കരൾ പകുത്ത് നൽകാൻ തയ്യാറായ മകളെയും കണ്ടു! ജീവിക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു, ഞങ്ങൾക്ക് പ്രതീക്ഷയും; സീമ
വീണ്ടും മലയാളക്കരയ്ക്ക് വേദന നല്‍കുന്നൊരു വിയോഗ വാര്‍ത്ത വന്നിരിക്കുകയാണ്. സിനിമാ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കരള്‍ രോഗബാധിതനായ വിഷ്ണു ചികിത്സയിലായിരുന്നു. കരള്‍ മാറ്റി വെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായി. അതിന് പണം സംഘടിപ്പിക്കുന്നതിനിടയിലാണ് നടന്റെ അപ്രതീക്ഷിത വിയോഗമുണ്ടാവുന്നത്.
സിനിമയിലെയും സീരിയലിലെയും സുഹൃത്തുക്കളൊക്കെ വിഷ്ണുവിന് ആദാരഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു. കൂട്ടത്തില്‍ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സീമ ജി നായരുമുണ്ട്. വിഷ്ണുവിനെ അവസാനമായി ഹോസ്പിറ്റലില്‍ പോയി കണ്ടതും അവിടെ നടന്നതുമായ സംഭവങ്ങളെ കുറിച്ചായിരുന്നു സീമ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.

'വിഷ്ണു പ്രസാദ് വിട പറഞ്ഞു. എത്രയോ വര്‍ഷത്തെ ബന്ധം. എന്റെ അപ്പൂ 6 മാസം ആയപ്പോള്‍ തുടങ്ങിയ ബന്ധം. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയല്‍ ഗോകുലത്തില്‍ എന്റെ ബ്രദര്‍ ആയി അഭിനയിക്കാന്‍ വരുമ്പോള്‍ തുടങ്ങിയ ബന്ധം. അപ്പുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ആ സെറ്റില്‍ വെച്ചായിരുന്നു. എല്ലാവര്‍ക്കും തിരക്കേറിയപ്പോള്‍ കാണല്‍ കുറവായി. കഴിഞ്ഞ ആഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി അവനെ കണ്ടു. ഞാന്‍ കുറെ കോമഡിയൊക്കെ പറഞ്ഞു.
ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല ചിരി ആയിരുന്നു. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന്. കൂടെ ആശ്വാസം ആയി തന്നെ നില്‍ക്കാനാണ് പോയതും. കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായ മകളെയും കണ്ടു. വീണ്ടും വരാമെന്ന് പറഞ്ഞിറങ്ങുമ്പോള്‍ അവന്‍ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല.
ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ കവിതയെ (ഭാര്യ)യെ വിളിച്ചു സത്യം ആണോന്നറിയാന്‍. അപ്പുറത്തു കരച്ചില്‍ ആയിരുന്നു മറുപടി. പെങ്ങള്‍ വരാന്‍ വേണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റന്നാള്‍ ആയിരിക്കും അടക്കം. എനിക്കാണെങ്കില്‍ ഇന്നും, നാളെയും വര്‍ക്കും. അവസാനം ആയി ഒരു നോക്ക് കാണാന്‍ കഴിയാതെ പോകുന്നു... വിഷ്ണു വിട!' എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നടന്‍ കിഷോര്‍ സത്യയായിരുന്നു വിഷ്ണുവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച് ആദ്യം എത്തിയത്. 'പ്രിയപ്പെട്ടവരേ, ഒരു സങ്കട വാര്‍ത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാജ്ഞലികള്‍... അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.' എന്നായിരുന്നു കിഷോര്‍ പറഞ്ഞത്.
മുന്‍പ് വിഷ്ണു പ്രസാദിന് സുഖമില്ലെന്നും അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കണമെന്ന ആവശ്യവുമായിട്ടും കിഷോര്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു. കരള്‍ സംബന്ധമായ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ജീവന് പോലും ഭീഷണിയായ അവസ്ഥയിലൂടെയായിരുന്നു നടന്‍ കടന്ന് പോയി കൊണ്ടിരുന്നത്. കരള്‍ മാറ്റി വെക്കലല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. അങ്ങനെ കരള്‍ കൊടുക്കാന്‍ സന്നദ്ധയാണെന്ന് നടന്റെ മകളും പറഞ്ഞിരുന്നു.
എന്നാല്‍ ഈ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള്‍ വേണ്ടി വരുമായിരുന്നു. അത് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. പക്ഷേ മറ്റുള്ളവരുടെ കാരുണ്യത്തിന് കാത്ത് നില്‍ക്കുന്നതിന് മുന്‍പ് വിഷ്ണു ഈ ലോകം വിട്ട് പോവുകയായിരുന്നു. നടന്റെ വിയോഗമറിഞ്ഞ് സിനിമാ, സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം ആദരാജ്ഞലികള്‍ നേര്‍ന്ന് കൊണ്ട് എത്തുകയാണിപ്പോള്‍.


Click it and Unblock the Notifications











