ട്രാൻസ് വുമണായല്ല സീമയെ കാണുന്നത്, പങ്കാളി പ്രതീക്ഷിക്കുന്ന കുറേ കാര്യങ്ങളുണ്ടാകും; നിഷാന്തും സീമയും പറയുന്നു
മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹ ജീവിതത്തിലേക്ക് കടന്നിട്ട് കുറച്ച് ദിവസങ്ങളായതേയുള്ളൂ. നിഷാന്ത് എന്നാണ് സീമയുടെ ഭർത്താവിന്റെ പേര്. വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ സീമയും നിഷാന്തും. സോഷ്യൽ മീഡിയയിൽ വന്ന ചോദ്യങ്ങൾ സീമയുടെ യൂട്യൂബ് ചാനൽ വഴി മറുപടി നൽകുകയായിരുന്നു ഇരുവരും.
താൻ ട്രാൻസ് മെൻ അല്ലെന്ന് നിഷാന്ത് പറയുന്നുണ്ട്. ഞാൻ ട്രാൻസ് വുമണായി ഇവളെ കണ്ടിട്ടില്ല. ആണെന്ന് അറിയാമായിരുന്നു. പിന്നെ ഇഷ്ടമല്ലേ. ആരോടും തോന്നാമല്ലോ. വിവാഹക്കാര്യം ആദ്യം വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നെന്ന് നിഷാന്ത് പറയുന്നുണ്ട്. എന്റെ വേണ്ടപ്പെട്ടവരോടാണ് ആദ്യം പറഞ്ഞത്. അവർ സ്വാഭാവികമായും എതിർത്തു. പിന്നെ എന്റെ പാരന്റ്സിനോട് പറഞ്ഞു. അവർ എന്റെ അഭിപ്രായവും ഇഷ്ടവും നോക്കി. അവർ എന്റെ ഇഷ്ടങ്ങൾക്ക് വാല്യു തരുന്നവരാണ്.

മറ്റുള്ളവരുടെ കാര്യം നോക്കേണ്ട, നിന്റെ ഇഷ്ടത്തിന് കാര്യങ്ങൾ പോട്ടെ എന്ന് പറഞ്ഞു. അതിന് ശേഷം ആദ്യം എതിർത്തവരും അനുകൂലിച്ചു. ആദ്യത്തെ മറ്റൊരു വിവാഹത്തിലാണെങ്കിലും വരുമല്ലോയെന്നും നിഷാന്ത് ചൂണ്ടിക്കാട്ടി. ഭാവി തീരുമാനങ്ങളെന്തെന്ന ചോദ്യത്തിനും നിഷാന്ത് മറുപടി നൽകി. ഭാവി നമുക്ക് പറയാൻ പറ്റില്ല. പ്ലാൻ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല. കുറച്ച് കാര്യങ്ങൾ നമുക്ക് പ്ലാൻ ചെയ്ത് വെക്കാം. ബാക്കിയെല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നും നിഷാന്ത് പറയുന്നു.
ഭർത്താവിന്റെ വീട്ടിൽ തനിക്ക് സന്തോഷകരമായ അനുഭവങ്ങളായിരുന്നെന്നും സീമ പറയുന്നു. ഞാൻ വിചാരിച്ചത് പോലെയല്ല. വേറൊരു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അവർ നമ്മളോട് എങ്ങനെയാണ് സംസാരിക്കുക എന്നെല്ലാം തോന്നിയിരുന്നു. എന്റെ കുറേ ഫ്രണ്ട്സ് പറഞ്ഞിട്ടുണ്ടായിരുന്നു. ചിലപ്പോൾ നിന്നെ തുറിച്ച് നോക്കുമായിരിക്കും, അടിമുടി നോക്കുമായിരിക്കും എന്നെല്ലാം പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. ജെനുവിനായാണ് എല്ലാവരും എന്നോട് പെരുമാറിയത്. ഭർത്താവിന്റെ വീട്ടിലും തന്റെ വീട്ടിലുമായിട്ടായിരിക്കും ഇനി നിൽക്കുക.

കുഞ്ഞിനെ ദത്തെടുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. കുറച്ച് സമയം കൊഞ്ചിക്കാനും ലാളിക്കാനും എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്. പക്ഷെ അഡോപ്ഷനിലേക്ക് തൽക്കാലമില്ലെന്നും സീമ വിനീത് വ്യക്തമാക്കി. ട്രാൻസ് വുമണായതിനാൽ ഈ ബന്ധത്തിൽ ചലഞ്ചിംഗ് ആയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സീമ വിനീത് പറയുന്നു.
കാരണം നമ്മൾ ഒരു റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ പങ്കാളി പ്രതീക്ഷിക്കുന്ന കുറേ കാര്യങ്ങളുണ്ടാകും. അതെങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് പഠിച്ചു. ഒരു ട്രാൻസ് വുമണെന്ന് പറയുമ്പോൾ പല ആൾക്കാർക്കും പല കാഴ്ചപ്പാടുകളുണ്ട്. അതൊക്കെ പറഞ്ഞ് മനസിലാക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെന്നും സീമ വിനീത് തുറന്ന് പറഞ്ഞു.
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിവാഹങ്ങളിലൊന്നായിരുന്നു സീമയുടേത്. ആഗ്രഹിച്ചത് പോലെ വേണ്ടപ്പെട്ടവരുടെ സമ്മതത്തോടെ വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് സീമ വിനീത് അന്ന്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ സോഷ്യൽ മീഡിയയിലൂടെ വൻ ജനപ്രീതി നേടിയ വ്യക്തിയാണ്. ട്രാൻസ് വുമണായ സീമയ്ക്ക് പലപ്പോഴും പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/seemavineeth നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)


Click it and Unblock the Notifications











