പ്രസവശേഷം പോലും വിശ്രമിക്കാതെ തട്ടിൽ കയറി, നഷ്ടത്തിന്റെ ആഴം മനസിലാക്കിയപ്പോൾ...; സീമ ജി നായരുടെ കുറിപ്പ്!
സിനിമ-സീരിയൽ മേഖലയിൽ വളരെ വർഷങ്ങളായി ജീവമാണ് സീമ ജി നായർ. തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്കാണ് സീമ ഉപയോഗിക്കുന്നത്. അമ്മയാണ് കാരുണ്യപ്രവർത്തനങ്ങളിലേക്ക് തിരിയാൻ നടിയ്ക്ക് മാതൃകയായത്. കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു സീമയുടെ അമ്മ. ആ കല തന്നെയാണ് പിന്നീട് മക്കൾക്കും പകർന്ന് കിട്ടിയത്. അമ്മയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സീമയുടെ തൊണ്ടയിടറുന്നതും കണ്ണുകൾ ഈറനണിയുന്നതും പ്രേക്ഷകർ പലപ്പോഴും കണ്ടിട്ടുള്ളതാണ്.
അമ്മയുടെ വേർപാടിന് മുപ്പത്തൊന്ന് വയസാകുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ. അമ്മ ഇല്ലാതായപ്പോഴാണ് ആ നഷ്ട്ടം ഒരിക്കലും നികത്താൻ പറ്റാത്തതാണെന്ന് താൻ മനസിലാകുന്നതെന്ന് സീമ കുറിച്ചു. ഇന്ന് എന്റെ അമ്മ പോയിട്ട് 31 വർഷം ആവുന്നു. എത്ര പെട്ടന്ന് കടന്നുപോകുന്നു വർഷങ്ങൾ.

ഒന്നും എഴുതാൻ പറ്റുന്നില്ല. ഓരോന്നും നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ആഴം എത്രത്തോളമാണെന്നും അതിന്റെ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ലയെന്നും മനസിലാകുന്നത്. ജീവിതത്തിൽ അനുഭവങ്ങൾ ഏറിയപ്പോൾ അതൊന്ന് ഇറക്കിവെക്കാൻ നെഞ്ചിൽ ഒന്ന് തല ചായ്ക്കാൻ അമ്മ ഉണ്ടായിരുന്നുവെങ്കിലെന്ന് എത്രയോ വട്ടം ആഗ്രഹിച്ചു. ഒരു വട്ടം കൂടി ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് എത്രവട്ടം കൊതിച്ചു.
എല്ലാം ആഗ്രഹിക്കാനല്ലെ പറ്റു. പണ്ടൊന്നും അങ്ങനെ ഒരുമിച്ചുള്ള ഫോട്ടോകൾ ഒന്നും ഉണ്ടായിരുന്നില്ല. സൂക്ഷിച്ചുവെക്കാൻ അറിയില്ല. സൂക്ഷിച്ചതൊക്കെ ചീത്തയായി പോയിരുന്നു. ഈ ഫോട്ടോ പ്രിയപ്പെട്ട വിജീഷ് എനിക്ക് ചെയ്ത് തന്നതാണ്. വിജീഷ് നിന്നോട് ഒരുപാട് നന്ദിയുണ്ട്. ഇന്ന് ബലിയിട്ടതിനുശേഷം ഗുരുവായൂർ സാന്ദീപനീയിലേക്ക് പോകണം. പ്രിയപ്പെട്ട അമ്മമാരോടൊപ്പം ഒരു പിടി ചോറുണ്ണണം.
അത് കണ്ട് അമ്മ സന്തോഷിക്കുന്നുണ്ടാവും. ഞാനല്ലേ പോന്നുള്ളൂ... എന്റെ സീമ മോന് എത്ര അമ്മമാരാണ് ഉളളതെന്ന് എന്റെ അമ്മ കാണുന്നുണ്ടാവും എല്ലാം... എല്ലാം. വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നു ഒന്ന് കാണാൻ എന്നാണ് സീമ കുറിച്ചത്. നാടകരംഗത്തായിരുന്നു സീമയുടെ അമ്മ സജീവമായിരുന്നത്. ഒമ്പത് വയസ് മുതൽ അഭിനയിച്ച് തുടങ്ങി.
സീമ അടക്കം മൂന്ന് മക്കളായിരുന്നു. അമ്മയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. അതുകൊണ്ട് തന്നെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു സീമയുടെ കുട്ടിക്കാലം. പ്രസവശേഷം പോലും വിശ്രമിക്കാതെ തട്ടിൽ കയറി നാടകം കളിച്ച അമ്മയെ പറ്റി സീമ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. മക്കളേയും കൊണ്ടായിരുന്നുവത്രെ അഭിനയിക്കാൻ പോയിരുന്നത്.

സ്റ്റേജിന് അരികിൽ തൊട്ടിൽ കെട്ടി തങ്ങളെ സുരക്ഷിതമായി കിടത്തിയിട്ടാണ് അമ്മ നാടകം ചെയ്തിരുന്നതെന്നും സീമ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. കല ജീവിതമാർഗമാക്കിയാലുള്ള ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ടാകും തന്റെ മക്കൾ കലയിലേക്ക് വരരുതെന്ന് ആ അമ്മ ആഗ്രഹിച്ചിരുന്നു.
എന്നാൽ രക്തത്തിൽ അലിഞ്ഞ് ചേർന്ന കല പിന്നീട് സീമയേയും അമ്മയുടെ അതേ മർഗത്തിലൂടെ അഭിനയത്തിലേക്ക് എത്തിച്ചു. അമ്മയുടെ അനുവാദമില്ലാതെ കൊച്ചിൻ സംഘമിത്രയിൽ ചേർന്ന് നാടകത്തിൽ അഭിനയിച്ചപ്പോൾ അമ്മ പൊട്ടിത്തെറിച്ചതിനെ കുറിച്ച് സീമ തന്നെ പറഞ്ഞിട്ടുണ്ട്. മക്കൾ അഭിനയത്തിലേക്ക് വരുന്നതിനോട് താൽപര്യമില്ലായിരുന്നുവെങ്കിലും ഒരിക്കൽ പോലും അഭിനയത്തിൽ നിന്നും സീമയെ അമ്മ വിലക്കിയിട്ടില്ല. അമ്പത്തിരണ്ട് വർഷത്തോളം സീമയുടെ അമ്മ അഭിനയത്തിൽ സജീവമായിരുന്നു.
അർബുദം ബാധിച്ച് സർജറി കഴിഞ്ഞ് വിശ്രമിക്കുന്ന അവസ്ഥയിലും കഥാപാത്രം ചെയ്യാൻ ആളില്ലാതെ വന്നപ്പോൾ തനിക്കും സഹപ്രവർത്തകർക്കും വേണ്ടി തട്ടിൽ കയറി അഭിനയിച്ച അമ്മയേയും രക്തം പുരണ്ട വസ്ത്രവുമായി നിൽക്കുന്ന രംഗവും ഇന്നും സീമയ്ക്ക് മറക്കാനാവില്ല. അമ്മയുമായി തന്നെ സാമ്യപ്പെടുത്തുന്നത് കേൾക്കാനാണ് തനിക്ക് എന്നും സന്തോഷമെന്നും സീമ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











