ് സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ്.

ട്യൂമർ ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു ശരണ്യ. സീരിയൽ രംഗത്ത് സജീവമായിരുന്ന കാലത്താണ് അസുഖം ബാധിക്കുന്നത്. ഒന്നിലേറ തവണ സർജറിയുണ്ടായി. 2021 ൽ തന്റെ 35ാം വയസിലാണ് ശരണ്യ ലോകത്തോട് വിട പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ശരണ്യക്ക് താങ്ങായത് അമ്മ ഗീതയും സീമ ജി നായരുമാണ്.. ശരണ്യയുടെ മരണം ഗീതയെ മാനസികമായി ഏറെ ബാധിച്ചു. ഇന്നും മകളെക്കുറിച്ച് കണ്ണീരോടെയാണ് ഗീത സംസാരിക്കാറുള്ളത്. സീമ ജി നായരെ ചേച്ചിയുടെ സ്ഥാനത്താണ് ശരണ്യ കണ്ടിരുന്നത്.


Click it and Unblock the Notifications















