ഒരുമിച്ച് എടുത്ത തീരുമാനം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; വിവാഹമോചനം പ്രഖ്യാപിച്ച് സീരിയൽ നടൻ ഷിജു എആർ!
മുപ്പത് വർഷത്തിനടുത്തായി മലയാള സിനിമ-സീരിയൽ രംഗത്ത് സജീവമാണ് നടൻ ഷിജു എആർ. സീരിയൽ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്ന നടനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് താരം ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരിക്കാൻ എത്തിയശേഷമാണ്. സീസൺ അവസാനിച്ചപ്പോൾ ഫോർത്ത് റണ്ണറപ്പായിരുന്നു താരം. ബിഗ് ബോസിനുശേഷം സീരിയൽ മേഖലയിലാണ് ഷിജു സജീവം.
സോഷ്യൽമീഡിയയിൽ സജീവമായ നടൻ പങ്കുവെച്ച പുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. താനും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്നാണ് കുറിപ്പിലൂടെ നടൻ അറിയിച്ചിരിക്കുന്നത്. വേർപിരിയാമെന്നത് ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഷിജു കുറിച്ചു.

പ്രീതി പ്രേമും ഞാനും ഇപ്പോൾ ഔദ്യോഗികമായി വിവാഹമോചിതരായെന്ന് അറിയിക്കുന്നതിനായാണ് ഈ കുറിപ്പ് എഴുതിയത്. ഞങ്ങൾ പരസ്പര ബഹുമാനത്തോടെ വേർപിരിയാൻ തീരുമാനിച്ചു. പക്ഷെ നല്ല സുഹൃത്തുക്കളായി ഞങ്ങൾ പരസ്പരം ബഹുമാനത്തോടെ മുന്നോട്ട് പോകും. പക്വതയോടെയും മനസിലാക്കലോടെയും പരസ്പര സമ്മതത്തോടെയുമാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്.
ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ വ്യക്തിഗത പാതകളിൽ ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ നിങ്ങൾ അത് മനസിലാക്കുന്നതിനും പിന്തുണയ്ക്കും നന്ദി എന്നാണ് ഷിജു കുറിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഒരു മകളാണ് ദമ്പതികൾക്കുള്ളത്.
നടൻ ബിഗ് ബോസിലായിരുന്നപ്പോൾ ഫാമിലി റൗണ്ടിന്റെ ഭാഗമായി ഷിജുവിന്റെ കുടുംബം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. ബിഗ് ബോസ് ഷോയിൽ ഭാഗമായശേഷം അധികം നെഗറ്റീവ് ഇമേജ് സമ്പാദിക്കാതെ പുറത്ത് വരാൻ ഷിജുവിന് സാധിച്ചു. പ്രീതിയും ഷിജുവും പ്രണയിച്ച് വിവാഹിതരായവരാണ്. ഷിജുവിന്റേത് ലേറ്റ് മാരേജുമായിരുന്നു. ഷിജു പ്രീതിയെ ആദ്യമായി കാണുന്നത് ആകാശത്ത് വെച്ചാണ്.
പ്രീതി അന്ന് എയർഹോസ്റ്റസായി ജോലി ചെയ്യുകയായിരുന്നു. ഫ്ലൈ ചെയ്യുന്ന സമയത്ത് ചെന്നൈ എയർപോട്ടിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. പുള്ളി അന്ന് സജീവമായി അഭിനയരംഗത്തുണ്ട്. അദ്ദേഹം നടനാണെന്ന് എനിക്ക് അറിയാമായിരുന്നു. ഇഷ്ടമാണ് നൂറുവട്ടമെന്ന അദ്ദേഹത്തിന്റെ സിനിമ ഞാൻ കണ്ടത് സ്കൂളിൽ പഠിക്കുന്ന സമയത്താണ്. അന്ന് തൊട്ട് പുള്ളിയെ ഇഷ്ടമായിരുന്നു. മന്ദാരം സീരിയലും കണ്ടിട്ടുണ്ടായിരുന്നു.

അന്ന് മുടി വളർത്തിയിരുന്നതുകൊണ്ട് തന്നെ സുന്ദരനായിരുന്നു പ്രീതി പറയുന്നു. കുവൈറ്റിൽ ജനിച്ച് വളർന്നതുകൊണ്ട് മലയാളം പ്രീതിക്ക് അത്ര അനായാസം വഴങ്ങുകയില്ല. ബിരുദം പ്രീതി പഠിച്ചത് തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിലാണ്. പിന്നീട് വാഷിങ്ടണ്ണിൽ പോയി നിയമപഠനവും പൂർത്തിയാക്കി. പ്രീതിയുടെ പിതാവ് ഡിജിസിഐയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് എയർഹോസ്റ്റസാകാനുള്ള മോഹം പ്രീതിയുടെ ഉള്ളിൽ മുളയ്ക്കുന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷിജുവിന്റേയും പ്രീതിയുടേയും മകൾ മുസ്കാൻ. പതിനാറ് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഷിജുവാണ് ആദ്യം എന്ന പ്രപ്പോസ് ചെയ്തത്. അതിന്റെ ഗമ എനിക്ക് ഇപ്പോഴുമുണ്ട്. കാരണം ഞാൻ അങ്ങോട്ട് പോയില്ലല്ലോ. അദ്ദേഹം പ്രപ്പോസ് ചെയ്തശേഷം മറുപടി പറയാൻ ഒരു ദിവസം ഞാൻ സമയം ചോദിച്ചിരുന്നു. വളരെ ഫാമിലി ഓറിയന്റഡാണ് ഷിജു.
ബിഗ് ബോസിൽ പോയശേഷം അദ്ദേഹം ഏറ്റവും കൂടുതൽ സംസാരിച്ചതും എന്നേയും മകളേയും കുറിച്ചാണ് എന്നാണ് രണ്ട് വർഷം മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ഷിജുവിന്റെ മുൻ ഭാര്യ പ്രീതി പ്രണയകഥ പങ്കുവെച്ച് പറഞ്ഞത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന അകലെ എന്ന സീരിയലിലാണ് ഷിജു ഇപ്പോൾ അഭിനയിക്കുന്നത്.


Click it and Unblock the Notifications











